
പത്തനംതിട്ട: മദ്യപിച്ചു വാഹനമോടിച്ചെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത ആള് പൊലീസ് സ്റ്റേഷനില്‍ കുഴഞ്ഞുവീണു മരിച്ചു. അടൂര്‍ കണ്ണങ്കോട് ചരിഞ്ഞവിളയില്‍ ഷെരീഫ് (61) ആണു മരിച്ചത്. ഇന്നലെ ഉച്ചയ്ക്കു 1.55 നാണു സംഭവം. മദ്യപിച്ചു വാഹനമോടിച്ചെന്ന് ആരോപിച്ച് അടൂര്‍ സെന്‍ട്രല്‍ ജംഗ്ഷന് കിഴക്കു ഭാഗത്തു നിന്നാണു ഷെരീഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്നു സ്റ്റേഷനില്‍ കൊണ്ടുവന്നപ്പോഴേക്കും കുഴഞ്ഞു വീഴുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
ഷെരീഫിനെ ആശുപത്രിയില്‍ എത്തിച്ച സമയത്ത് ഇസിജി പരിശോധിച്ചപ്പോള്‍ ഹൃദയാഘാതം ഉണ്ടായതായി കാണിച്ചെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഇന്നു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടു കൊടുക്കുമെന്നു പൊലീസ് അറിയിച്ചു. അടൂര്‍ ആര്‍ഡിഒ എ.തുളസീധരന്‍ പിള്ള, തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് എസ്.ജെ. അരവിന്ദ് എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. ഭാര്യ: പത്തനാപുരം പുന്നല ചാച്ചിപുന്ന പുത്തന്‍വീട്ടില്‍ ഹംസത്ത്. മക്കള്‍: റഹന, ഷഹന. മരുമകന്: ഷമീം.






