CrimeNEWS

മന്ത്രവാദം നടത്തിയെന്നാരോപിച്ച് 30കാരിയായ ആദിവാസി യുവതിയെ തീകൊളുത്തി കൊന്നു, ആക്രമണം ഭർത്താവിനെ കെട്ടിയിട്ട ശേഷം; അയൽവാസിയുൾപ്പെടെ നാലുപേർ പിടിയിൽ

ദില്ലി: അസമിൽ മന്ത്രവാദം നടത്തിയെന്നാരോപിച്ച് ആദിവാസി യുവതിയെ തീകൊളുത്തി കൊന്നു. സംഗീത കാതിയെന്ന മുപ്പത്തുകാരിയെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തിൽ അയൽവാസിയുൾപ്പെടെ നാലുപേർ പിടിയിലായി. അസമിലെ സൊനിത്പൂരിൽ കഴിഞ്ഞ ദിവസം രാത്രിയാണ് ദാരുണസംഭവങ്ങളുണ്ടായത്. യുവതിയുടെ അയൽവാസിയായ സൂരജ് ഭഗ്വാറിന്റെ നേതൃത്വത്തിലെത്തിയ ആറംഗസംഘമാണ് ക്രൂരമായ കൊലപാതകം നടത്തിയത്.

മന്ത്രവാദം നടത്തിയെന്നാരോപിച്ചായിരുന്നു കൊലപാതകം. മദ്യപിച്ചെത്തിയ സൂരജ് സംഗീതയുമായി ത‍ര്‍ക്കത്തിലായി. ഇതിനിടെ അക്രമിസംഘം മൂർച്ചയേറിയ ആയുധങ്ങളുപയോഗിച്ച് യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ചു. ഭർത്താവിനെ കെട്ടിയിട്ടായിരുന്നു ആക്രമണം. കുത്തേറ്റു വീണ സംഗീതയെ തീകൊളുത്തി. പൊലീസെത്തും മുൻപ് അക്രമിസംഘം കടന്നുകളഞ്ഞു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. അക്രമിസംഘത്തിലെ നാലുപേരെ പിടികൂടി, രണ്ടുപേർ ഒളിവിലാണ്. വിശദമായ അന്വേഷണം പ്രഖ്യാപിച്ച പൊലീസ് മന്ത്രവാദത്തിന്റെ പേരിലാണോ കൊലപാതകമെന്നും പരിശോധിക്കുന്നുണ്ട്.

Back to top button
error: