ഭാരതീയ കിസാന്‍ മഞ്ച്, ഭാരതീയ ഗായ് സേവ പരിഷദ് എന്നീ സംഘടനകളുടെ സെക്രട്ടറി ദേവേന്ദ്ര തിവാരിയുടെ നിര്‍ദേശാനുസരണമാണ് തങ്ങൾ ഇത് ചെയ്തതെന്നാണ് വെളിപ്പെടുത്തൽ.
ദേവേന്ദ്ര തിവാരിയുടെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നയാളാണ് തഹര്‍ സിങ്. ഒപ്‌റ്റോമെട്രിയില്‍ ഡിപ്ലോമ കഴിഞ്ഞ ഓം പ്രകാശ് മിശ്രയാകട്ടെ, തിവാരിയുടെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കല്‍ സയന്‍സസ് കോളജിലെ ജീവനക്കാരനും ഇയാളുടെ പേഴ്‌സണല്‍ സെക്രട്ടറിയുമാണ്.
മുസ്‌ലിം പേരില്‍ നിര്‍മിച്ച മെയില്‍ ഐ.ഡികളില്‍ നിന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും എസ്.ടി.എഫ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ അമിതാഭ് യാഷിനും ദേവേന്ദ്ര തിവാരി എന്നയാള്‍ക്കും ഭീഷണി സന്ദേശം ലഭിച്ചത്. അന്വേഷണത്തില്‍ ദേവേന്ദ്ര തിവാരിയുടെ ജീവനക്കാരും ഗോണ്ട സ്വദേശികളുമായ ഓം പ്രകാശ് മിശ്ര, തഹര്‍ സിങ് എന്നിവരെ ഉത്തര്‍പ്രദേശ് പ്രത്യേക ദൗത്യസേന (എസ്ടിഎഫ്) കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
ആലം അന്‍സാരി ഖാന്‍ ([email protected]), സുബൈര്‍ ഖാന്‍ ഐ.എസ്.ഐ ([email protected]) എന്നീ ഇമെയില്‍ ഐഡികളാണ് ഭീഷണി പോസ്റ്റുകള്‍ അയക്കാന്‍ ഉപയോഗിച്ചതെന്ന് പൊലിസ് കണ്ടെത്തിയിരുന്നു. മെയില്‍ ഐഡികള്‍ നിര്‍മിക്കാന്‍ ഉപയോഗിച്ച വിവോ ടി2, സാംസങ് ഗ്യാലക്‌സി എ3 മൊബൈല്‍ ഫോണുകള്‍ പ്രതികളില്‍നിന്ന് കണ്ടെടുത്തു. ഇമെയിലുകള്‍ അയച്ച സ്ഥലത്തെ സിസിടിവി കാമറ ദൃശ്യങ്ങള്‍, വൈഫൈ റൂട്ടര്‍ എന്നിവയും പോലീസ് പരിശോധിച്ചിരുന്നു.