KeralaNEWS

സില്‍വര്‍ ലൈനിന് ഭൂമി വിട്ടുനല്‍കാനാകില്ലെന്ന് ദക്ഷിണ റെയില്‍വേ; വേഗം കൂട്ടലിനെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് സില്‍വര്‍ ലൈന്‍ പദ്ധതിയ്ക്കായി ഭൂമി വിട്ടുനല്‍കാനാകില്ലെന്ന് ദക്ഷിണ റെയില്‍വേ കേന്ദ്ര റെയില്‍വേ ബോര്‍ഡിനെ അറിയിച്ചതായി റിപ്പോര്‍ട്ട്. റെയില്‍വേയുടെ ഭാവി വികസനത്തെ ബാധിക്കുമെന്നതിനാല്‍ ഭൂമി വിട്ടുനല്‍കാന്‍ കഴിയില്ലെന്നാണ് ദക്ഷിണ റെയില്‍വേ നിലപാടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

കെ റെയിലുമായി ചേര്‍ന്ന് നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് കൈമാറണമെന്ന് റെയില്‍വേ ബോര്‍ഡ് ദക്ഷണ റെയില്‍വേയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ടാണ് കൈമാറിയിരിക്കുന്നതെന്നാണ് വാര്‍ത്ത. അതേസമയം, ദക്ഷിണ റെയില്‍വേയുടെ ഔദ്യോഗിക പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല.

Signature-ad

ഇപ്പോഴത്തെ അലൈന്‍മെന്റ് അനുസരിച്ച് ഒരിഞ്ചു ഭൂമി പോലും സില്‍വര്‍ ലൈനിനായി വിട്ടുനല്‍കാനാകില്ലെന്നാണ് റിപ്പോര്‍ട്ടിലുള്ളതെന്നാണ് വാര്‍ത്ത പറയുന്നത്. ഒക്ടോബറിലായിരുന്നു റെയില്‍വേ ബോര്‍ഡ് ദക്ഷിണ റെയില്‍വേയോട് സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് തേടിയത്.

തിരുവനന്തപുരം – തൃശൂര്‍ റീച്ചില്‍ ഇടവിട്ടും അതിനുശേഷം പൂര്‍ണമായി റെയില്‍വേ ട്രാക്കിന് സമാന്തരമായി കടന്നുപോകുന്ന രീതിയിലാണ് സില്‍വര്‍ ലൈന്‍ അലൈമെന്റ്. 183 ഹെക്ടര്‍ റെയില്‍വേ ഭൂമിയാണു പദ്ധതിക്ക് വേണ്ടത്. ആശയവിനിമയം നടത്താതെയാണ് അലൈന്‍മെന്റ് അന്തിമമാക്കിയതെന്ന വിമര്‍ശനവും ദക്ഷിണ റെയില്‍വേ ഉന്നയിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നുണ്ട്.

സംസ്ഥാനത്ത് റെയില്‍വേ വികസനം ദ്രുതഗതിയില്‍ നടന്നുവരികയാണ്. പാത ഇരട്ടിപ്പിക്കലും വളവ് നികത്തലും മറ്റുമായി ട്രെയിനുകളുടെ വേഗത ഉയര്‍ത്താനുള്ള പ്രവര്‍ത്തങ്ങളും സംസ്ഥാനത്ത് നടക്കുന്നുണ്ട്. കെ റെയിലിന് ആവശ്യമായി വരുന്ന റെയില്‍വേ ഭൂമി നിലവില്‍ വികസനാവശ്യത്തിനായി നീക്കിവെച്ചതാണ്.

 

Back to top button
error: