ഏഴു തവണ വിശുദ്ധ നാടുകളിലൂടെ സഞ്ചരിച്ചു. 2001ലാണ് ആദ്യമായി ഇസ്രയേൽ സന്ദർശിച്ചത്. പലസ്തീൻ, ഈജിപ്ത് എന്നിവിടങ്ങളും ഉൾപ്പെടുന്നതായിരുന്നു യാത്രാ പാക്കേജ്.
ഉണങ്ങിയ വരണ്ട ഭൂമിയാണ് ജോർദാൻ. മാർബിളിലും ശിലകളിലും നിർമിച്ച അനേകം നിർമിതികൾ അവിടെയുണ്ട്. അവിടെ സന്ദർശകരെ ആകർഷിക്കുന്നത് മൗണ്ട് നോമോബിൻ എന്ന മലയാണ്. ബൈബിൾ പഴയ നിയമത്തിലെ മോശ എത്തിച്ചേർന്ന ‘പ്രവാചകന്റെ മല’യാണ് മൗണ്ട് നമോബിൻ. ആ കുന്നിനു മുകളിൽ നിന്നു നോക്കിയപ്പോഴാണ് പച്ചപ്പുള്ള ഭൂപ്രദേശം മോശ കണ്ടത്. സർപ്പത്തെ മോശ ഉയർത്തിയെന്നു പറയപ്പെടുന്നതിന്റെ പ്രതീകമായി ഈ മലയുടെ മുകളിലൊരു സ്തൂപവുമുണ്ട്. ജോൺപോൾ മാർപാപ്പ 2000ൽ ഇവിടം സന്ദർശിച്ചിരുന്നു. മാർപാപ്പ അന്ന് ഈ മലയുടെ മുകളിൽ ഒലീവിന്റെ തൈ നട്ടു. അതു വളർന്നു മരമായി. ലോകത്തിന്റെ വിവിധ ഭാഗത്തുള്ളവർ ആ മരത്തിന്റെ ചുവട്ടിൽ നിന്നു ഫോട്ടോ എടുക്കാറുണ്ട്.
ജോർദാനിൽ നിന്നു രണ്ടു മണിക്കൂർ ബസ് യാത്ര നടത്തിയാണ് ഇസ്രയേലിന്റെ അതിർത്തിയിൽ എത്തിയത്. ഓരോരുത്തരേയും സൂക്ഷ്മപരിശോധന നടത്തിയാണ് ഇസ്രയേലിലേക്കു കടത്തിവിടുന്നത്. പട്ടാളക്കാർ സന്ദർശകരുടെ ഭക്ഷണ പാത്രങ്ങൾ പോലും തുറന്നു നോക്കാറുണ്ട്. സംശയം തോന്നിയാൽ ഭക്ഷണം കഴിച്ചു കാണിക്കാൻ ആവശ്യപ്പെടും. മയക്കു മരുന്നു കടത്ത് തടയാൻ അവർ പുലർത്തുന്ന ജാഗ്രതയുടെ ഭാഗമാണത്രേ ഈ പരിശോധന.
ഇസ്രയേലിനു രണ്ടു ഭാഗങ്ങളുണ്ട്. താഴ്ന്ന പ്രദേശം ഗലീലി. ഉയർന്ന ഭാഗം യുറേയ. കാനയും നസ്റത്തും ഗലീലിയിലാണ്. കാൽവരി, ജറൂസലേം എന്നിവ സ്ഥിതി ചെയ്യുന്നത് യുറേയയിൽ. ഗലീലിയിൽ നിന്നു യുറേയയിലേക്ക് 120 കിലോമീറ്റർ ദൂരം. യേശുക്രിസ്തു ശ്വസിച്ച വായു, കുടിച്ച വെള്ളം, നടന്ന മണ്ണ്… ആദ്യമായി അവിടെ എത്തിയപ്പോൾ ഹൃദയം നിറഞ്ഞു.
ജറൂസലമിലെ ബഥ്സമനിൽ 2400 വർഷം പഴക്കമുള്ള ഒലിവ് മരത്തിന്റെ കുറ്റിയുണ്ട്. ബഥ്സമൻ എന്ന വാക്കിനർഥം ‘ഒലിവ് ആട്ടുന്ന ചക്ക് സ്ഥിതി ചെയ്യുന്ന സ്ഥലം’ എന്നാണ്. യേശുക്രിസ്തുവിന്റെ ജീവനുള്ള തെളിവാണ് ഒലിവ് മരത്തിന്റെ ശേഷിപ്പ്. യേശുവിന്റെ രക്തം വീണുവെന്നു വിശ്വസിക്കപ്പെടുന്ന ഒലിവിനു മുന്നിൽ സന്ദർശകർ ഹൃദയസമർപ്പണം നടത്തുന്നു.
ബത്‌ലഹേമിലെ മറ്റൊരു തീർഥാടന കേന്ദ്രമാണ് തബോർമല. പ്രാർഥനയിലേക്കു നയിക്കുന്ന ശാന്തമായ പ്രകൃതിയാണ് മൗണ്ട് തബോർ. ലാസറിന്റെ കല്ലറ, ബത്‌ലഹേം എന്നിവ പലസ്തീന്റെ അതിർത്തിക്കുള്ളിലാണ്. വലിയ മതിൽ കെട്ടി ഇസ്രയേൽ – പലസ്തീൻ അതിർത്തി വേർതിരിച്ചിട്ടുണ്ട്.എങ്കിലും നൂറു കണക്കിനു പലസ്തീനികൾ ഇസ്രയേലിൽ വന്നു ജോലി ചെയ്തു മടങ്ങുന്നുണ്ട്. രാവിലെയും വൈകിട്ടും അതിർത്തിയിൽ അവർ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയരാകുന്നു.
പലസ്തീനികളോട് ഇസ്രയേൽ പട്ടാളക്കാരുടെ പെരുമാറ്റം പരുഷമാണ്. ആവശ്യമില്ലാത്ത കുസൃതി കാണിക്കുന്നതിനാലാണ് പട്ടാളക്കാർ അവരോട് അങ്ങനെ പെരുമാറുന്നതെന്ന് അവിടത്തുകാരിലൊരാൾ പറഞ്ഞു. ഇരുരാജ്യങ്ങളും സമാധാനത്തിൽ കഴിയുമ്പോൾ പലസ്തീനിലുള്ള ചിലർ ഓലപ്പടക്കം പൊട്ടിച്ച് ഇസ്രയേലിലേക്ക് എറിയും. ഇതിനു മറുപടിയായി ഇസ്രയേലുകാർ പലസ്തീനിലേക്ക് ബോംബ് അയയ്ക്കും.നിസ്സാര പ്രശ്നങ്ങളാണ് ഇസ്രയേൽ–പലസ്തീൻ യുദ്ധങ്ങൾക്കു വഴിയൊരുക്കുന്നതെന്ന് പറയാതെ വയ്യ!
യേശു ക്രിസ്തു ജനിച്ച ബെത് ലഹേമും പലസ്ഥീനിലാണ്.പലതവണ തകർക്കപ്പെട്ട ഇവിടുത്തെ പള്ളി(ചർച്ച് ഓഫ് നേറ്റിവിറ്റി) വീണ്ടും പുനർനിർമ്മിച്ചിട്ടുണ്ട്.ദാവീദും
ബെത്‌ലഹേമും ചർച്ച് ഓഫ് നേറ്റിവിറ്റിയും ഇന്നൊരു തീർത്ഥാടന കേന്ദ്രമാണ്. ജറുസലേമിൽ നിന്ന് പള്ളിയിലേക്കുള്ള പരമ്പരാഗത പാതയുടെ കിഴക്കേ അറ്റം, തീർത്ഥാടന റൂട്ട് എന്നറിയപ്പെടുന്നു.ബെത്ലഹേമിന്
ഉണ്ണിയേശു മുട്ടിലിഴഞ്ഞും പിച്ചവെച്ചും വളർന്ന ഭൂമി, വളർത്തച്ഛനായ ജോസഫിനെ ആശാരിപ്പണിയിൽ സഹായിച്ച പണിശാല, ഓളങ്ങൾക്കു മീതെ നടക്കുകയും കടലിനേയും കാറ്റിനേയും ശാസിക്കുകയും ചെയ്ത അതേ ഗലീലിക്കടൽ, അഞ്ചപ്പം കൊണ്ട് അയ്യായിരങ്ങളെ പോഷിപ്പിച്ച പുൽമേട്, ജറുസലേം നഗരം,നസറേത്ത്…
യേശുവിന്റെ അമ്മ പാർത്ത നഗരമാണ് നസറേത്ത്. മാലാഖ പ്രത്യക്ഷപ്പെട്ട് ‘നീ ഗർഭിണിയായി ഒരു മകനെ പ്രസവിക്കും, അവന് യേശു എന്ന് പേർ വിളിക്കണം’ എന്ന് അരുളപ്പാട് നൽകിയ വീട് അവിടെയാണ്. ആ വീടിന്റെ മുറികൾ നിലനിർത്തി മീതെ പള്ളി പണിതിട്ടുണ്ട്. ‘മംഗളവാർത്താപ്പള്ളി’ യെന്നാണ് ആ വീടിപ്പോൾ അറിയപ്പെടുന്നത്.
