IndiaNEWS

ഗുജറാത്തില്‍ സ്കൂളുകളില്‍ അടുത്ത അധ്യയന വര്‍ഷം മുതൽ ഭഗവദ്ഗീത പഠനം; പഠിപ്പിക്കാനുള്ള ഭഗവദ്ഗീത പുസ്തകം പുറത്തിറക്കി

ഗാന്ധിനഗർ: ഗുജറാത്തിൽ സ്കൂളുകളിൽ പഠിപ്പിക്കാനുള്ള ഭഗവദ്ഗീത പുസ്തകം പുറത്തിറക്കി. ആറാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ പഠിപ്പിക്കാനുള്ള പുസ്തകമാണ് തയ്യാറാക്കിയത്. അടുത്ത അധ്യയന വർഷമാണ് ഭഗവദ്ഗീത പഠനം തുടങ്ങുക. ഇന്ത്യയുടെ സമ്പന്നമായ സംസ്കാരത്തെ കുറിച്ച് അവബോധമുണ്ടാക്കാനാണ് ഭഗവദ്ഗീത സിലബസിൽ ഉൾപ്പെടുത്തിയതെന്ന് സർക്കാർ അറിയിച്ചു.

കേന്ദ്ര സർക്കാരിൻറെ പുതിയ വിദ്യാഭ്യാസ നയം അനുസരിച്ചാണ് സപ്ലിമെൻററി പുസ്തകം തയ്യാറാക്കിയതെന്ന് മന്ത്രി പ്രഫുൽ പൻഷെരിയ പറഞ്ഞു. ഇന്ത്യയുടെ വൈവിധ്യവും സമ്പന്നവും പുരാതനവുമായ സംസ്കാരത്തെ കുറിച്ചറിയാൻ ഈ പഠനം വിദ്യാർത്ഥികളെ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികളിൽ ധാർമ്മിക മൂല്യങ്ങൾ വളർത്താൻ ഈ പുസ്തകം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗീത ജയന്തി ദിനത്തിലാണ് പുസ്തകം പുറത്തിറക്കിയത്. ഒൻപതാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്കുള്ള പുസ്തകവും ഉടൻ പുറത്തിറക്കും.

സ്കൂളുകളിൽ ഭഗവദ്ഗീത പഠിപ്പിക്കാനുള്ള തീരുമാനം കഴിഞ്ഞ വർഷമാണ് ഗുജറാത്ത് സർക്കാർ നിയമസഭയിൽ പ്രഖ്യാപിച്ചത്. പുസ്തകം തയ്യാറാക്കിയത് ഇപ്പോഴാണ്. അതേസമയം നിർബന്ധിത ഗീത പഠനത്തിനെതിരായ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. അലഹബാദ് സർവകലാശാലയിലെ കൊമേഴ്‌സ് വിഭാഗം ഈ അക്കാദമിക് വർഷം ആരംഭിച്ച അഞ്ച് വർഷത്തെ ഇന്റഗ്രേറ്റഡ് ബിബിഎ – എംബിഎ കോഴ്‌സിൽ ഭഗവദ്ഗീത, രാമായണം, ഉപനിഷത്തുകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രതികൂല സാഹചര്യങ്ങളിൽ ശാന്തത പാലിക്കാൻ അഷ്ടാംഗ യോഗ പഠിപ്പിക്കും. ഇന്ത്യൻ മാനേജ്‌മെന്റ് ചിന്തകൾ എന്ന പേപ്പറിൽ ആത്മീയതയും മാനേജ്‌മെന്റും, സാംസ്‌കാരിക ധാർമികത, മാനുഷിക മൂല്യങ്ങൾ, അഷ്ടാംഗ യോഗ എന്നിവയാണ് ഉൾപ്പെടുത്തിയത്. 26 വിദ്യാർത്ഥികളുമായി രണ്ട് മാസം മുൻപാണ് കോഴ്സ് തുടങ്ങിയത്. ആകെ 10 സെമസ്റ്ററുകൾ ഉണ്ട്.

Back to top button
error: