പ്രണയം എപ്പോൾ, എവിടെവച്ച്, എങ്ങനെ സംഭവിക്കും എന്ന് പറയുക സാധ്യമല്ല. അതുപോലെ ഒരു കാലത്ത് ട്രെൻഡായിരുന്നു റോങ് നമ്പറുകളിലൂടെയും മിസ്കോളുകളിലൂടെയും പരിചയപ്പെടുക. പിന്നീട്, അത് പ്രണയമായിത്തീരുക എന്നത്. അത് തന്നെയാണ് ഇവിടെയും സംഭവിച്ചത്. ബിഹാറിലെ ജാമുയി ജില്ലയിലെ ജവതാരി ഗ്രാമത്തിൽ നിന്നുള്ള ആരതി കുമാരിയുടെയും പാറ്റ്ന ജില്ലയിലെ പണ്ടാരക്കിൽ നിന്നുള്ള രാംസേവക്കിന്റെയും ജീവിതത്തിൽ.
നാല് വർഷം മുമ്പാണ് അത് സംഭവിക്കുന്നത്. രാംസേവക്കിന്റെ ഫോണിലേക്ക് അറിയാത്ത നമ്പറിൽ നിന്നും ഒരു കോൾ വരുന്നു. അത് വിളിച്ചത് ആരതിയായിരുന്നു. എന്നാൽ, നമ്പർ മാറിവന്ന ആ ഫോൺകോൾ അവരെ കൊണ്ടുചെന്നെത്തിച്ചത് പ്രണയത്തിലാണ്. ഇരുവരും പരസ്പരം കണ്ടിട്ടില്ലെങ്കിലും ഫോൺ വിളികളിലൂടെ പ്രണയം തുടർന്നു. പിന്നീട്, അവർ ആരതിയുടെ വീട്ടിൽവച്ചും ജാമുയി റെയിൽവേ സ്റ്റേഷനിൽ വച്ചും ഇടയ്ക്കിടെ കണ്ടുമുട്ടാൻ തുടങ്ങി. ആരതിയുടെ അമ്മയ്ക്കും ഇവരുടെ പ്രണയത്തെ കുറിച്ച് അറിയാമായിരുന്നു.
അങ്ങനെ ഒരു ദിവസം ആരതിയെ കാണാൻ 150 കിലോമീറ്റർ ദൂരെനിന്നും എത്തിയതാണ് രാംസേവക്. ഇരുവരും മുറിയിലിരുന്ന് സംസാരിക്കവെ നാട്ടുകാർ എത്തി പ്രശ്നമുണ്ടാക്കി. വലിയ ബഹളം തന്നെ. ഇരുവരെയും നാട്ടുകാർ ആ മുറിയിൽ പൂട്ടിയിട്ടു. തുറന്ന് വിടണമെങ്കിൽ ഇരുവരും വിവാഹിതരാവണം എന്നതായിരുന്നു നാട്ടുകാരുടെ ഡിമാൻഡ്. വർഷങ്ങളായി പ്രണയത്തിലായിരിക്കുന്ന, ഒന്നിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്ന രണ്ടുപേർ എന്ന നിലയിൽ ഇരുവർക്കും അത് സമ്മതമായിരുന്നു. അങ്ങനെ, നാട്ടുകാരുടെയും വീട്ടുകാരുടെയും സമ്മതത്തോടെ നാല് വർഷത്തെ പ്രണയത്തിനൊടുവിൽ ഇരുവരും വിവാഹിതരായി.