ലഖ്നൗ: ഉത്തര്‍ പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെൻ പട്ടേലിന്റെ സന്ദര്‍ശനത്തിനിടെ, മരണപ്പെട്ട ജീവനക്കാരന് ഡ്യൂട്ടി നല്കിയ ആരോഗ്യ വകുപ്പ് വിഭാഗം ജീവനക്കാരന് സസ്പെൻഷൻ.
ചീഫ് മെഡിക്കല്‍ ഓഫിസറുടെ ഓഫിസിലെ ക്ലര്‍ക്കായ ബ്രിജേഷ് കുമാറിനെയാണ് ശനിയാഴ്ച സി.എം.ഒ ഡോ. വിജയ്പതി ദ്വിവേദി സസ്പെൻഡ് ചെയ്തത്.
ബല്ല്യയിലെ ജനനായക് ചന്ദ്രശേഖര്‍ യൂനിവേഴ്സിറ്റിയിലെ കോണ്വൊക്കേഷൻ ചടങ്ങിന് ഗവര്‍ണര്‍ എത്തിയപ്പോഴാണ് മരിച്ച ജീവനക്കാരന് ഡ്യൂട്ടി നല്‍കിയത്.
ഗവര്‍ണറുടെ സന്ദര്‍ശന വേളയില്‍ മരിച്ച ജീവനക്കാരന് ഡ്യൂട്ടി അനുവദിച്ചതിലൂടെ ബ്രിജേഷ് കുമാര്‍ ഗുരുതര വീഴ്ചയാണ് വരുത്തിയതെന്ന് മെഡിക്കല്‍ ഓഫിസര്‍ ഡോ. ദ്വിവേദി പറഞ്ഞു.
ഗവര്‍ണറുടെ പരിപാടിക്കിടെ ഭക്ഷണം പരിശോധിക്കാൻ ക്ലര്‍ക്ക് ആരെയും നിയമിച്ചില്ലെന്നും മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു.