ആട്ടിടയർ
ഓലയും പനമ്പും കൊണ്ട് കെട്ടിത്തറച്ച ലായത്തിനുള്ളിലേക്ക് ആടുകളെ ഒന്നൊന്നായി കയറ്റിവിട്ടിട്ട് അയാൾ പുറത്തേക്കിറങ്ങി.അപ്പോഴേക്കും അയാളുടെ മക്കൾ തണുപ്പിൽ നിന്നും രക്ഷപ്പെടാനായുളള നെരിപ്പോട് പുറത്ത് തയാറാക്കിക്കഴിഞ്ഞിരുന്നു.അയാളു ടെ കൊച്ചുമക്കളാകട്ടെ,ആ നിമിഷവും
പുൽമേടുകളിലൂടെയുള്ള കളി അവസാനിപ്പിച്ചിട്ടുണ്ടായിരുന്നി ല്ല.
അയാൾ അവരെ കൈകൊട്ടി അടുത്തേക്കു വിളിച്ചുകൊണ്ട് നെരിപ്പോടിനരികിലേക്ക് മെല്ലെ ഇരുന്നു.ആകാശത്തിൽ നിന്നും മഞ്ഞുകണങ്ങൾ ഭൂമിയിലേക്ക് വർഷിക്കാൻ തുടങ്ങിയിരുന്നു അപ്പോൾ.
“ഇന്നു നിങ്ങളോടു ഞാൻ മറ്റൊരു കഥ പറയാം..” അയാളുടെ കണ്ണുകൾ അപ്പോൾ ആകാശത്തു മിന്നിത്തിളങ്ങുന്ന നക്ഷത്രക്കൂട്ടങ്ങളിലായിരുന്നു.
കുട്ടികൾ അപ്പോഴേക്കും നെരിപ്പോടിനു ചുറ്റും വട്ടമിട്ട് ഇരുന്നു കഴിഞ്ഞിരുന്നു.
അത് പതിവുള്ളതാണ്.ആടുകളെ മേയിച്ച് തിരിച്ചുവന്ന ശേഷം നെരിപ്പോടു കൂട്ടി അതിനുചുറ്റും കൊച്ചുമക്കളെ പിടിച്ചിരുത്തിയുള്ള അയാളുടെ കഥ പറച്ചിൽ.അവർക്ക് ഉറക്കം വരുന്നതുവരെ അത് തുടരും.അപ്പോഴേക്കും തങ്ങളുടെ ഭാര്യമാരെയും അമ്മയേയും വീട്ടുജോലികളിൽ സഹായിച്ചിട്ട് അയാളുടെ മക്കൾ പുറത്തേക്കു വരും.പിന്നെ എല്ലാവരും ചേർന്ന് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കും.അതുകഴിഞ്ഞ് കുട്ടികളേയും സ്ത്രീകളേയും വീടിനുള്ളിലേക്ക് ഉറങ്ങാൻ വിട്ടിട്ട് അവർ അപ്പനും മക്കളും നെരുപ്പോടിന് ചുറ്റും വട്ടമിട്ടിരുന്ന് വീണ്ടും കഥ പറച്ചിൽ തുടരും.
അയാൾ കഥപറച്ചിലുകാരുടെ ആദിമ ഗോത്രത്തിൽ പിറന്നവനായിരുന്നു.ആടുകളുടെ കാവൽക്കാരൻ.ദുഷ്ടമൃഗങ്ങളിൽ നിന്നും കവർച്ചക്കാരിൽ നിന്നും തങ്ങളുടെ ആടുകളെ രക്ഷിക്കുന്നതിനായി പുലരിവരെ കൊടും തണുപ്പിൽ ഉറങ്ങാതെ ചൂടും കാഞ്ഞിരുന്ന് അയാൾ കഥ പറഞ്ഞുകൊണ്ടേയിരിക്കും.അതെ,അയാൾ കഥപറച്ചിലുകാരുടെ ആദിമ ഗോത്രത്തിൽ പിറന്നവൻ.ഇടയമുത്തച്ഛൻ!
“ഇമ്മാനുവേൽ എന്നതിന്റെ അർത്ഥം എന്താണെന്ന് നിങ്ങൾക്കറിയാമോ?” അയാൾ കുട്ടികളോടായി ചോദിച്ചു.
“ദൈവം നമ്മോടു കൂടെ..” കുട്ടികൾ ഒന്നടങ്കം വിളിച്ചു പറഞ്ഞു.
അയാൾ ഒന്നു ചിരിച്ചു.
ഇരുണ്ട ആകാശപ്പരപ്പിൽ പതിഞ്ഞു മിന്നുന്ന നക്ഷത്രക്കൂട്ടങ്ങളിലായിരുന്നു അപ്പോഴും അയാളുടെ ശ്രദ്ധ.
