റിയാദ്: രാജ്യത്തെ ചാരിറ്റബിൾ അസോസിയേഷനുകളിലൊന്നിലെ ഫണ്ട് ദുരുപയോഗം ചെയ്ത് വിശ്വാസ വഞ്ചന ചെയ്തതിന് നാല് സ്വദേശി പൗരന്മാരെ അറസ്റ്റ് ചെയ്തതായി സൗദി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. നാല് പ്രതികളും ചാരിറ്റി നടത്തിപ്പിൽ തങ്ങളെ ഏൽപ്പിച്ച വിശ്വാസത്തെ വഞ്ചിക്കുകയും ദുരുദ്ദേശത്തോടെ പ്രവർത്തിക്കുകയും ചെയ്തതായി അന്വേഷണത്തിൽ തെളിഞ്ഞതായും അധികൃതർ അറിയിച്ചു.
പ്രതികൾ യാതൊരു അവകാശവുമില്ലാതെ അസോസിയേഷൻ പ്രവർത്തകർക്കും മറ്റുള്ളവർക്കും നിയമവിരുദ്ധമായി ഫണ്ട് ഉപയോഗപ്പെടുത്തി സബ്സിഡി വിതരണം ചെയ്തുവെന്നും അന്വേഷണത്തിൽ കണ്ടെത്തി. അസോസിയേഷൻ നടപടികളും ചട്ടങ്ങളും ലംഘനം നടത്തി സാമ്പത്തിക ബാധ്യത വരുത്തിയതായും പ്രോസിക്യൂഷൻ കണ്ടെത്തിയിരുന്നു. സാമ്പത്തിക തട്ടിപ്പ്, വിശ്വാസ ലംഘനം എന്നീ കുറ്റങ്ങൾ ചെയ്ത പ്രതികളെ നിയമങ്ങൾക്കനുസൃതമായി നിർദിഷ്ട ശിക്ഷാനടപടികൾ പൂർത്തിയാക്കാൻ കോടതിയിലേക്ക് റഫർ ചെയ്തു.