കീറ്റോ: കോടീശ്വരനായ ബ്രിട്ടീഷ് വ്യവസായിയെ ഇക്വിഡോറില്‍ തട്ടിക്കൊണ്ടുപോയി. ബ്രിട്ടനിലെ വിനോദസഞ്ചാര കേന്ദ്രമായ ‘ഫോര്‍ബിഡ്ഡന്‍ കോര്‍ണറി’ന്റെ ഉടമയും ഇക്വിഡോറിലെ കാര്‍ഷികരംഗത്തെ പ്രമുഖ കമ്പനിയായ ‘അഗ്രിപാക്കി’ന്റെ പ്രസിഡന്റുമായ കോളിന്‍ ആംസ്ട്രോങ്ങി(78)നെയാണ് പതിനഞ്ചംഗസംഘം വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോയത്. ഇദ്ദേഹത്തിന്റെ പങ്കാളിയായ കാതറിന്‍ പൗല സാന്റോസിനെയും അക്രമിസംഘം തട്ടിക്കൊണ്ടുപോയിരുന്നെങ്കിലും ഇവരെ പിന്നീട് രക്ഷപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്.
ശനിയാഴ്ച രാവിലെ ലോസ് റിയോസ് പ്രവിശ്യയിലെ ഫാംഹൗസില്‍നിന്നാണ് വ്യവസായിയെയും പങ്കാളിയായ കൊളംബിയന്‍ വനിതയെയും തട്ടിക്കൊണ്ടുപോയത്. പോലീസ് വേഷത്തിലെത്തിയ 15 പേര്‍ വീട്ടിലേക്ക് അതിക്രമിച്ചുകയറുകയും ഇരുവരെയും കീഴപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് ആംസ്ട്രോങ്ങിന്റെ കാറില്‍ തന്നെയാണ് രണ്ടുപേരെയും കടത്തിക്കൊണ്ടുപോയത്. ഈ കാര്‍ പിന്നീട് മറ്റൊരിടത്ത് ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിനുപിന്നാലെയാണ് കാതറിനെ രക്ഷപ്പെടുത്തിയെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നത്. ഇവരില്‍നിന്ന് പോലീസ് വിശദമായ മൊഴിയെടുക്കുകയാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സംഭവത്തില്‍ മേഖലയിലാകെ തിരച്ചില്‍ തുടരുകയാണെന്നും വിശദമായ അന്വേഷണം നടന്നുവരികയാണെന്നും എക്വഡോര്‍ പോലീസും അറിയിച്ചു.
ബ്രിട്ടനിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ‘ഫോര്‍ബിഡന്‍ കോര്‍ണറിന്റെ’ ഉടമയെന്നനിലയിലാണ് കോളിന്‍ ആംസ്ട്രോങ് വ്യവസായരംഗത്ത് ശ്രദ്ധനേടിയത്. ‘ഫോര്‍ബിഡന്‍ കോര്‍ണര്‍’ സ്ഥിതിചെയ്യുന്ന നോര്‍ത്ത് യോക്ക്ഷെയറിലെ ടപ്ഗില്‍ പാര്‍ക്ക് എസ്റ്റേറ്റും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്. കാര്‍ഷിക ഉത്പന്നങ്ങളടക്കം വിപണിയിലെത്തിക്കുന്ന ഇക്വിഡോറിലെ പ്രമുഖ സ്ഥാപനമാണ് ‘അഗ്രിപാക്ക്’.