മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമുള്ള ബാനറിലേക്ക് കല്ലെറിയുന്ന യുവാവിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ നിന്നുള്ളതാണ് വീഡിയോ. വെള്ള ഷര്‍ട്ടും നീല ജീന്‍സും ധരിച്ച യുവാവ് റോഡരികില്‍ സ്ഥാപിച്ചിരിക്കുന്ന മോദിയുടെ ചിത്രത്തിന് ആവര്‍ത്തിച്ചു കല്ലെറിയുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
ഗുജറാത്തിലെ കോണ്‍ഗ്രസ് നേതാവ് ഹിതേന്ദ്ര പിതാഡിയയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.ഗുജറാത്ത് കോണ്‍ഗ്രസിന്റെ എസ്സി ഡിപ്പാര്‍ട്ട്മെന്റ് ചെയര്‍മാനും എഐസിസിയുടെ മുന്‍ ദേശീയ കോര്‍ഡിനേറ്ററുമാണ് ഹിതേന്ദ്ര പിതാഡിയ. ”നരേന്ദ്ര മോദിയോട് നാഗ്പൂരില്‍ അത്രയധികം വെറുപ്പുണ്ട്. നാഗ്പൂരിലെ ബസ് സ്റ്റോപ്പില്‍ സ്ഥാപിച്ചിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബാനറിന് നേരെ ഇയാള്‍ കല്ലെറിയുന്നത് വീഡിയോയില്‍ കാണാം” -എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. നാഗ്പൂരിലെ ചന്ദ്രമണി നഗര്‍ ബസ് സ്റ്റോപ്പിലാണ് ബാനര്‍ സ്ഥാപിച്ചിരിക്കുന്നത്.
അതുവഴി പോകുന്നവര്‍ നോക്കിനില്‍ക്കുന്നതും ചിലര്‍ ദൃശ്യം മൊബൈലില്‍ പകര്‍ത്തുന്നതും കാണാം. ബി.ജെ.പിയുടെ വികസിത് സങ്കല്പ് യാത്രയുടെ ബാനറാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. നവംബര്‍ 21ന് ആരംഭിച്ച യാത്ര ജനുവരി 26ന് സമാപിക്കും. ബി.ജെ.പിയുടെ മാതൃസംഘടന ആര്.എസ്.എസ്. ആസ്ഥാനം നാഗ്പൂരാണ്.