ബെയ്‌റൂട്ട്: തെക്കന്‍ ലബനനില്‍ ഇസ്രയേല്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഹിസ്ബുല്ലയുടെ മുതിര്‍ന്ന കമാന്‍ഡര്‍ വിസാം അല്‍ തവീല്‍ കൊല്ലപ്പെട്ടു. ലബനനിലെ അതിര്‍ത്തിഗ്രാമത്തില്‍ തവീല്‍ സഞ്ചരിച്ച വാഹനത്തിനുമുകളിലാണു ബോംബ് വീണത്. യുദ്ധം പടരുന്നതു തടയാനുള്ള നയതന്ത്രവുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇന്നലെ സൗദി, യുഎഇ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് ഇസ്രയേലിലെത്തും.
ഒക്ടോബര്‍ 7നു ഗാസയില്‍ ആക്രമണം ആരംഭിച്ചതിനു പിന്നാലെയാണു വടക്കന്‍ ഇസ്രയേല്‍ അതിര്‍ത്തിയില്‍ ഹിസ്ബുല്ലയുമായി സംഘര്‍ഷം കനത്തത്. കഴിഞ്ഞയാഴ്ച ലബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് ഉപമേധാവി സാലിഹ് അല്‍ അരൂരി കൊല്ലപ്പെട്ടിരുന്നു.
അതേസമയം, കഴിഞ്ഞ 24 മണിക്കൂറില്‍ ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ 249 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു; 510 പേര്‍ക്കു പരുക്കേറ്റു. 3 മാസം പിന്നിട്ട യുദ്ധത്തില്‍ ഇതുവരെ 9600 കുട്ടികളടക്കം 23,084 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. 59,000 പേര്‍ക്കു പരുക്കേറ്റു. മധ്യ, തെക്കന്‍ ഗാസയില്‍ കനത്ത വെടിവയ്പും ബോംബാക്രമണവും തുടരുന്നു. മധ്യഗാസയിലെ പ്രധാന ആശുപത്രിയായ അല്‍ അഖ്‌സ മാര്‍ട്ടിയേഴ്‌സ് ഹോസ്പിറ്റലിലേക്കു പലവട്ടം ഷെല്ലാക്രമണമുണ്ടായതോടെ അഭയം തേടിയവര്‍ക്കൊപ്പം ആരോഗ്യപ്രവര്‍ത്തകരും രോഗികളും പലായനം ചെയ്തു.
ഡോക്ടേഴ്‌സ് വിതൗട്ട് ബോര്‍ഡേഴ്‌സ് അടക്കമുള്ള സന്നദ്ധസംഘടനയുടെ പ്രവര്‍ത്തകര്‍ കഴിഞ്ഞയാഴ്ചതന്നെ ഇവിടം വിട്ടിരുന്നു. ഹോസ്പിറ്റലിലെ 600 രോഗികളും ആരോഗ്യപ്രവര്‍ത്തരും എവിടെയാണെന്ന് ഒരു വിവരവുമില്ലെന്നു ലോകാരോഗ്യസംഘടന അറിയിച്ചു. തെക്കന്‍ ഗാസയിലെ ഏതാനും ആശുപത്രികള്‍ മാത്രമാണിപ്പോള്‍ ഭാഗികമായെങ്കിലും പ്രവര്‍ത്തിക്കുന്നത്.