പതിവുപോലെ അന്നും സന്ധ്യയ്ക്ക്,മേയാൻ വിട്ടിരുന്ന ആട്ടിൻപറ്റങ്ങളെ തിരികെ കൂടെക്കൂട്ടി അടുത്തുകണ്ട മലഞ്ചെരുവിൽ തമ്പടിച്ച് തണുപ്പകറ്റാൻ തീകാഞ്ഞുകൊണ്ടും മറ്റും അടുത്ത പുലരിയിലേക്കുള്ള വിശ്രമത്തിലായിരുന്നു ആട്ടിടയൻമ്മാർ.അരക്ഷിതഭാവിയുടെ ഇരുളിമ പരന്ന മനസ്സുമായി ജീവിതത്തിന്റെ വെളിമ്പറമ്പിൽ കഴിഞ്ഞിരുന്ന അവരുടെ മുമ്പിലേക്കായിരുന്നു ആ മംഗളഗീതം പെയ്തിറങ്ങിയത്.
“അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം. ഭൂമിയിൽ ദൈവപ്രസാധമുള്ള മനുഷ്യർക്ക് സമാധാനം!”
അത്യന്തം ക്ലേശപൂർണമായ ജീവിതമായിരുന്നു ആട്ടിടയൻമ്മാരുടേത്.നാടും വീടും ഉപേക്ഷിച്ച് വയലുകളിലും മലഞ്ചെരുവുകളിലും അലഞ്ഞ്, വിലാസങ്ങളും ബന്ധങ്ങളും നഷ്ടപ്പെട്ട് സ്വന്തം പേരിനുപോലും പ്രസക്തിയില്ലാതായിത്തീർന്നവർ!
തണുപ്പിന്റെയും അലച്ചിലിന്റെയും ആലസ്യത്തിൽ നിന്നും അവർ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു.ആടു കൾ കരഞ്ഞു ബഹളമുണ്ടാക്കി.
“ഭയപ്പെടേണ്ടാ;സർവ്വ ജനത്തിനും ഉണ്ടാകുവാനുള്ള മഹാസന്തോഷം ഞാൻ നിങ്ങളോട് സുവിശേഷിക്കുന്നു.കർത്താവായ ക്രിസ്തു എന്ന രക്ഷിതാവ് ഇന്ന് ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു..”
മഞ്ഞും നിലാവും ഒരുമിച്ച് പെയ്യുന്ന രാത്രികളുടെ കാലമായിരുന്നു അത്.ബേതലഹേമിലെ കുന്നിൻ ചരിവുകളിൽ ഒലീവുകളും ദേവദാരുക്കളും പൂത്തുനിന്നിരുന്നു.കോണിഫറസ് മരങ്ങൾ അൾത്താരയ്ക്കു മുമ്പിലെ നവവധുവിനെപ്പോലെ കൂമ്പിയടഞ്ഞും!
“ആ രാത്രിയിൽ ഉണ്ണിയേശുവിന്റെ കരച്ചിൽ കേട്ട് റാന്തൽ വിളക്കുമായി ആദ്യം ഓടിയെത്തിയത് ആരായിരുന്നെന്ന് നിങ്ങൾക്ക് അറിയാമോ..?”അയാൾ കഥ തുടരുകയായിരുന്നു.
കുട്ടികൾ അയാളുടെ മുഖത്തേക്കു തന്നെ ഉറ്റുനോക്കിയുമിരുന്നു.
“ഇടയസ്ത്രീകൾ..! ഇടയസ്ത്രീകൾ കൊണ്ടുവന്ന വിളക്കിന്റെ വെളിച്ചത്തിലാണ് ഉണ്ണിയേശു മിഴി തുറന്നത്.അവർ നൽകിയ പുതപ്പാണ് അവന്റെ തണുപ്പകറ്റിയത്…!!”
അയാൾ നെരിപ്പോടിനുള്ളിലെ വിറകു കഷണങ്ങൾ ഒന്നുകൂടി ഇളക്കിയിട്ടു.
“ആടുകളെ മേയിച്ചും റോമൻ പട്ടാളക്കാരെ വന്ദിച്ചും വളഞ്ഞുപോയ നമ്മുടെ ചുമലുകളും കുനിഞ്ഞുപോയ നമ്മുടെ ശിരസ്സും അന്നുമുതലാണ് നേരെയായി തുടങ്ങിയത്!”
കുട്ടികൾ വീർപ്പടക്കി ഇരിക്കുകയായിരുന്നു.മഞ്ഞു വീഴുന്ന ശബ്ദം ചുറ്റിൽനിന്നും താളാത്മകമായി ഉയർന്നുകൊണ്ടേയിരുന്നു.
കന്യക ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും.ദൈവം നമ്മോടുകൂടെ എന്നർത്ഥമുള്ള ഇമ്മാനുവേൽ എന്ന് അവൻ വിളിക്കപ്പെടും.
“ഇമ്മാനുവേൽ എന്നാൽ ദൈവം നമ്മോടുകൂടെ എന്നു മാത്രമായിരിക്കില്ല അർത്ഥം.ചിലപ്പോൾ നമ്മെപ്പോലെ എന്നുകൂടി അതിന് അർത്ഥമുണ്ടാവാം..”അയാൾ എഴുന്നേറ്റു.
“ഞാനൊന്നു മേൽ കഴുകിയിട്ടു വരാം..”
ധനുമാസപൗർണ്ണമി പാൽനിലാവ് വർഷിച്ച ഒരു രാത്രിയായിരുന്നു അത്.പൂർണ്ണചന്ദ്രാലംകൃതമായ മറ്റൊരു ക്രിസ്തുമസ് രാത്രി!
ഏബ്രഹാം വറുഗീസ്