Lead NewsNEWS

കേന്ദ്രസര്‍ക്കാര്‍ തുടരുന്ന സ്വകാര്യവൽക്കരണ നയങ്ങൾക്കെതിരെ ശക്തമായി ഇടപെടും: മുഖ്യമന്ത്രി

റെയില്‍വേ, ഊര്‍ജ്ജം, പ്രതിരോധം തുടങ്ങി സുപ്രധാന മേഖലകളിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ തുടര്‍ന്നുവരികയാണ്. തെറ്റായ ഇത്തരം നയങ്ങള്‍ക്കെതിരെ രാജ്യമെമ്പാടും ഉയരുന്ന പ്രതിഷേധം കേന്ദ്രം കണ്ടില്ലെന്ന് നടിക്കുന്നു. സംസ്ഥാനത്തെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യ മേഖലയ്ക്ക് തീറെഴുതുന്ന നടപടികളിലുള്ള സംസ്ഥാനത്തിന്റെ ഉത്ക്കണ്ഠ പലതവണ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. 

കൊച്ചിന്‍ റിഫൈനറി ഉള്‍പ്പെടുന്ന ബി.പി.സി.എല്‍ കമ്പനിയും വില്‍പ്പനയ്ക്ക് വച്ചിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും വലിയ പെട്രോളിയം കമ്പനിയും മഹാരത്‌ന പദവിയുമുള്ള ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ കഴിഞ്ഞ അരനൂറ്റാണ്ട് കാലമായി ലാഭത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്ഥാപനമാണ്. കൊച്ചിന്‍ റിഫൈനറി സ്വകാര്യവല്‍ക്കരിക്കപ്പെട്ടാല്‍ സംസ്ഥാനം കിഫ്ബി ഫണ്ട് ഉപയോഗിച്ച് ആരംഭിക്കുന്ന പെട്രോ കെമിക്കല്‍ പാര്‍ക്കിന്റെ ഭാവിയെ ദോഷകരമായി ബാധിക്കും.

Signature-ad

സ്വകാര്യവല്‍ക്കരണ നീക്കത്തില്‍നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് രണ്ടുതവണ ബഹു. പ്രധാനമന്ത്രിക്കും ബഹു. കേന്ദ്ര ധനകാര്യവകുപ്പുമന്ത്രിക്കും കത്തയച്ചിരുന്നു. ദേശീയ താല്‍പ്പര്യവും സംസ്ഥാനത്തിന്റെ പ്രത്യേക താല്‍പ്പര്യവും കണക്കിലെടുത്ത് കമ്പനിയെ പൊതുമേഖലയില്‍ തന്നെ നിലനിര്‍ത്തണമെന്നും ഓഹരി വിറ്റഴിക്കുന്ന നടപടികളില്‍ നിന്ന് പിന്മാറണമെന്നും ആവശ്യപ്പെട്ട് 2019 നവംബര്‍ 19-ന് കേരള നിയമസഭ ഐകകണ്‌ഠ്യേന പ്രമേയം പാസ്സാക്കി കേന്ദ്ര സര്‍ക്കാരിന് അയച്ചുകൊടുത്തിട്ടുണ്ട്. 

കേന്ദ്ര സര്‍ക്കാര്‍ ഇത്തരം തെറ്റായ നയങ്ങള്‍ തുടരുമ്പോഴും അടച്ചുപൂട്ടുന്ന സ്ഥാപനങ്ങള്‍ ഏറ്റെടുത്ത് പൊതുമേഖലയില്‍ തന്നെ നിലനിര്‍ത്താനുള്ള ശ്രമങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്.

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കോട്ടയത്തെ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റിന്റെ ഓഹരികള്‍ വിറ്റഴിക്കാനുള്ള നടപടികള്‍ ആരംഭിച്ചപ്പോള്‍തന്നെ സംസ്ഥാന സര്‍ക്കാര്‍ ശക്തമായ വിയോജിപ്പ് അറിയിച്ചുവെങ്കിലും സ്വകാര്യവല്‍ക്കരണ നടപടികളുമായി മുന്നോട്ടുപോവുകയാണുണ്ടായത്. സംസ്ഥാനം സ്വമേധയാ കമ്പനിയുടെ ആസ്തി ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ചിട്ടും ലിക്വിഡേഷന്‍ നടപടികളാണ് സ്വീകരിച്ചത്. തുടര്‍ന്ന് നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍ ഉത്തരവ് പ്രകാരം കമ്പനിയെ കോര്‍പ്പറേറ്റ് ഇന്‍സോള്‍വന്‍സി റസല്യൂഷന്‍ പ്രോസസിന് വിധേയമാക്കി. റസല്യൂഷന്‍ പ്രൊഫഷണല്‍ മുമ്പാകെ സംസ്ഥാനം റസല്യൂഷന്‍ പ്ലാന്‍ സമര്‍പ്പിക്കുകയും ആയത് കമ്മിറ്റി ഓഫ് ക്രെഡിറ്റേഴ്‌സ് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. കമ്മിറ്റി ഓഫ് ക്രെഡിറ്റേഴ്‌സിന്റെ ശിപാര്‍ശ നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍ അംഗീകരിക്കുന്നതോടുകൂടി ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റിന്റെ ഏറ്റെടുക്കല്‍ നടപടി സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പാലക്കാട് ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡ് ഏറ്റെടുക്കുന്നതിനുള്ള കരട് ധാരണാപത്രം കേന്ദ്ര അംഗീകാരത്തിനായി നല്‍കിയിട്ടും അനുകൂല പ്രതികരണം ഉണ്ടായിട്ടില്ല. വ്യവസായ ആവശ്യത്തിന് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് സൗജന്യമായി നല്‍കിയ 123 ഏക്കര്‍ ഭൂമിയുടെ വില കൂടി നല്‍കണമെന്ന കേന്ദ്ര സര്‍ക്കാര്‍ ആവശ്യത്തിനെതിരായ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് കേന്ദ്രത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.

കേന്ദ്ര-സംസ്ഥാന സംയുക്ത സംരംഭമായ കാസര്‍കോട്ടെ ഭെല്‍-ഇ.എം.എല്‍(BHEL-EML) ന്റെ ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ ഭെല്ലിന്റെ 51 ശതമാനം ഓഹരികള്‍ സംസ്ഥാനം വാങ്ങാന്‍ തീരുമാനിക്കുകയുണ്ടായി. ഇതിനായുള്ള കരട് കരാറിന് കേന്ദ്രത്തിന്റെ അന്തിമ അംഗീകാരം ഇനിയും ലഭിച്ചിട്ടില്ല. കമ്പനിയുടെ ഭൂരിഭാഗം ഓഹരികളും കൈവശമുള്ള ഭെല്ലിനാണ് കമ്പനിയുടെ ഭരണപരമായ ചുമതല. എന്നിരുന്നാലും ഈ സ്ഥാപനത്തിന്റെ പ്രവര്‍ത്തന മാന്ദ്യം മറികടക്കുന്നതിനും തൊഴിലാളികളുടെ ക്ഷേമത്തിനുമായി പ്രവര്‍ത്തനമൂലധനമായി സംസ്ഥാനം 6.8 കോടി രൂപ പ്രവര്‍ത്തന മൂലധനമായി ഈ സംയുക്ത സംരംഭത്തിന് നല്‍കിയിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാരിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള പാലക്കാട്ടെ ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡ് (BEML) സ്വകാര്യവല്‍ക്കരിക്കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനായുള്ള താല്‍പര്യപത്രം പ്രസിദ്ധീകരിക്കാന്‍ നീക്കം ത്വരിതഗതിയില്‍ നടക്കുകയാണ്. സൈനിക വാഹനങ്ങള്‍, മെട്രോ കോച്ചുകള്‍ തുടങ്ങിയവയുടെ നിര്‍മ്മാണം നടത്തുന്ന ഈ കമ്പനിയെ രാജ്യ സുരക്ഷ കണക്കിലെടുത്ത് പൊതുമേഖലയില്‍ നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി 05.01.2021-ല്‍ ബഹു. പ്രധാനമന്ത്രിക്ക് വീണ്ടും കത്ത് അയച്ചിട്ടുണ്ട്.

കേന്ദ്രസര്‍ക്കാര്‍ തുടരുന്ന സ്വകാര്യവൽക്കരണ നയങ്ങൾക്കെതിരെ എല്ലാ തരത്തിലും സംസ്ഥാന സര്‍ക്കാര്‍ കഴിയുന്ന രീതിയില്‍ ഇടപെട്ടിട്ടുണ്ട്. ഇനിയും ഇടപെടും.

Back to top button
error: