Social MediaTRENDING

ട്രെയിനില്‍നിന്ന് തെറിച്ചുവീണ ഫോണ്‍ വിദ്യാര്‍ത്ഥിനിക്ക് കണ്ടെത്തി നല്‍കി ആര്‍.പി.എഫ്

വടകര: ട്രെയിനില്‍ നിന്ന് തെറിച്ചുവീണ ഫോണ്‍ കണ്ടെത്തി വിദ്യാര്‍ത്ഥിനിക്ക് തിരികെ നല്‍കി ആര്‍.പി.എഫ്. അനന്യ ശങ്കര്‍ എന്ന വിദ്യാര്‍ത്ഥിനിയുടെതായിരുന്നു ഫോൺ.

അനന്യയുടെ സങ്കടം നിറഞ്ഞ വാക്കുകളാണ് വടകര ആര്‍.പി.എഫ്.എ.എസ്.ഐ. പി പി ബിനീഷിനെയും സംഘത്തെയും ഫോണ്‍ കണ്ടെത്തി നല്‍കാൻ പ്രേരണയായത്. ‘സാറേ പരീക്ഷ നാളെത്തുടങ്ങുകയാ, പരീക്ഷയുടെ എല്ലാ കാര്യങ്ങളും ഫോണിലാണുള്ളത്… എങ്ങനെയെങ്കിലും ഫോണ്‍ കണ്ടെത്തിത്തരണം…’

മലബാര്‍ എക്‌സ്പ്രസില്‍നിന്ന് വടകരയ്ക്ക് സമീപമായിരുന്നു അനന്യയുടെ ഫോൺ തെറിച്ചുവീണത്.16,000 രൂപയുടെ ഫോണാണ്. അനന്യയുടെ സങ്കടം കേട്ട ആർപിഎഫ് ഉദ്യോഗസ്ഥർ  വെറുതേയിരുന്നില്ല. പിന്നെക്കണ്ടത്  ഫോണ്‍ കണ്ടെത്താന്‍ ആര്‍.പി.എഫും കരിമ്ബനപ്പാലത്തെ നാട്ടുകാരുമെല്ലാം ഒന്നിച്ചിറങ്ങുന്ന കാഴ്ചയാണ്. സൈബര്‍ സെല്ലും സഹായം നല്‍കി. രണ്ടുമണിക്കൂര്‍ നീണ്ട മാരത്തണ്‍ തിരച്ചിലിനൊടുവില്‍ ഫോണ്‍ കിട്ടി.

Signature-ad

കൊല്ലം സ്വദേശിനിയായ അനന്യ കണ്ണൂരില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ്. കൊല്ലത്തുനിന്ന് കണ്ണൂരിലേക്ക് പോകുന്നതിനിടയിൽ ബുധനാഴ്ച പുലര്‍ച്ചെ 5.30-ഓടെ വടകര സ്റ്റേഷന് സമീപമാണ് ഫോണ്‍ ജനലിലൂടെ തെറിച്ച്‌ പുറത്തേക്കുവീണത്. കണ്ണൂരിലെത്തിയ അനന്യ വിവരം ആര്‍.പി.എഫിനെ അറിയിച്ചു. പിന്നാലെ വിവരം വടകര ആര്‍.പി.എഫിലുമെത്തി.

ഇതോടെ ബിനീഷിന്റെ നേതൃത്വത്തില്‍ മുപ്പതോളം നാട്ടുകാര്‍ തിരച്ചില്‍ തുടങ്ങി. കോട്ടക്കടവ് മുതല്‍ വടകര സ്റ്റേഷന്‍ പരിസരംവരെ തിരഞ്ഞെങ്കിലും ഫോണ്‍ കിട്ടിയില്ല. ഇതോടെ എല്ലാവരും നിരാശരായി. പിന്നാലെ സൈബര്‍സെല്ലില്‍ വിവരം അറിയിച്ചു. ഫോണിന്റെ ലൊക്കേഷന്‍ കരിമ്ബനപ്പാലം തന്നെയെന്ന് സ്ഥിരീകരണം. ഇതോടെ തിരച്ചില്‍ വീണ്ടും ഉഷാര്‍. ഒടുവില്‍ ഒമ്ബതരയോടെ കള്ളുഷാപ്പിന് സമീപത്തായി കുറ്റിക്കാട്ടിനുള്ളില്‍നിന്ന് ഫോണ്‍ കിട്ടി. കാര്യമായ കേടുപാടൊന്നും പറ്റിയില്ല. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി എഴുതിനല്‍കിയാണ് അനന്യ ഫോണുമായി മടങ്ങിയത്.

Back to top button
error: