KeralaNEWS

കൂടുതല്‍ നേതാക്കളെ പാര്‍ട്ടിയിലെത്തിക്കാന്‍ ലക്ഷ്യം; CPI വിട്ട് വന്നവരുമായി കുട്ടനാട്ടില്‍ ജാഥ നടത്താന്‍ CPM

ആലപ്പുഴ: സി.പി.ഐ. വിട്ട് സി.പി.എമ്മില്‍ ചേര്‍ന്നവരുമായി കുട്ടനാട്ടില്‍ ജാഥ നടത്താന്‍ സി.പി.എം. നീക്കം. പ്രാദേശികതലത്തിലാണ് ഈ നീക്കം സജീവമായിരിക്കുന്നത്. കൂടുതല്‍ സി.പി.ഐ. നേതാക്കളെ സി.പി.എമ്മിലേക്ക് എത്തിക്കാനാണ് നീക്കം. സി.പി.ഐക്കൊപ്പമുള്ള നിരവധിപേരെ സി.പി.എം. പ്രാദേശികനേതൃത്വം ബന്ധപ്പെട്ടിട്ടുണ്ട്. സി.പി.എം. വിട്ട് സി.പി.ഐയിലേക്കു പോയ നിരവധിപേര്‍ തിരികെ പാര്‍ട്ടിയിലേക്കു വരണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ട്. 20 പേര്‍ സി.പി.ഐ. വിട്ട് സി.പി.എമ്മില്‍ ചേരാന്‍ തയ്യാറായിനില്‍ക്കുന്നതായി സി.പി.എം. പ്രാദേശികനേതൃത്വം പറഞ്ഞു.

സി.പി.ഐ.നേതൃത്വം അടിസ്ഥാനഘടകത്തിലുള്ള പ്രവര്‍ത്തകരെ വേണ്ടപോലെ ശ്രദ്ധിക്കുന്നില്ല എന്നാണ് ഇവരുടെ പരാതി. സി.പി.ഐ. പ്രവര്‍ത്തകരുടെ മരണാനന്തരച്ചടങ്ങുകള്‍ക്കുപോലും നേതൃത്വം എത്തുന്നില്ലെന്ന പരാതിയാണ് ഇവര്‍ ഉന്നയിക്കുന്നത്. കഴിഞ്ഞദിവസം രാമങ്കരിയില്‍ മുതിര്‍ന്ന സി.പി.എം. അംഗം മരിച്ചപ്പോള്‍ ജില്ലാ സെക്രട്ടറി നേരിട്ടെത്തി അന്തിമോപചാരം അര്‍പ്പിച്ചത് പ്രദേശത്ത് ചര്‍ച്ചയായിരുന്നു. ഇത്തരം ഒരു സമീപനം സി.പി.ഐ. നേതാക്കളില്‍നിന്ന് ഉണ്ടാകുന്നില്ലെന്നതാണ് പരാതി.

Signature-ad

സി.പി.ഐ.യിലെ നിരവധി അസംതൃപ്തരെ സി.പി.എം. പ്രാദേശികനേതൃത്വം ബന്ധപ്പെട്ടിട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്നതിനാല്‍ മുന്നണിബന്ധത്തില്‍ വിള്ളല്‍വീഴ്ത്തുന്ന ഒരു പ്രവര്‍ത്തനവും നടത്തരുത് എന്ന് സി.പി.എം.-സി.പി.ഐ. നേതൃത്വങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്.

കുട്ടനാട് സീറ്റ് സി.പി.ഐ.ക്കു നീക്കിവെച്ചതായതിനാല്‍ കൂടുതല്‍ പ്രകോപനം വേണ്ടെന്നാണ് സി.പി.ഐ. സംസ്ഥാന ജില്ലാ നേതൃത്വങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്.

ഒരുസമയത്ത് സി.പി.എമ്മില്‍നിന്ന് ഒട്ടേറെപേരെ അടര്‍ത്തിയെടുക്കാന്‍ സി.പി.ഐ. ഉത്സാഹിച്ചിരുന്നു. പെട്ടെന്ന് ഈ പ്രവര്‍ത്തനം സി.പി.ഐ. നിര്‍ത്തിയത് നേതൃത്വങ്ങള്‍ തമ്മിലുള്ള സന്ധിസംഭാഷണത്തെ തുടര്‍ന്നായിരുന്നു. അതേസമയം, സി.പി.എമ്മിന്റെ പ്രാദേശികനേതൃത്വത്തിന് സി.പി.ഐ.യോട് പ്രതികാരംചെയ്യണം എന്ന വികാരം ശക്തമാണ്.

സി.പി.എമ്മിന് ശക്തമായ വേരുകളുള്ള കുട്ടനാട്ടില്‍ പാര്‍ട്ടിക്കുണ്ടായ തിരിച്ചടിയും നാണക്കേടും പരിഹരിക്കണം എന്നാണ് പ്രാദേശികവികാരം.

മുന്നണിബന്ധത്തിന് വിള്ളല്‍വീഴ്ത്തുന്ന ഒരു പ്രവര്‍ത്തനത്തിനും കൂട്ടുനില്‍ക്കില്ല എന്ന് സി.പി.എം. ജില്ലാനേതൃത്വം പറയുന്നുണ്ട്. എന്നാല്‍, പ്രാദേശികതലത്തില്‍ സി.പി.എമ്മിനൊപ്പം ഉറച്ചുനിന്നു പ്രവര്‍ത്തിക്കുന്നവരെ തടയേണ്ട എന്നും അഭിപ്രായമുണ്ട്.

Back to top button
error: