തിരുവനന്തപുരം: ദീര്‍ഘദൂര സര്‍വീസിനായി സ്‌കാനിയ പോലെയുള്ള ആഡംബര ബസുകള്‍ വാങ്ങുമ്പോള്‍ അതില്‍ ശുചിമുറി ഒരുക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ പറഞ്ഞു. വൃത്തിയുള്ള ശുചിമുറിയോടു കൂടിയ ഹോട്ടലുകളിലേ ഭക്ഷണത്തിനായി ബസുകള്‍ നിര്‍ത്താന്‍ പാടുള്ളൂവെന്നും മന്ത്രി പറഞ്ഞു.
രാവിലെ 9 മണിയോടെ മന്ത്രി ഓഫീസിലെത്തി ചുമതലയേറ്റു. നഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസി ബസുകള്‍ നിര്‍ത്തുമെന്ന് അദ്ദേഹം പറഞ്ഞു. സര്‍വീസ് ലാഭത്തിലാക്കാന്‍ സമയക്രമത്തിലും റൂട്ടിലും മാറ്റം വരുത്തും. നഷ്ടമാണെങ്കില്‍ നിര്‍ത്തും. എല്ലായിടത്തും സര്‍വീസ് എത്തിക്കാന്‍ സ്വകാര്യബസുകള്‍ക്ക് അവസരമൊരുക്കും.
ബസ് സ്റ്റേഷനുകളില്‍ കെട്ടിക്കിടക്കുന്ന ആക്രിയും പഴയ പേപ്പറും വില്‍ക്കുന്നതിന് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ഉപയോഗമില്ലാതെ കിടക്കുന്ന ബോട്ടുകള്‍ വില്‍ക്കാന്‍ ജലഗതാഗത വിഭാഗത്തോടും നിര്‍ദേശിച്ചു. ഡ്രൈവിങ് ടെസ്റ്റുകള്‍ കര്‍ശനമാക്കും. ഇതിനു കൊണ്ടുവരുന്ന വാഹനങ്ങളില്‍ ക്യാമറ ഉറപ്പാക്കും.
കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം കൃത്യമായി നല്‍കാന്‍ ഉദ്യോഗസ്ഥരുടെ യോഗം വിളിക്കും. കെടിഡിഎഫ്‌സിയുടെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പുതിയ പാക്കേജ് തയാറാക്കി അടുത്തയാഴ്ച മുഖ്യമന്ത്രിയുടെ അനുമതി തേടും. ബസ് സ്റ്റാന്‍ഡുകളില്‍ ശുചിമുറിക്ക് പ്രത്യേക ഡിസൈന്‍ കൊണ്ടുവരും. വൃത്തിയാക്കാന്‍ പ്രത്യേക വിഭാഗത്തിനു ചുമതല നല്‍കും.
ചെയ്തു തീര്‍ക്കാന്‍ ഒരുപാട് കാര്യങ്ങളുണ്ട്. അതിനിടയില്‍ പരിപാടി ഉദ്ഘാടനം ചെയ്തു നടക്കാന്‍ സമയമില്ലെന്നും അതിനായി ക്ഷണിക്കരുതെന്നും മന്ത്രി പറഞ്ഞു. ഷാളും പൂച്ചെണ്ടും ഹാരവും സ്വീകരിക്കില്ല. പാവപ്പെട്ട കുട്ടികള്‍ക്കു നല്‍കാന്‍ സ്‌കൂള്‍ ബാഗും ബുക്കുകളും തന്നാല്‍ സ്വീകരിക്കും. സ്റ്റേജില്‍ മന്ത്രിക്കു പ്രത്യേക കസേരയിടരുത്. സ്വാഗതപ്രസംഗം നീട്ടരുത്. പാര്‍ട്ടിക്കാര്‍ മന്ത്രി ഓഫീസിലേക്ക് അധികം വരേണ്ടതില്ല. അവരെ ചൊവ്വാഴ്ച രാവിലെ 9 മുതല്‍ 11വരെ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ കാണുമെന്നും മന്ത്രി പറഞ്ഞു.