KeralaNEWS

സുധാകരന്‍ ഇന്ന് അമേരിക്കയിലേക്ക്; ചുമതലകൈമാറാത്തതില്‍ കെപിസിസിയില്‍ അതൃപ്തി

തിരുവനന്തപുരം: അമേരിക്കയിലേക്ക് ചികിത്സക്ക് പോകുന്ന കെപിസിസി പ്രസിഡന്റ് കെ. സുധാകരന് പകരം മറ്റൊരാള്‍ക്ക് താല്‍ക്കാലിക ചുമതല നല്‍കാത്തതില്‍ കോണ്‍ഗ്രസില്‍ അതൃപ്തി. 15 ദിവസത്തേക്കാണ് സുധാകരന്‍ ചികിത്സക്കായി പോകുന്നത്.

ഈ ദിവസങ്ങളില്‍ പ്രസിഡന്റിന്റെ ചുമതല ആര്‍ക്കെങ്കിലും നല്‍കണമെന്ന് ഇന്നലെ നടന്ന കെപിസിസി എക്‌സിക്യൂട്ടീവ് യോഗത്തില്‍ ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍, ഈ ആവശ്യം കെ. സുധാകരന്‍ തള്ളി.

Signature-ad

അമേരിക്കയിലിരുന്ന് തന്നെ തനിക്ക് കാര്യങ്ങള്‍ ഏകോപിപ്പിക്കാനാകുമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. പഴയ കാലമല്ല ഇതെന്നും ഓണ്‍ലൈനിലൂടെ ചര്‍ച്ചകള്‍ സാധ്യമാണെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് ദിവസം കൂടുമ്പോള്‍ യോഗം ചേരാമെന്നും അദ്ദേഹം വ്യക്തമാക്കി.

ജനുവരി 21ന് കാസര്‍കോട് മുതല്‍ സമരാഗ്‌നി എന്ന പേരില്‍ കെപിസിസിയുടെ രാഷ്ട്രീയ ജാഥ നടത്തുന്നുണ്ട്. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവുമാണ് ജാഥ നയിക്കുന്നത്. ഇതിന്റെ മുന്നൊരുക്കങ്ങള്‍ അടക്കം നടത്താന്‍ താല്‍ക്കാലിക ചുമതല ആര്‍ക്കെങ്കിലും നല്‍കണമെന്നാണ് യോഗത്തില്‍ ചില നേതാക്കാള്‍ ഉന്നയിച്ചത്.

ഈ വിഷയം ഇവര്‍ ഹൈകമാന്‍ഡില്‍ അറിയിക്കാനും സാധ്യതയുണ്ട്. ഞായറാഴ്ച യാത്ര തിരിക്കുന്ന സുധാകരന്‍ ജനുവരി 16നാണ് തിരിച്ചെത്തുക.

 

Back to top button
error: