ന്യൂഡല്‍ഹി: കനത്ത ശൈത്യവും മൂടല്‍മഞ്ഞും തുടരുന്ന ഡല്‍ഹിയില്‍ താപനില ആറ് ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്ന്നു. ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളില്‍ കടുത്ത മൂടല്‍മഞ്ഞ് ഡിസംബര്‍ 31 വരെ തുടരുമെന്നാണ് കാലവസ്ഥാവകുപ്പ് വ്യക്തമാക്കുന്നത്. മൂടല്‍മഞ്ഞ് കാഴ്ചമറയ്ക്കുന്ന സാഹചര്യമായതിനാല്‍ 134 വിമാനങ്ങളും 22 ട്രെയിനുകളുമാണ് ഡല്‍ഹിയില്‍ വൈകിയത്. വരുംദിവസങ്ങളില്‍ മൂടല്‍മഞ്ഞ് തീവ്രമാകുമെന്നും കാലാവസ്ഥാവകുപ്പ് അറിയിച്ചു.
വ്യാഴാഴ്ച പുലര്‍ച്ചെ 5.30-ഓടെ സഫ്ദര്‍ജങ് മേഖലയില്‍ ദൃശ്യത 50 മീറ്ററായി. അതേസമയം, ഡല്‍ഹിവിമാനത്താവളത്തിലും സമീപപ്രദേശങ്ങളിലും ദൃശ്യത 25 മീറ്ററായിരുന്നു. ദൃശ്യത പൂജ്യത്തിലേക്ക് താഴ്ന്ന പ്രദേശങ്ങളുമുണ്ട്. ഡല്‍ഹി കൂടാതൈ ഉത്തര്‍പ്രദേശ്, ചണ്ഡീഗഢ്, പടിഞ്ഞാറന്‍ രാജസ്ഥാനിലെ മേഖലകള്‍ എന്നിവിടങ്ങളില്‍ പൂജ്യം മുതല്‍ 25 മീറ്റര്‍വരെയാണ് ദൃശ്യതാനിരക്ക്.
ഡല്‍ഹിക്ക് സമാനമായി ഉത്തര്‍പ്രദേശിന്റെ കൂടുതല്‍ ഭാഗങ്ങളിലും വടക്കന്‍ രാജസ്ഥാനിലും മധ്യപ്രദേശിന്റെ വടക്കന്‍ മേഖലകളിലും മൂടല്‍മഞ്ഞ് തീവ്രമായേക്കാമെന്നും കേന്ദ്രകാലാവസ്ഥാവകുപ്പ് വ്യക്തമാക്കി. ശീതതരംഗം നിലനില്‍ക്കുന്നതിനാല്‍ താപനില ആറ് ഡിഗ്രിയില്‍ തന്നെ തുടര്‍ന്നേക്കും. നിലവിലെ സാഹചര്യത്തില്‍ താപനില 21 ഡിഗ്രിക്ക് മുകളിലേക്ക് കടക്കാന്‍ സാധ്യതയില്ല
അതിശൈത്യം തുടരുന്നതിനാല്‍ ഉത്തര്‍പ്രദേശിലെ പല നഗരങ്ങളിലും സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. അതിനിടെ ഡല്‍ഹിയില്‍ വായുനിലവാരം മോശം അവസ്ഥയില്‍ത്തന്നെ തുടരുകയാണ്. ആനന്ദ് വിഹാറില്‍ 464 ആണ് വായു ഗുണനിലവാര സൂചിക.