ക്രിസ്മസെന്നാൽ മഞ്ഞും തണുപ്പുമായിരുന്നു…
പിന്നെ നക്ഷത്രവിളക്കിന്റെ ശോഭയും
പടക്കങ്ങളുടെ ഗന്ധവും…
കറന്റ് ഉണ്ടായിരുന്നെങ്കിലും
മുറ്റത്തു കുത്തി നാട്ടിയ വാറിന്റെ മുകളിൽ
കടലാസ് നക്ഷത്രം മെഴുകുതിരി കത്തിച്ചു വച്ച്
വലിച്ചു കയറ്റും..
ആദ്യത്തെ കാറ്റിൽ തന്നെ അത് കത്തിത്തീരും ..
പിന്നെയാണ് ബൾബിലേക്ക് മാറിയത്.
ഈറമരത്തിന്റെ ചില്ലകൾ വെട്ടിയുണ്ടാക്കിയ “ക്രിസ്മസ് ട്രീ” യിലും പിന്നീട് വൈദ്യുത ബൾബുകൾ അലങ്കാരം തീർത്തു.
അതിനു മുമ്പ് വർണ്ണക്കടലാസുകളും ബലൂണുകളുമൊക്കെയായിരുന്നു ട്രീയെ സമ്പന്നമാക്കിയിരുന്നത്.
അതുപോലെ തന്നെ പുൽക്കൂടും..
എങ്കിലും ക്രിസ്തുമസ് കാലത്തെ ഏറ്റവും വലിയ സന്തോഷം മഞ്ഞും തണുപ്പുമായിരുന്നു.
നിശയുടെ നിശബ്ദതയിൽ മഞ്ഞുതിരുന്നതിന്റെ താളാത്മകമായ ശബ്ദം കേട്ട് കമ്പിളി പുതപ്പിനുള്ളിൽ..
അതിനിടയിൽ ഇടവഴികളിൽ നിന്നും ഉയരുന്ന ക്രിസ്തുമസുകാരുടെ തമ്പേറടിയും പാട്ടുകളും…
ഇലകൾ കൂമ്പിയടഞ്ഞു തുടങ്ങിയ മരങ്ങളുടെ ശിഖിരങ്ങൾക്കിടയിലൂടെ പാറിവരുന്ന പാതിമറഞ്ഞ നിലാവിന്റെ വെട്ടവും ആകാശത്തിലെ അസംഖ്യം നക്ഷത്രങ്ങളും..
കരിയിലകൾക്കുമേലെ പറ്റിപ്പിടിച്ചിരിക്കുന്ന മഞ്ഞുതുള്ളികൾ നിലാവേറ്റ്
വൈഡൂര്യം പോലെ വെട്ടിത്തിളങ്ങുന്ന ഒറ്റയടിപ്പാതയിലൂടെ കരോൾ കൂടാനായി പള്ളിയിലേക്കും തിരിച്ചുമുള്ള യാത്രകൾ…
കേക്കും കാപ്പിയും ഉണ്ടാവും.ചിലപ്പോൾ പുഴുങ്ങിയ നേന്ത്രപ്പഴവും..
ഇന്ന് മഞ്ഞില്ല,തണുപ്പില്ല..
പകലെന്നല്ല, രാത്രിയിൽ പോലും വീട്ടിൽ കിടന്നുറങ്ങാൻ വയ്യാത്ത അവസ്ഥ !!.
റെക്കോഡ് ചെയ്ത പാട്ടുകളുമായി ഏതൊക്കെയോ ക്ലബുകാർ “ക്രിസ്തുമസു”കാരായി വന്നു.
പിന്നെ മെയിൻ റോഡിൽക്കൂടി അലങ്കരിച്ച വാനിൽ ഒന്നു രണ്ടു കൂട്ടർ അലറി വിളിച്ചു പോകുന്നതും കേട്ടു.
ഈ പാട്ടുകൾക്കൊന്നും ദൈവപുത്രന്റെ ജനനത്തിന്റ നേരും നോവുമില്ലായിരുന്നു.
എല്ലാം ഡബ്ബാക്കൂത്ത് പാട്ടുകൾ…!!!
അക്കാലത്ത് പള്ളിയിൽ നിന്നും പാതിരാത്രിയിൽ തണുത്തു വിറച്ച് ഉറക്കച്ചടവോടെ വീട്ടിൽ വന്നുകയറുമ്പോൾ കഴിച്ച
ചെണ്ടമുറിയന്റെയും കാന്താരി ചമ്മന്തിയുടെയും രുചിയാകട്ടെ ഇന്ന് പലവിധ ബിരിയാണികൾ മാറിക്കഴിച്ചിട്ടും കിട്ടുന്നതുമില്ല.
എങ്കിലും ക്രിസ്തുമസ് എന്നാൽ സന്തോഷമാണ്.മനസ്സിനും ശരീരത്തിനും മഞ്ഞിന്റെ കുളിർമ്മയുമാണ്..!
മരങ്ങൾ ഇലപൊഴിക്കുകയും പുൽമേടുകളിലെങ്ങും മഞ്ഞുവീഴുകയും ചെയ്തുകൊണ്ടിരുന്ന ഹേമന്തത്തിലെ ആ നക്ഷത്രാങ്കിത രാത്രിയിൽ കിഴക്കു നിന്നുള്ള രാജാക്കന്മാർക്ക് ബേതലഹേമിലേക്ക് വഴി കാട്ടിയ ദിവ്യ നക്ഷത്രവും അഭിജാത സംപൂതിയുടെ അത്യുന്നതങ്ങളായ കോണിഫറസ് മരങ്ങളും ക്രിസ്തുമസ് വിളക്കും ക്രിസ്തുമസ് ട്രീയുമായൊക്കെ മാറുന്ന ഈ വേളയിൽ മനസ്സ് ഇപ്പോഴും പഴയ ആ നക്ഷത്രവിളക്കുകൾക്കും ട്രീകൾക്കുമൊപ്പമാണ്.
പോയ്പ്പോയ ക്രിസ്തുമസിന്റെ ഓർമ്മകൾ ചൂഴ്ന്നു നിൽക്കുന്ന…
മഞ്ഞിന്റെ നിരന്തരമായ ആക്രമണത്തിൽ നിറം നഷ്ടപ്പെട്ട..
കലണ്ടറുകളിൽ മരിച്ചുവീണ അക്കങ്ങളുടെ പെരുക്കങ്ങളിൽ ഭംഗി നഷ്ടപ്പെട്ട..
അതെ, ക്രിസ്തുമസ് എന്നാൽ സന്തോഷം മാത്രമായിരുന്നില്ലല്ലോ..
പേറ്റുനോവിന്റെ…
അലച്ചിലിന്റെ..
നിസ്സഹായതയുടെ…
കണ്ണീരിന്റെ..
അങ്ങനെ അങ്ങനെ…
എന്നിരുന്നാലും എല്ലാത്തിന്റെയും അവസാനം ഒരു സന്തോഷം കാണുമല്ലോ..
ഉണ്ണിയേശു കാലിത്തൊഴുത്തിൽ കൈകാലുകൾ ഇളക്കി ചിരിക്കുന്നു
റവ.ജോയി മാത്യു