CrimeNEWS

മാതാപിതാക്കളെ വെട്ടിക്കൊന്ന ശേഷം മകൻ ജീവനൊടുക്കി,  മൂലമറ്റം പ്രദേശത്തെ നടുക്കി മൂന്നുമരണം

   മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ യുവാവ്  പൊലീസ് തെരയുന്നതിനിടെ ജീവനൊടുക്കി. മൂലമറ്റം ചേറാടി കീരിയാനിക്കല്‍ അജേഷിനെയാണ് ഇന്നു രാവിലെ വീടിനു സമീപത്തെ പുഴയോരത്തെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.

ബുധനാഴ്ച രാവിലെയാണ് ചേറാടി കീരിയാനിക്കല്‍ കുമാരന്‍ (70), ഭാര്യ തങ്കമണി (65) എന്നിവരെ വെട്ടേറ്റനിലയില്‍ വീടിനുള്ളില്‍ കണ്ടെത്തിയത്. ഇരുടെ മകന്‍ അജേഷിനെ ഈസമയം വീട്ടില്‍നിന്ന് കാണാതായിരുന്നു. മാതാപിതാക്കളെ വെട്ടിപരിക്കേല്‍പ്പിച്ചശേഷം ഇയാള്‍ കടന്നുകളഞ്ഞു എന്നായിരുന്നു  പൊലീസിന്റെ സംശയം. തുടര്‍ന്ന് ഇയാള്‍ക്കായി തിരച്ചില്‍ തുടരുന്നതിനിടെയാണ് മരിച്ചനിലയില്‍ കണ്ടത്.

Signature-ad

ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് വയോധികദമ്പതിമാര്‍ക്ക് നേരേ ആക്രമണമുണ്ടായതെന്നാണ് പൊലീസ് നിമഗനം. എന്നാല്‍ രാവിലെ ഒമ്പതുമണിയോടെയാണ് സംഭവം പുറത്തറിഞ്ഞത്.

മൂലമറ്റം-ചേറാടി-കോട്ടമല റോഡിന് താഴെ ഭാഗത്താണ് കുമാരനും തങ്കമണിയും മകനുമൊത്ത് താമസിച്ചിരുന്നത്. കുമളിയില്‍ ഭാര്യവീട്ടിലായിരുന്ന അജേഷ്  സ്വന്തം  വീട്ടിലെത്തിയത് ഞായറാഴ്ചയാണ്. ചൊവ്വാഴ്ച രാത്രിയില്‍ അജേഷ് മദ്യലഹരിയില്‍ കത്തിയുമായി വീട്ടിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്ന് ബന്ധുക്കള്‍ പറയുന്നു. ഇതിനിടെ വീണ് തല പൊട്ടിയ അജേഷിനെ ബന്ധുക്കള്‍  രാത്രിയില്‍ മൂലമറ്റത്തെ ആശുപത്രിയില്‍ എത്തിച്ചു. തിരിച്ച് അർദ്ധരാത്രിയോടെ ഇയാളെ വീട്ടിലെത്തിച്ചാണ് ബന്ധുക്കള്‍ പോയത്. അതിനുശേഷമാണ്  കൊലപാതകം  നടന്നത്.
തൊഴിലുറപ്പു തൊഴിലാളികളായിരുന്നു കുമാരനും ഭാര്യയും. ഇന്നലെ രാവിലെ തൊഴിലുറപ്പ് ജോലിയ്ക്കായി എത്താതിരുന്നതിനെ തുടര്‍ന്ന് കുമാരന്റെ സഹോദരി കമലാക്ഷി വീട്ടിലെത്തി വിളിച്ചപ്പോഴാണ് അരുകൊല പുറംലോകം അറിയുന്നത്. ഈ സമയം അജേഷ് വീട്ടില്‍ ഇല്ലായിരുന്നു. വീട്ടിനടുത്തുള്ള റോഡില്‍ ഇയാളുടെ ഇരുചക്രവാഹനം കണ്ടെത്തി.

അറക്കുളം അശോകക്കവലയിലെ സ്ഥാപനത്തില്‍ പന്തല്‍ പണിക്കാരാനാണ് അജേഷ്. മുമ്പ്  ഒരു പോക്സോ കേസില്‍ പ്രതിയായിരുന്നു ഇയാള്‍. അജേഷിന്റെ ഭാര്യയും നാലുവയസ്സുള്ള മകളും രണ്ടുമാസമായി കുമളിയിലെ സ്വന്തംവീട്ടിലാണ്. പുളിയന്മലയിലാണ് ഏതാനും ദിവസമായി അജേഷിന് ജോലി.
കുമാരന്റേയും തങ്കമണിയുടേയും മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

Back to top button
error: