മുംബൈ: കൊലപാതക കേസില്‍ ഒളിവില്‍ പോയ പ്രതിയെ 31 വര്‍ഷത്തിന് ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈ സ്വദേശിയായ ദീപക് ഭിസെ എന്ന് 62 കാരനാണ് പിടിയിലായത്. 1989-ല്‍ രാജു ചിക്‌നയെന്നയാളെ കൊലപ്പെടുത്തിയതിനും മറ്റൊരാളെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും പ്രതിയാണ് ദീപക് ഭിസെ. കേസില്‍ അറസ്റ്റ് ചെയ്തെങ്കിലും ഇയാള്‍ ജാമ്യം ലഭിച്ചു. എന്നാല്‍ പിന്നീട് ഒളിവില്‍ പോകുകയായിരുന്നു. പ്രതിയുടെ നാടായ സബര്‍ബന്‍ കാണ്ടിവാലിയില്‍ പൊലീസ് അന്വേഷിച്ച് ചെന്നപ്പോഴൊക്കെ ഇയാള്‍ മരിച്ചുപോയെന്നാണ് നാട്ടുകാര്‍ പറഞ്ഞിരുന്നത്.
പക്ഷേ അയാളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഉപേക്ഷിച്ചിട്ടില്ലായിരുന്നെന്നും പൊലീസ് പറഞ്ഞു. വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ ഭിസെയുടെ ഭാര്യയുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ പൊലീസിന് ലഭിച്ചു. ഇതാണ് കേസില്‍ വഴിത്തിരിവായത്. ഈ നമ്പര്‍ വെച്ച് നടത്തിയ അന്വേഷണത്തിലാണ് പാല്‍ഘര്‍ ജില്ലയിലെ നലസോപാര മേഖലയില്‍ പ്രതിയുണ്ടെന്ന് പൊലീസിന് മനസിലായത്.വെള്ളിയാഴ്ച രാത്രി ഇയാളെ അറസ്റ്റ് ചെയ്തു.
പ്രതി കുടുംബാംഗങ്ങള്‍ക്കൊപ്പം പ്രദേശത്ത് സ്ഥിരതാമസമാക്കിയിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നതായി കാന്തിവാലി പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ നിതിന്‍ സതം പറഞ്ഞു.