ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30ന് ക്രിസ്മസ് വിരുന്നൊരുക്കും. മതമേലധ്യക്ഷരും ക്രൈസ്തവ സഭയിലെ പ്രമുഖരും പങ്കെടുക്കും. കേരളത്തില്‍നിന്നുള്ള സഭാധ്യക്ഷര്‍ പരിപാടിയില്‍ പങ്കെടുക്കുമോ എന്നതില്‍ വ്യക്തത വന്നിട്ടില്ല. ഡല്‍ഹിയില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുമെന്നാണു റിപ്പോര്‍ട്ട്.
ക്രൈസ്തവ സമുദായത്തിലെ പ്രമുഖര്‍ക്ക് ഉള്‍പ്പെടെ വിരുന്നിന് ക്ഷണമുണ്ട്. പ്രധാനമന്ത്രിയുടെ വസതിയില്‍ ആദ്യമായാണ് ഇത്തരമൊരു ചടങ്ങ് സംഘടിപ്പിക്കുന്നത്. കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ പ്രധാനമന്ത്രി ഡല്‍ഹിയിലെ സേക്രട്ട് ഹാര്‍ട്ട് ദേവാലയം സന്ദര്‍ശിച്ചിരുന്നു. മണിപ്പുര്‍ കലാപത്തെ തുടര്‍ന്ന് അകന്ന ക്രൈസ്തവ വിഭാഗത്തെ ഒപ്പം നിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട് വിരുന്ന് സംഘടിപ്പിക്കുന്നതെന്നാണു സൂചന.
ഗോവ, മഹാരാഷ്ട്ര, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലെ സഭാധ്യക്ഷര്‍ക്കും വിരുന്നിന് ക്ഷണമുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത വേളയിലാണ് പ്രധാനമന്ത്രിയുടെ വിരുന്ന് എന്നത് ശ്രദ്ധേയമാണ്.