ടൗൺ ഓഫ് ജീസസ് എന്നറിയപ്പെടുന്ന കഫർന്നഹുമിലാണ് ക്രിസ്തു ഏറെ അത്ഭുതങ്ങൾ ചെയ്തത്. സുപ്രസിദ്ധമായ ഗിരിപ്രഭാഷണം നടത്തിയ മല, ഒലീവ് മല താഴ്വാരം, ലാസറിനെ ഉയിർപ്പിച്ച കല്ലറ, യൂദാസ് ഗുരുവിനെ ഒറ്റിക്കൊടുത്ത സ്ഥലം. അന്ത്യത്താഴ മുറി, യേശുവിനെ വിസ്തരിച്ച സ്ഥലം, കുരിശ് മരണം വരിച്ച തലയോടിടം, ഉയർത്തെഴുന്നേറ്റ കല്ലറ, സ്വർഗ്ഗാരോഹണം ചെയ്ത ഉയർന്ന മല… കാഴ്ച്ചയുടെയും പ്രാർത്ഥനയുടേയും അനുഭവങ്ങളായി മാറിയ എത്രയെത്ര സ്ഥലങ്ങൾ…!
കുരിശുമരണം നടന്ന തലയോടിടം എന്ന കുന്നിന് തലയോട്ടിയുടെ അടയാളം ശേഷിക്കുന്നുണ്ടായിരുന്നു. ഇതിന് തൊട്ടുമാറി താഴെയായി കല്ലറ. അരിമാത്യയിലെ ജോസഫ് എന്ന യഹൂദപ്രമാണിയുടെ തോട്ടത്തിലായിരുന്നു യേശുവിന്റെ കല്ലറ. റോമൻ ഭരണ മുദ്ര പതിപ്പിച്ച കല്ലറയിൽ നിന്ന് മൂന്നാം നാൾ യേശു ഉയർത്തെണീറ്റു. സന്ദർശകർക്ക് കല്ലറയ്ക്കുള്ളിൽ കയറാം. യേശുവിന്റെ ശരീരം വെച്ചിരുന്ന പ്രത്യേക സ്ഥലം തൊട്ടടുത്തായി നമ്മൾക്കു കാണാം. ബൈബിളിലെ പ്രത്യേക വചനം അതിനടുത്തായി രേഖപ്പെടുത്തിയിട്ടുണ്ട്. ദൂതൻ ശിഷ്യരോടു പറഞ്ഞ വാക്കുകൾ. ‘ അവൻ ഉയർത്തെഴുന്നേറ്റു; അവൻ ഇവിടെയില്ല’. മരണത്തെ ദൈവപുത്രൻ അതിജീവിച്ച ആ വിശുദ്ധസ്ഥലത്ത് പ്രാർത്ഥനയോടെ, പ്രത്യാശയോടെ ആയിരങ്ങൾ തൊട്ടു നമസ്ക്കരിക്കുന്ന കാഴ്ച്ച.കണ്ണീരിന്റെയും ഏറ്റുപറച്ചിലുകളുടെയും അനുതാപത്തിന്റെയും നിമിഷങ്ങൾ. !
ഫാ.ജോഷ്വ
അങ്കമാലി