KeralaNEWS

കേരളത്തിൽ സ്ലീപ്പര്‍ കോച്ചുകള്‍ കുറച്ച്‌ പകരം എ.സി കോച്ചുകള്‍ കൂട്ടാൻ റെയില്‍വേ 

തിരുവനന്തപുരം: കേരളത്തിൽ കൂടി സർവീസ് നടത്തുന്ന ട്രെയിനുകളിൽ സ്ലീപ്പര്‍ കോച്ചുകള്‍ കുറച്ച്‌ പകരം എ.സി കോച്ചുകള്‍ കൂട്ടാൻ റെയില്‍വേ നീക്കം തുടങ്ങി.

തിരുവനന്തപുരം-മംഗളൂരു മാവേലി, മംഗളൂരു-തിരുവനന്തപുരം മാവേലി, തിരുവനന്തപുരം മംഗളൂരു മലബാര്‍, മംഗളൂരു-തിരുവനന്തപുരം മലബാര്‍ എന്നീ ട്രെയിനുകളിലെ സ്ലീപ്പര്‍ കോച്ചുകളിലാണ് ആദ്യം കൈവെക്കുന്നത്. ആവശ്യകത കൂടുതല്‍ എ.സി കോച്ചിനാണെന്ന വിചിത്ര ന്യായമുന്നയിച്ചാണ് സാധാരണക്കാരുടെ വയറ്റത്തടിക്കുന്ന നടപടി.

Signature-ad

ഇതോടെ ഓരോ ട്രെയിനിലും സ്ലീപ്പര്‍ കോച്ചുകള്‍ രണ്ടായി ചുരുങ്ങും. എ.സി ത്രീ ടിയര്‍, എ.സി ടു ടിയര്‍ കോച്ചുകള്‍ കൂട്ടും. എ.സി ത്രീ ടിയര്‍ കോച്ചുകള്‍ എണ്ണം പത്തായും ടു ടിയര്‍ കോച്ചുകള്‍ നാലായും വര്‍ധിക്കും. ഒരു സ്ലീപ്പര്‍ കോച്ചില്‍ 72 ബെര്‍ത്താണുള്ളത്. പരിഷ്കാരം നടപ്പായാല്‍ ട്രെയിനുകളില്‍ നിലവില്‍ 546 മുതല്‍ 792 വരെയുള്ള സ്ലീപ്പര്‍ ബെര്‍ത്ത് 144 ആയി കുറയും.

ദീർഘദൂര യാത്രക്കാര്‍ അല്ലാത്തവർ ഏറെയും ആശ്രയിക്കുന്നത് ജനറല്‍-സ്ലീപ്പര്‍ കോച്ചുകളെയാണ്.2023ല്‍ ഏപ്രില്‍ മുതല്‍ നവംബര്‍ വരെ റെയില്‍വേയെ ആശ്രയിച്ച 390.2 കോടി യാത്രക്കാരില്‍ 95.3 ശതമാനവും സ്ലീപ്പര്‍ ജനറല്‍ ക്ലാസുകളിലാണ് യാത്ര ചെയ്തത്. ചെലവേറിയ എ.സി കോച്ചുകളില്‍ സഞ്ചരിച്ചവത് 4.7 ശതമാനവും.

മിതമായ നിരക്കിലെ സ്ലീപ്പര്‍ കോച്ചുകള്‍ കുറയുന്നതോടെ ചെലവേറിയ എ.സി കോച്ചുകള്‍ തെരഞ്ഞെടുക്കാൻ യാത്രക്കാർ നിര്‍ബന്ധിതരാകും. ഇതുവഴിയുള്ള വരുമാന വര്‍ധനയിലാണ് റെയില്‍വേയുടെ കണ്ണ്.

കോവിഡിന്‍റെ മറവില്‍ ജനറല്‍ കോച്ചുകള്‍ ഒഴിവാക്കി, റിസര്‍വേഷൻ കോച്ചുകള്‍ ഏര്‍പ്പെടുത്തി ലാഭം കൊയ്ത തന്ത്രമാണ് സ്ലീപ്പറുകളുടെ കാര്യത്തിലും റയിൽവെ ആവര്‍ത്തിക്കുന്നത്.

Back to top button
error: