നേരിലൂടെ മലയാളത്തിന്റെ മോഹൻലാൽ വൻ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ഇനി മലൈക്കോട്ടൈ വാലിബനിലാണ് പ്രതീക്ഷ. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രത്തിൽ ആദ്യമായി മോഹൻലാൽ നായകനാകുന്നതിനാൽ വൻ ഹൈപ്പാണ് ലഭിക്കുന്നതും. മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബൻ സിനിമയുടെ ഒടിടി റൈറ്റ്സ് സംബന്ധിച്ചാണ് പുതിയ അപ്ഡേറ്റ്.
മലൈക്കോട്ടൈ വാലിബന്റെ സാറ്റലൈറ്റ് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് ഏഷ്യാനെറ്റാണെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധർ പിള്ള റിപ്പോർട്ട് ചെയ്യുന്നു. മലൈക്കോട്ടൈ വാലിബൻ എന്ന സിനിമയുടെ ഒടിടി റൈറ്റ്സ് നേടിയത് ഡിസ്നി പ്ലസ് ഹോട്സ്റ്റാർ ആണെന്നുമാണ് ശ്രീധർ പിള്ളയുടെ റിപ്പോർട്ട്. ഒടിടി റിലീസ് എപ്പോഴായിരിക്കും എന്നതിൽ വ്യക്തതയില്ല. മലൈക്കോട്ടെ വാലിബൻ ജനുവരി 25നാണ് തിയറ്ററുകളിൽ റിലീസ് ചെയ്യുക എന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
നായകൻ മോഹൻലാലിന് മലൈക്കോട്ടൈ വാലിബൻ സിനിമയിൽ വലിയ പ്രതീക്ഷകളാണ്. മലൈക്കോട്ടൈ വാലിബൻ എന്ന തന്റെ സിനിമയുടെ ക്യാപ്റ്റൻ ലിജോ ഒരു ഗംഭീരമായ കാഴ്ചയാണ് സൃഷ്ടിച്ചിരിക്കുന്നത് എന്നായിരുന്നു ടീസർ റിലീസ് ചെയ്തപ്പോൾ മോഹൻലാൽ അഭിപ്രായപ്പെട്ടത്. മലൈക്കോട്ടൈ വാലിബലിനിലെ നായകൻ മോഹൻലാലിന്റെ കഥാപാത്രം എത്തരത്തിലുള്ളതാകും എന്നതിന്റെ കൗതുകം ഇനിയും ബാക്കിയാണ്. മോഹൻലാലിനു പുറമേ സോണാലി കുൽക്കർണിയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുമ്പോൾ മറ്റ് കഥാപാത്രങ്ങളായി ഹരീഷ് പേരടി, കഥ നന്ദി, ഡാനിഷ് സെയ്ത്, മണികണ്ഠൻ ആർ ആചാരി, ഹരിപ്രശാന്ത് വർമ, രാജീവ് പിള്ള, സുചിത്ര നായർ എന്നിവരും മലൈക്കോട്ടൈ വാലിബനിലുണ്ടാകും.
‘നായകൻ’, ‘ആമേൻ’ എന്നീ ഹിറ്റ് ചിത്രങ്ങളിൽ ലിജോയ്ക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള പിഎസ് റഫീഖ് ആണ് മലൈക്കോട്ടൈ വാലിബന്റെ കഥ ഒരുക്കിയിരിക്കുന്നത്. മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബൻ സിനിമയുടെ ടീസർ പുറത്തെത്തിയപ്പോൾ ലിജോ ജോസ് പെല്ലിശ്ശേരി സംസാരിച്ചത് സ്വന്തം കഴിവിലെ വിശ്വാസമർപ്പിച്ചാണ്. എന്നെ സംബന്ധിച്ചിടത്തോളം, ഒരു സിനിമയുടെ കഥ അന്തിമമാക്കുന്ന പ്രക്രിയ അടുത്ത വലിയ ഹിറ്റ് സൃഷ്ടിക്കുന്നതിനുള്ള സമ്മർദ്ദത്തിൽ നിന്നല്ല, അതൊരു സ്വാഭാവിക പുരോഗതിയാണ്. മലൈക്കോട്ടൈ വാലിബൻ’ എന്ന ഒരു സിനിമയുടെ അടിസ്ഥാന ആശയം എന്നിൽ കുറച്ച് വർഷങ്ങൾക്ക് മുമ്പ് മുളച്ചുതുടങ്ങി, പിന്നീട് പരിണമിച്ചു. സമഗ്രമായ ഇതിവൃത്തമായി. റഫീഖിനെപ്പോലെയുള്ള ഒരു എഴുത്തുകാരൻ ആ സിനിമാ ലോകം വികസിപ്പിച്ചെടുത്തു. പിന്നെ ലാലേട്ടൻ ആ സിനിമയിലെ കഥാപാത്രത്തിന് അനുയോജ്യനാണെന്ന് തോന്നി എന്നും ലിജോ ജോസ് പെല്ലിശ്ശേരി പറയുന്നു.