ന്യൂയോര്‍ക്ക്: ന്യൂജേഴ്സി നെവാര്‍ക്കിലെ മുസ്‌ലിം പള്ളിക്ക് സമീപമുണ്ടായ വെടിവെപ്പില്‍ ഇമാം കൊല്ലപ്പെട്ടു. ഇമാം ഹസ്സന്‍ ഷെരീഫാണ് കൊല്ലപ്പെട്ടതെന്ന് യു.എസ് ഉദ്യോഗസ്ഥന്‍ എഎഫ്പിയോട് പറഞ്ഞു.ന്യൂജേഴ്സിയിലെ നെവാര്‍ക്ക് നഗരത്തില്‍ ബുധനാഴ്ചയാണ് സംഭവം. എന്നാല്‍ വെടിവെപ്പിന്റെ കാരണം പൊലീസ് വെളിപ്പെടുത്തിയില്ല.
”2006 മുതല്‍ നെവാര്‍ക്ക് ലിബര്‍ട്ടി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സെക്യൂരിറ്റി ഓഫീസറായിരുന്നു ഹസ്സന്‍ ഷെരീഫ്.അദ്ദേഹത്തിന്റെ വിയോഗത്തില്‍ ഞങ്ങള്‍ക്ക് അതിയായ ദുഃഖമുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും അനുശോചനം അറിയിക്കുന്നു” ഷെരീഫ് ജോലി ചെയ്തിരുന്ന കമ്പനി വക്താവ് ലിസ ഫാര്‍ബ്‌സ്‌റ്റൈന്‍ പറഞ്ഞു.
വെടിവെപ്പിനെ തുടര്‍ന്ന് ന്യൂജേഴ്‌സിയിലെ ഗവര്‍ണര്‍ ഫില്‍ മര്‍ഫി പള്ളി സംരക്ഷിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് പ്രഖ്യാപിച്ചതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. മസ്ജിദ്-മുഹമ്മദ്-നെവാര്‍ക്ക് മസ്ജിദിന് പുറത്ത് രാവിലെ ആറുമണിക്ക് ശേഷമാണ് ഷരീഫിന് വെടിയേറ്റതെന്ന് നെവാര്‍ക്ക് പബ്ലിക് സേഫ്റ്റി ഡയറക്ടര്‍ ഫ്രിറ്റ്സ് ഫ്രാഗെ പ്രസ്താവനയില്‍ പറഞ്ഞു. സംഭവം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ പൊലീസിന് സാധിച്ചില്ല.