KeralaNEWS

കുട്ടിക്കര്‍ഷകര്‍ക്ക് സഹായ പ്രവാഹം; ജയറാമിനു പിന്നാലെ പ്രഖ്യാപനവുമായി മമ്മൂട്ടിയും പൃഥ്വിരാജും

കൊച്ചി: ഭക്ഷ്യ വിഷബാധയേറ്റ് 13 കന്നുകാലികള്‍ നഷ്ടമായ കുട്ടിക്കര്‍ഷകന് സഹായവുമായി സുമനസുകള്‍. നടന്‍ മമ്മൂട്ടി ഒരു ലക്ഷം രൂപയും പൃഥ്വിരാജ് രണ്ട് ലക്ഷം രൂപയും നല്‍കുമെന്നും അറിയിച്ചു. പി.ജെ.ജോസഫ് എംഎല്‍എ ഒരു പശുവിനെ നല്‍കുമെന്നും അറിയിച്ചു. അബ്രഹാം ഓസ്‌ലര്‍ സിനിമയുടെ അണിയറപ്രവര്‍ത്തകരും നടന്‍ ജയറാമും സഹായം നല്‍കുമെന്ന് രാവിലെ അറിയിച്ചിരുന്നു. ഇതനുസരിച്ച് പത്താം ക്ലാസ് വിദ്യാര്‍ഥിയായ വെള്ളിയാമറ്റം കിഴക്കേപറമ്പില്‍ മാത്യുബെന്നിയെയും കുടുംബത്തെയും സന്ദര്‍ശിച്ച ജയറാം ചെക്ക് കൈമാറി.

ഇവര്‍ അനുഭവിച്ച സമാന അനുഭവം ആറ് വര്‍ഷം മുമ്പ് അനുഭവിച്ചതാണെന്ന് ജയറാം പറഞ്ഞു. ” ഒരു ദിവസം പെട്ടെന്ന് ഒരു കിടാവ് വീണു വയറ് വീര്‍ത്തു ചത്തു. 22 പശുക്കളാണ് രാവിലെ മുതല്‍ വൈകിട്ടു വരെയുള്ള സമയത്തില്‍ ചത്തത്. വിഷമുള്ള യാതൊരു ഭക്ഷണവും പശുക്കള്‍ക്ക് കൊടുത്തിരുന്നില്ല. അതിനാല്‍ എങ്ങനെയാണ് സംഭവിച്ചതെന്ന് അറിയില്ല. വിഷാംശമാണ് മരണകാരണമെന്നാണ് പരിശോധനാ ഫലങ്ങളില്‍ നിന്ന് കണ്ടെത്തി. പശുക്കളെ ഞാനും ഭാര്യയും മക്കളും നേരിട്ട് പോയി കണ്ടാണ് വാങ്ങിയിരുന്നത്. അവയ്‌ക്കെല്ലാം പേരിട്ടത് എന്റെ മോളും മോനുമാണ്. 22 പശുക്കളെയും ജെസിബി കൊണ്ടുവന്ന് കുഴിച്ചുമൂടുന്ന സമയത്താണ് ഞാനും എന്റെ ഭാര്യയും ഏറ്റവും കൂടുതല്‍ കരഞ്ഞത്. ഈ രണ്ട് മക്കളുടെ കാര്യവും അതാണ്. രാവിലെ പത്രം തുറന്നപ്പോള്‍ സഹിക്കാന്‍ പറ്റിയില്ല.

Signature-ad

”അബ്രഹാം ഓസ്ലര്‍ സിനിമയുടെ ട്രെയ്ലര്‍ ലോഞ്ച് ചെയ്യാനിരുന്നത് നാളെയാണ്. പൃഥ്വിരാജായിരുന്നു ലോഞ്ച് ചെയ്യാനിരുന്നത്. രാവിലെ ഞാന്‍ പൃഥ്വിരാജിനെയും നിര്‍മാതാവിനെയും സംവിധായകനെയും വിളിച്ചു. നാളെത്തെ പരിപാടി മാറ്റിയാല്‍ ഒരു അഞ്ച് ലക്ഷം രൂപ മാറ്റിവയ്ക്കാനാകും. ആ തുക ഉപയോഗിച്ച് ഈ കുട്ടികള്‍ക്ക് ഒരു പത്ത് പശുവിനെ എങ്കിലും മേടിക്കാന്‍ സാധിച്ചാല്‍ വലിയ കാര്യമാണ്. ആ തുക കൈമാറാനാണ് വന്നത്. എല്ലാം ശരിയാകും. ഇവിടെ തന്നെ ഒരു നൂറ് പശുക്കളെ വളര്‍ത്താനുള്ള തൊഴുത്ത് ദൈവം ഉണ്ടാക്കിത്തരും. കൃഷ്ണഗിരിക്ക് വരികയാെണങ്കില്‍ ഞാനും കൂടെ വരാം. ഞാന്‍ അവിടെ നിന്നാണ് പശുക്കളെ എടുക്കുന്നത്. ഇവിടെ 70,000 രൂപ വരുന്ന എച്ച്എഫ് പശുവിനെ അവിടെ 40,000 രൂപയ്ക്ക് കിട്ടും”. ജയറാം പറഞ്ഞു. തുടര്‍ന്ന് ചെക്കും കൈമാറിയശേഷമാണ് അദ്ദേഹം മടങ്ങിയത്.

ജയറാമിനു പിന്നാലെ മന്ത്രിമാരായ ജെ.ചിഞ്ചുറാണി, റോഷി അഗസ്റ്റിന്‍ എന്നിവര്‍ കുട്ടികളുടെ വീട്ടില്‍ ആശ്വാസ വാക്കുകളുമായി എത്തിയിരുന്നു.
കുടുംബത്തിന് ആവശ്യമായ എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കുമെന്ന് മന്ത്രിമാര്‍ വ്യക്തമാക്കി. കുടുംബത്തിന് അഞ്ച് പശുക്കളെ സൗജന്യമായി നല്‍കും. അടുത്ത ആഴ്ച തന്നെ പശുക്കളെ കൈമാറും. മാട്ടുപ്പെട്ടിയില്‍നിന്ന് എത്തിക്കുന്ന നല്ലയിനം പശുക്കളെയാണ് നല്‍കുന്നത്. ഒരു മാസത്തേക്കുള്ള കാലിത്തീറ്റയും സൗജന്യമായി നല്‍കും. ഇന്നുതന്നെ മില്‍മ അടിയന്തര സഹായമായി 45,000 രൂപ ഇവര്‍ക്കു കൈമാറുമെന്നും മന്ത്രി വ്യക്തമാക്കി. കൂടുതല്‍ ധനസഹായം നാളത്തെ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.

പശുവും കിടാവും മൂരിയും ഉള്‍പ്പെടെ 13 കന്നുകാലികളാണു ഭക്ഷ്യവിഷബാധ മൂലം ചത്തത്. മാത്യുവും അമ്മ ഷൈനിയും ചേട്ടന്‍ ജോര്‍ജും അനുജത്തി റോസ്മേരിയും ഉള്‍പ്പെട്ട കുടുംബത്തിന്റെ ഏക ഉപജീവനമാര്‍ഗവുമായിരുന്നു ഈ കന്നുകാലികള്‍.

 

 

Back to top button
error: