എൻഡിഎയുടെ ക്രിസ്തുമസ് സ്നേഹ സംഗമത്തോടനുബന്ധിച്ചുള്ള സമ്മേളനത്തിലായിരുന്നു സംഭവമെങ്കിലും ഓര്‍ത്തഡോക്സ് സഭ നിലയ്ക്കല്‍ ഭദ്രാസനം സെക്രട്ടറി ഫാ. ഷൈജു കുര്യൻ ഉൾപ്പെടെ 48 പേരാണ് ചടങ്ങിൽവച്ച് ബിജെപി അംഗത്വം സ്വീകരിച്ചത്.
ചടങ്ങ് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ ഉദ്ഘാടനം ചെയ്തു.വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തടക്കം കേരളത്തിലെ ചില മണ്ഡലങ്ങളില്‍ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയുണ്ടാവുമെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കവേ മുരളീധരൻ പറഞ്ഞു.
കേരളത്തില്‍ നിന്ന് ബി.ജെ.പിക്ക് ലോക്സഭാ എം.പിമാരില്ലെങ്കിലും സംസ്ഥാനത്തിന് നിരവധി പദ്ധതികള്‍ അനുവദിച്ചും, ക്രിസ്ത്യൻ മത ന്യൂനപക്ഷങ്ങളെ കൈയിലെടുത്തും ഇക്കുറി കൂടുതല്‍ ആത്മവിശ്വാസത്തോടെയാണ് പാര്‍ട്ടി തിരഞ്ഞെടുപ്പിനൊരുങ്ങുന്നത്. സ്ഥിരം മുഖങ്ങളെ മാറ്റി നിറുത്തി പൊതു പ്രതിച്ഛായയുള്ള നേതാക്കളെ ഇറക്കാനാണ് ആലോചനയെന്നാണ് മുരളീധരൻ അടക്കമുള്ളവർ നൽകുന്ന സൂചന.
2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമത്തു നിന്ന് ഒ. രാജഗോപാല്‍ വിജയിച്ചതൊഴിച്ചാല്‍ ബി.ജെ.പിക്ക് കേരളം ബാലികേറാമലയാണ്. 21ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമവും കൈവിട്ടു. ഇക്കുറി ക്രൈസ്തവ സമൂഹത്തെ ഒപ്പം നിർത്തി ചരിത്രം മാറ്റിയെഴുതാനുളള വാശിയിലാണ് ബി.ജെ.പി.