സിയോള്‍(ദക്ഷിണകൊറിയ): ഓസ്‌കര്‍ അവാര്‍ഡ് ചിത്രം പാരസൈറ്റിലൂടെ ശ്രദ്ധേയനായ നടന്‍ ലീ സുന്‍ ക്യുന്‍ മരിച്ച നിലയില്‍. സിയോളിലെ വര്‍യോങ് പാര്‍ക്കിങ്ങില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. 48 വയസായിരുന്നു. ആത്മഹത്യയെന്നാണ് സൂചന. അടുത്തിടെ താരം മയക്കുമരുന്ന് കേസില്‍പ്പെട്ട് വിവാദത്തിലായിരുന്നു.
ആത്മഹത്യക്കുറിപ്പ് എഴുതിവച്ച് ഭര്‍ത്താവ് വീടുവിട്ടിറങ്ങി എന്ന് പറഞ്ഞുകൊണ്ട് നടന്റെ ഭാര്യയാണ് പൊലീസിനെ സമീപിക്കുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാറില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അടുത്തിടെയാണ് ലീ സുന്‍ ക്യുന്‍ വിവാദത്തില്‍പ്പെടുന്നത്. തുടര്‍ന്ന് വരാനിരിക്കുന്ന പല പ്രൊജക്ടുകളില്‍ നിന്നും അദ്ദേഹം പിന്മാറിയിരുന്നു. ഒക്ടോബര്‍ മുതല്‍ മയക്കുമരുന്ന് കേസില്‍ അന്വേഷണത്തിലായിരുന്നു താരം.
2001-ല്‍ ലവേഴ്‌സ് എന്ന ഒരു ടെലിവിഷന്‍ സിറ്റ്‌കോമിലൂടെയാണ് ലീ സുന്‍ ക്യുന്‍ അഭിനയരംഗത്തേക്ക് എത്തുന്നത്. പിന്നീട് 41 സിനിമകളിലും 25 ടെലിവിഷന്‍ പരമ്പരകളിലും അദ്ദേഹം അഭിനയിച്ചു. പാരസൈറ്റില്‍ പണക്കാരനായ മുതലാളിയുടെ കഥാപാത്രമായാണ് ലീ സുന്‍ എത്തിയത്. മികച്ച ചിത്രത്തിനുള്ള ഓസ്‌കര്‍ അവാര്‍ഡ് ചിത്രം നേടിയിരുന്നു. പാരസൈറ്റ് കൂടാതെ അവര്‍ ടൗണ്‍, ഹെല്‌പ്ലെസ്, സ്ലീപ്, കോഫി പ്രിന്‍സ് ആന്‍ഡ് എ ഹാര്‍ഡ് ഡേ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. നടി ജിയോണ്‍ ഹൈ-ജിനാണ് ഭാര്യ. ഇവര്‍ക്ക് രണ്ട് ആണ്‍മക്കളുണ്ട്.