KeralaNEWS

ഇന്ത്യയിലെ യുവജനങ്ങള്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന തൊഴിലിടം കേരളം; റിപ്പോർട്ട്

ന്യൂഡൽഹി :ഇന്ത്യയിലെ യുവജനങ്ങള്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന തൊഴിലിടം കേരളമാണെന്ന് ഇന്ത്യാ സ്കില്‍സ് റിപ്പോര്‍ട്ട്.
പ്രായവ്യത്യാസമില്ലാതെ സ്ത്രീകളും പുരുഷന്മാരും ഒരേപോലെ ജോലി ചെയ്യാൻ ഇഷ്ടപ്പെടുന്ന നഗരങ്ങളില്‍ കൊച്ചിയും തിരുവനന്തപുരവും ഇന്ത്യയില്‍ മുൻ നിരയിലാണ്. വനിതകള്‍ ഏറ്റവും കൂടുതല്‍ ജോലി ചെയ്യാൻ ഇഷ്ടപ്പെടുന്ന നഗരം കൊച്ചിയാണ്. കമ്ബ്യൂട്ടര്‍ സ്കില്ലിന്റെ കാര്യത്തില്‍ ഇന്ത്യയില്‍ ഒന്നാമത്തെ നഗരം തിരുവനന്തപുരവും മൂന്നാമത്തെ സംസ്ഥാനം കേരളവുമാണ്. കേരളത്തിലെ കുട്ടികള്‍ കമ്ബ്യൂട്ടര്‍ സ്കില്ലില്‍ കൈവരിച്ച ഉയര്‍ന്ന മുന്നേറ്റം റിപ്പോര്‍ട്ട് എടുത്തുപറയുന്നു.
സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ സ്കില്‍ ഡെവലപ്മെന്റ് സംരംഭമായ അസാപ് കേരളയെ റിപ്പോര്‍ട്ട് പ്രത്യേകമായി അഭിനന്ദിച്ചിട്ടുണ്ട്. ഐ ടി, കമ്ബ്യൂട്ടര്‍ സയൻസ്, എഞ്ചിനീയറിംഗ് എന്നീ മേഖലകളിലാണ് കേരളത്തില്‍ ഏറ്റവും അധികം പേര്‍ക്ക് തൊഴില്‍ നൈപുണ്യമുള്ളത് എന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം, കമ്ബ്യൂട്ടര്‍ പരിജ്ഞാനം, സംഖ്യാ നൈപുണ്യം, വിമര്‍ശനാത്മക ചിന്ത എന്നീ മേഖലകളില്‍ കേരളത്തിലെ യുവാക്കള്‍ രാജ്യത്ത് തന്നെ ഒന്നാമതാണ്.
കേരളത്തില്‍ ഉടനീളം അസാപ് സ്ഥാപിച്ച കമ്യൂണിറ്റി സ്കില്‍ പാര്‍ക്കുകളും അവിടങ്ങളിലെ സെന്റര്‍ ഓഫ് എക്സലൻസും നൂതന സാങ്കേതിക വിദ്യകളില്‍ പരിശീലനം നല്‍കുന്ന രാജ്യത്തെ തന്നെ ഏറ്റവും മികച്ച മാതൃകകളെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഗൂഗിള്‍, കോണ്‍ഫഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സി ഐ ഐ), ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജ്യൂക്കേഷൻ (എ ഐ സി ടി ഇ ), എഐയു, ടാഗ്ഡ് എന്നിവരുമായി ചേര്‍ന്ന് വീബോക്സ് നടത്തിയ നാഷണല്‍ എംപ്ലോയബിലിറ്റി ടെസ്റ്റിലൂടെയാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പ്രകാശനം ചെയ്ത ഈ റിപ്പോര്‍ട്ടിനെക്കുറിച്ച്‌ മലയാള മാധ്യമങ്ങളില്‍ അധികം  കണ്ടില്ലെങ്കിലും
ദേശീയ മാധ്യമങ്ങളെല്ലാം തന്നെ വൻ പ്രാധാന്യത്തോടെ വാര്‍ത്ത കൊടുത്തിട്ടുണ്ട്.

Back to top button
error: