ബംഗളുരു: 127 ദിവസവും 15 ലക്ഷം കിലോമീറ്ററും നീണ്ട യാത്ര പൂര്‍ത്തിയാക്കി, ഇന്ത്യയുടെ പ്രഥമ സൗരദൗത്യം ആദിത്യ എല്‍1 ലക്ഷ്യസ്ഥാനത്തെത്തി. പേടകം ഒന്നാം ലഗ്രാഞ്ച് ബിന്ദുവില്‍ (എല്‍1) എത്തിയതായി ഐഎസ്ആര്‍ഒ സ്ഥിരീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഈ സന്തോഷ വാര്‍ത്ത എക്സ് പ്ലാറ്റ്ഫോമിലൂടെ പങ്കുവച്ചു. ഇതോടെ, ഇന്ത്യയുടെ പ്രഥമ സൗരദൗത്യമാണ് വിജയകരമായി ലക്ഷ്യസ്ഥാനത്ത് എത്തിയിരിക്കുന്നത്. ഇതിനുള്ള അവസാന കടമ്പയായ ഭ്രമണപഥമാറ്റം ഇന്നു വൈകിട്ടു 4ഓടെ വിജകരമായി പൂര്‍ത്തിയായി. ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ ബഹിരാകാശ ഏജന്‍സിയാണ് ഐഎസ്ആര്‍ഒ. അഞ്ചു വര്‍ഷം ഇവിടെ തുടര്‍ന്ന് സൂര്യനെക്കുറിച്ച് പഠിക്കുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം.
”ഇന്ത്യ ഇതാ മറ്റൊരു നാഴികക്കല്ലു കൂടി സൃഷ്ടിച്ചിരിക്കുന്നു. ഇന്ത്യയുടെ ആദ്യ സൗരനിരീക്ഷണ പേടകം ആദിത്യ എല്‍1 ലക്ഷ്യത്തിലെത്തി. ഏറ്റവും സങ്കീര്‍ണമായ ബഹിരാകാശ ദൗത്യങ്ങള്‍ സാക്ഷാത്കരിക്കുന്നതില്‍ നമ്മുടെ ശാസ്ത്രജ്ഞര്‍ പ്രകടമാക്കുന്ന അക്ഷീണമായ അര്‍പ്പണബോധത്തിന്റെ തെളിവാണിത്. ഈ അസാധാരണ നേട്ടത്തെ രാജ്യത്തിനൊപ്പം ഞാനും അഭിനന്ദിക്കുന്നു. മനുഷ്യരാശിക്കു പ്രയോജനപ്പെടും വിധം ശാസ്ത്രത്തിന്റെ പുതിയ അതിര്‍ത്തികള്‍ തേടിയുള്ള യാത്ര നാം നിര്‍ബാധം തുടരും’ – പ്രധാനമന്ത്രി കുറിച്ചു.
അതിവേഗം സഞ്ചരിക്കുന്ന പേടകത്തിലെ ത്രസ്റ്ററുകളെ കമാന്‍ഡുകളിലൂടെ പ്രവര്‍ത്തിപ്പിച്ചാണു ഭ്രമണപഥമാറ്റം നടത്തിയത്. സൂര്യനും ഭൂമിക്കും ഇടയില്‍ ഇവ രണ്ടിന്റെയും സ്വാധീനം തുല്യമായ എല്‍1 ബിന്ദുവിലെ പ്രത്യേക സാങ്കല്പിക ഭ്രമണപഥത്തില്‍ എത്തിയതോടെ, ഇനി അധികം ഇന്ധനം ഉപയോഗിക്കാതെ ദീര്‍ഘകാലത്തേക്കു പേടകത്തെ അവിടെ നിലനിര്‍ത്താം. സൂര്യനെ കൂടുതല്‍ അടുത്തുനിന്നു നിരീക്ഷിക്കാനും പഠിക്കാനുമായി 2023 സെപ്റ്റംബര്‍ 2നു ശ്രീഹരിക്കോട്ടയില്‍നിന്നാണ് ആദിത്യ എല്‍1 വിക്ഷേപിച്ചത്.
ആദിത്യ എത്തുന്ന എല്‍1 ബിന്ദുവില്നിന്നു സൂര്യനിലേക്ക് 14.85 കോടി കിലോമീറ്ററുണ്ട്. ബെംഗളൂരുവിലെ ഐഎസ്ആര്‍ഒ ടെലിമെട്രി ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്വര്ക് (ഇസ്ട്രാക്) ആണ് ഉപഗ്രഹത്തെ നിയന്ത്രിക്കുന്നത്.
എല്‍1 ബിന്ദുവില്‍ എത്തുന്ന പേടകത്തിനു മറ്റു തടസ്സങ്ങളില്ലാതെ തുടര്‍ച്ചയായി സൂര്യനെ നിരീക്ഷിക്കാം. എല്‍1 ബിന്ദുവിലെത്താന്‍ ഭൂമിയില്‍ നിന്നു സൂര്യനിലേക്കുള്ള ആകെ ദൂരത്തിന്റെ ഒരു ശതമാനമാണ് ആദിത്യ എല്‍1 സഞ്ചരിച്ചത്.
ന്മ 5 വര്‍ഷമാണ് പേടകത്തിന്റെ പ്രതീക്ഷിത ആയുസ്സ്. അതില്‍ കൂടുതല്‍ കാലം അവിടെ നിലനിര്‍ത്താനാകുമെന്ന് ഐഎസ്ആര്‍ഒ കരുതുന്നു.
ന്മ ആദിത്യയിലുള്ളത് 7 പഠനോപകരണങ്ങള്‍. നാലെണ്ണം (പേലോഡ്) സൂര്യന്റെ ഫോട്ടോസ്ഫിയര്‍, ക്രോമോസ്ഫിയര്‍, കൊറോണ (പുറംപാളി) എന്നിങ്ങനെയുള്ള വിവിധ ഭാഗങ്ങളെപ്പറ്റി പഠിക്കും. മറ്റുള്ളവ എല്‍1 പോയിന്റില്‍ നിന്നുള്ള വിവിധതരം കണികകളും തരംഗങ്ങളും പഠിക്കും.