പട്ന: അയോധ്യയിലെ രാമക്ഷേത്രം സംബന്ധിച്ച് വിവാദ പ്രസ്താവന നടത്തി ഇന്ത്യ സഖ്യത്തെ വെട്ടിലാക്കി ആര്‍ജെഡി എംഎല്‍എ ഫത്തേ ബഹദൂര്‍ സിംഗും ബിഹാറിലെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ചന്ദ്രശേഖറും.
ക്ഷേത്രങ്ങള്‍ മാനസിക അടിമത്തത്വത്തിലേക്കുളള വഴിയാണെന്ന ഫത്തേ ബഹാദൂര്‍ സിംഗിന്റെ പോസ്റ്റര്‍ ആണ് ആദ്യം വിവാദത്തിലായത്. പിന്നാലെ സിംഗിനെ ന്യായീകരിച്ച് മന്ത്രി ചന്ദ്രശേഖര്‍ രംഗത്ത് വരികയായിരുന്നു.
നിങ്ങള്‍ക്ക് പരിക്ക് പറ്റിയാല്‍ എവിടെയാണ് പോവുക? അമ്ബലത്തിലാണോ ആശുപത്രിയിലാണോ? നിങ്ങള്‍ക്ക് വിദ്യാഭ്യാസം വേണം, ഒരു ഓഫീസറോ എംഎല്‍എയോ എംപിയോ ആകണം, എവിടേക്കാണ് പോവുക, അമ്ബലത്തിലോ സ്‌കൂളിലോ? സാവിത്രി ഫൂലെ പറഞ്ഞ അതേ കാര്യങ്ങള്‍ തന്നെയാണ് ഫത്തേ ബഹാദൂര്‍ സിംഗും പറഞ്ഞിരിക്കുന്നത്. അതില്‍ എന്താണ് തെറ്റ്? അദ്ദേഹം സാവിത്രി ഫൂലെയെ ഉദ്ധരിക്കുകയാണ് ചെയ്തത്. വിദ്യാഭ്യാസം അനിവാര്യമല്ലേ? ചന്ദ്രശേഖര്‍ എഎന്‍ഐയോട് പ്രതികരിച്ചു.
കപട ഹിന്ദുത്വവാദത്തേയും കപട ദേശീയതയേയും സൂക്ഷിക്കണം. ഭഗവാന്‍ രാമന്‍ എല്ലാവരിലും എല്ലായിടത്തും ഉണ്ടെന്നിരിക്കേ അദ്ദേഹത്തെ തേടി എങ്ങോട്ടേക്കാണ് പോകേണ്ടത്? അതിന് വേണ്ടിയുളള ഇടങ്ങള്‍ സമൂഹത്തിലെ ചില ഗൂഢാലോചനക്കാരുടെ കീശ നിറയ്ക്കാന്‍ വേണ്ടി ചൂഷണത്തിന്റെ ഇടങ്ങളാക്കി മാറ്റിയിരിക്കുകയാണ്. ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.
ക്ഷേത്രം മാനസിക അടിമത്തത്വത്തിലേക്കുളള വഴിയാണ്. എന്നാല്‍ സ്‌കൂള്‍ വെളിച്ചത്തിലേക്കുളള വഴിയാണ് എന്ന പോസ്റ്റര്‍ ആണ് കഴിഞ്ഞ ദിവസം ഫത്തേ ബഹാദൂര്‍ സിംഗ് പങ്കുവെച്ചത്. അമ്ബലത്തിലെ മണി മുഴക്കം നല്‍കുന്ന സന്ദേശം നമ്മള്‍ അന്ധവിശ്വാസത്തിലേക്കും ഇരട്ടത്താപ്പിലേക്കും മണ്ടത്തരത്തിലേക്കും അജ്ഞതയിലേക്കും നീങ്ങുന്നു എന്നതാണ്. എന്നാല്‍ സ്‌കൂളിലെ മണി മുഴക്കും വിരല്‍ ചൂണ്ടുന്നത് യുക്തിപരമായ ചിന്തയിലേക്കും ശാസ്ത്രീയതയിലേക്കും വെളിച്ചത്തിലേക്കുമുളള യാത്രയെയാണ്. ഏത് വഴി വേണമെന്ന് തിരഞ്ഞെടുക്കേണ്ടത് നിങ്ങളാണ് എന്നും പോസ്റ്ററില്‍ പറയുന്നുണ്ട്.