IndiaNEWS

ഷോര്‍ട്‌സും സ്ലീവ്‌ലെസും വേണ്ട, മാന്യമായ വസ്ത്രം മാത്രം; പുരി ജഗന്നാഥ ക്ഷേത്രത്തില്‍ പുതിയ ഡ്രസ് കോഡ്

ഭുവനേശ്വര്‍: ഒഡിഷയിലെ പ്രശസ്തമായ പുരി ജഗന്നാഥ ക്ഷേത്രത്തില്‍ എത്തുന്ന ഭക്തര്‍ക്ക് വസ്ത്രധാരണത്തില്‍ നിബന്ധനകളുമായി ക്ഷേത്രഭരണസമിതി. ക്ഷേത്രദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ക്ക് പുതിയ ഡ്രസ് കോഡുകളാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്.ഇനി മുതല്‍ ഹാഫ് പാന്റ്‌സ്, ഷോര്‍ട്‌സ്, ജീന്‍സ്, പാവാട, സ്ലീവ് ലെസ് വസ്ത്രങ്ങള്‍ ധരിച്ച് ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കാന്‍ പാടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

പുരുഷന്‍മാര്‍ ധോത്തിയോ സ്ത്രീകള്‍ സാരിയോ ചുരിദാറോ ധരിച്ചുവേണം ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍. ക്ഷേത്രത്തിലെ വസ്ത്രധാരണരീതിയെക്കുറിച്ച് ബോധവ്തകരിക്കാന്‍ ഭക്തര്‍ താമസിക്കുന്ന ഹോട്ടലുകളോട് ആവശ്യപ്പെട്ടതായി ജഗന്നാഥ ക്ഷേത്ര അഡ്മിനിസ്‌ട്രേഷന്‍ (എസ്‌ജെടിഎ) അധികൃതര്‍ അറിയിച്ചു.ക്ഷേത്ര പരിസരത്ത് പാന്‍ മസാല വില്‍പ്പനയും, പ്ലാസ്റ്റിക്, പോളിത്തീന്‍ എന്നിവയുടെ ഉപയോഗവും പൂര്‍ണ്ണമായി നിരോധിച്ചിട്ടുണ്ട്. ക്ഷേത്ര പരിസരത്തെ പവിത്രത നിലനിര്‍ത്തുന്നതിനായാണ് പാന്‍ മസാല പോലുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം നിരോധിച്ചത്. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ പിഴ ചുമത്തുമെന്ന് ക്ഷേത്രം അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു.

Signature-ad

പുതുവര്‍ഷത്തില്‍ വന്‍ഭക്തജനത്തിരക്കാണ് ക്ഷേത്രത്തില്‍ അനുഭവപ്പെട്ടത്. പുലര്‍ച്ചെ 1.40ന് ക്ഷേത്ര നട തുറന്നു. വൈകിട്ട് 5 വരെ ഏകദേശം 3.5 ലക്ഷത്തോളം ആളുകളാണ് ദര്‍ശനം നടത്തിയത്. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുടിവെള്ളം, പൊതുശൗചാലയം തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. സിസിടിവി ക്യാമറകളും പൊതു അറിയിപ്പ് സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ പുതുവത്സര ദിനത്തില്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ ഭക്തരുടെ എണ്ണം ഇരട്ടിയായതായി പൊലീസ് പറഞ്ഞു.

നഗരത്തില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബഡാദണ്ഡയിലെ മാര്‍ക്കറ്റ് ചക്ക മുതല്‍ സിംഹദ്വാര (പ്രധാന ഗേറ്റ്) വരെയുള്ള പ്രദേശം ‘വാഹന നിരോധന മേഖല’ ആയി പ്രഖ്യാപിച്ചിട്ടുണ്ടെന്നും ദിഗബറേനി മുതല്‍ ലൈറ്റ് ഹൗസ് വരെയുള്ള ബീച്ച് സൈഡ് റോഡില്‍ വാഹനങ്ങള്‍ നിരോധിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

 

Back to top button
error: