സൂപ്പർ കപ്പിന്റെ ആവേശത്തിലാണെങ്കിലും കേരള ബ്ലാസ്റ്റേഴ്സ് നിലവിൽ പല താരങ്ങളുമായി കരാർ പുതുക്കുന്നതിന്റെ തിരക്കിലാണ്.ഈ സീസണോടെ കരാർ അവസാനിക്കുന്ന ലൂണയുടെയും ദിമിത്രിയോസിന്റെയും കരാർ ഇതിനകം ബ്ലാസ്റ്റേഴ്‌സ് പുതുക്കിക്കഴിഞ്ഞു.
കൂട്ടത്തിൽ പരിക്കേറ്റ് പുറത്തായിരിക്കുന്ന തങ്ങളുടെ തന്നെ താരങ്ങളെയും ക്യാമ്പിൽ തിരികെയെത്തിക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമം തുടങ്ങിയിട്ടുണ്ട്.ഇതിൽ പ്രധാനി ഓസ്ട്രേലിയൻ താരം ജോഷ്വാ സോറ്റിരിയോ ആണ്.ലൂണയൂടെ അഭാവത്തിൽ താരത്തെ വീണ്ടും ടീമിലെത്തിക്കാനാണ് ബ്ലാസ്റ്റേഴ്‌സ് ശ്രമം.
കഴിഞ്ഞ ജനുവരിയിലാണ് രണ്ടു വർഷത്തെ കരാറിൽ സോറ്റിരിയോയെ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചത്.ഓസ്‌ട്രേലിയന്‍ എ-ലീഗ് ക്ലബായ ന്യൂകാസില്‍ ജെറ്റ്‌സില്‍ നിന്നാണ് ജോഷ്വയെ ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ ക്ലബ് വിട്ട ഓസ്‌ട്രേലിയന്‍ താരം ഗിയാന്നു അപ്പോസ്തലോസിനു പകരക്കാരനായാണ് ഓസ്‌ട്രേലിയന്‍ വിങ്ങറെ ബ്ലാസ്‌റ്റേഴ്‌സ് ടീമില്‍ എത്തിച്ചത്.
എന്നാൽ താരത്തിന് പ്രീ സീസണിൽ പരിക്കേറ്റതോടെ നാട്ടിലേക്കു തന്നെ മടങ്ങേണ്ടിയും വന്നിരുന്നു.ഇതോടെയാണ് മുന്നേറ്റത്തിൽ ദിമിത്രിയോസ് ഡയമെന്റകോസിനൊപ്പം ഘാന താരം പെപ്രയെ ബ്ലാസ്‌റ്റേഴ്‌സ് കൊണ്ടുവന്നത്.എന്നാൽ ജോഷ്വാ നിലവിൽ പരിക്കിൽ നിന്ന് മുക്തനാണ്. രണ്ട് കൊല്ലത്തെ കരാറും ബ്ലാസ്റ്റേഴ്‌സുമായി അദ്ദേഹത്തിനുണ്ട്.ഇതോടെയാണ് താരത്തെ തിരികെ ടീമിലെത്തിക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമം തുടങ്ങിയത്.
എ-ലീഗില്‍ ന്യൂകാസില്‍ ജെറ്റ്‌സിനു വേണ്ടി 23 മത്സരങ്ങള്‍ കളിച്ച താരം മൂന്നു ഗോളുകളും നാല് അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. അതിനു മുമ്പ് വെസ്‌റ്റേണ്‍ സിഡ്‌നി വാണ്ടറേഴ്‌സിനായും വെല്ലിങ്ടണ്‍ ഫീനിക്‌സിനായും കളിച്ചിട്ടുണ്ട്. വാണ്ടറേഴ്‌സിനു വേണ്ടി 90 മത്സരങ്ങളില്‍ നിന്ന് 12 ഗോളുകളും രണ്ട് അസിസ്റ്റുകളും ഫീനിക്‌സിനു വേണ്ടി 66 മത്സരങ്ങളില്‍ നിന്ന് 16 ഗോളുകളും അഞ്ച് അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. ഓസ്‌ട്രേലിയന്‍ അണ്ടര്‍-20, അണ്ടര്‍-23 ടീമുകളുടെയും ഭാഗമായിട്ടുള്ള താരമാണ് ജോഷ്വ.
സൂപ്പർ കപ്പിന് ശേഷം ഐഎസ്എൽ വീണ്ടും പുനരാരംഭിക്കുമ്പോഴേക്കും ജോഷ്വാ ടീമിനൊപ്പം ചേരുമെന്നാണ് ലഭിക്കുന്ന വിവരം.നിലവിൽ വിദേശ താരങ്ങളായ ലെസ്കോവിച്, ഡ്രിഞ്ചിച്, ഡെയ്സുകെ, പെപ്ര, ദിമി എന്നിവര്‍ ടീമിലുണ്ട്.ഒരേസമയം അഞ്ച് വിദേശതാരങ്ങൾക്കു മാത്രമാണ് കളിക്കാൻ അവസരം.
ഇതിനിടെ കേരള ബ്ലാസ്റ്റേഴ്സ് മധ്യനിരതാരം ഫ്രെഡിയും പരിക്ക് മാറി പരിശീലനം പുനരാരംഭിച്ചതായാണ് വിവരം. ബൈക്ക് അപകടം കാരണം നവംബര്‍ മുതല്‍ ഫ്രെഡി വിശ്രമത്തില്‍ ആയിരുന്നു.താരം ഐ എസ് എല്‍ പുനരാരംഭിക്കുമ്ബോഴേക്ക് പൂര്‍ണ്ണ ഫിറ്റ്നസ് വീണ്ടെടുക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.
അതേസമയം ബ്ലാസ്റ്റേഴ്‌സ് സൂപ്പർകപ്പിനായുള്ള തങ്ങളുടെ ആദ്യ മത്സരത്തിന് ഇന്നിറങ്ങും.ഉച്ചയ്ക്ക് രണ്ടു മണിക്ക് ലജോംഗ് എഫ്സിയുമായാണ് മത്സരം.
സൂപ്പർ കപ്പിലൂടെ ലഭിക്കുന്നത് എഎഫ്സി കപ്പിലേക്കുള്ള അവസരമാണ്. അതുകൊണ്ട് തന്നെ ശക്തമായ മത്സരം പുറത്തെടുക്കാനായിരിക്കും ബ്ലാസ്റ്റേഴ്സ് ഒഡീഷയിൽ ശ്രമിക്കുക.