KeralaNEWS

മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി; കൊല്ലത്ത് യുവമോർച്ച-ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മില്‍ സംഘര്‍ഷം, കൊടി കെട്ടിയ വടി കൊണ്ട് അടിച്ച് യുവമോർച്ച

കൊല്ലം: കൊല്ലത്ത് യുവമോർച്ച-ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മില്‍ സംഘര്‍ഷം. മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടപ്പാക്കടയിൽ എത്തിയപ്പോഴാണ് യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാട്ടിയത്. ഇത് തടയാൻ ശ്രമിച്ച ഡിവൈഎഫ്ഐ പ്രവർത്തകരെ കൊടി കെട്ടിയ വടി കൊണ്ട് അടിച്ചാണ് യുവമോർച്ച പ്രവർത്തകർ നേരിട്ടത്. ഇരു വിഭാഗവും തമ്മിൽ റോഡില്‍ പരസ്പരം ഏറ്റുമുട്ടി.

നവകേരള സദസിനെതിരെ പ്രതിഷേധിക്കുന്നവരെ മർദ്ദിക്കുന്ന ഡിവൈഎഫ്ഐയ്ക്ക് കൊല്ലത്ത് തിരിച്ചടി നൽകിയിരിക്കുകയാണ് യൂത്ത് കോൺഗ്രസും യുവമോർച്ചയും. ചിന്നക്കടയിൽ യൂത്ത് കോൺഗ്രസും കടപ്പാക്കടയിൽ യുവമോർച്ചയും കരിങ്കൊടി പ്രതിഷേധം തടയാനെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകരെ മർദ്ദിച്ചു. ഇന്ന് രാവിലെ ചിന്നക്കട ജെറോം നഗറിൽ നവകേരള സദസ് ബസ്സിന് നേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി കാണിച്ചപ്പോഴാണ് ഡിവൈഎഫ്ഐ പ്രവർത്തകർ നേരിടാനെത്തിയത്. വടിയും തടിക്കഷ്ണവും കൊണ്ട് നേരിട്ടപ്പോൾ അതേ രീതിയിൽ യൂത്ത് കോൺഗ്രസ്-യുവമോർച്ച പ്രവര്‍ത്തകര്‍ തിരിച്ചടിച്ചു. കുരുമുളക് സ്പ്രേ അടിച്ചാണ് യൂത്ത് കോൺഗ്രസ് ഡിവൈഎഫ്ഐയെ നേരിട്ടത്. ഇരു വിഭാഗത്തിൽ നിന്നും പ്രവർത്തകർക്ക് പരിക്കേറ്റു. പരിക്കേറ്റത് പൊലീസിന്റെ അടി കൊണ്ടാണെന്ന നിലപാടിലാണ് ഡി വൈ എഫ് ഐ. എന്നാൽ പൊലീസ് ഇക്കാര്യം നിഷേധിച്ചു. തിരിച്ചടിയെ സമൂഹ മാധ്യമങ്ങളിൽ ആഘോഷമാക്കുകയാണ് യൂത്ത് കോൺഗ്രസ്.

Signature-ad

കൊടുത്താൽ കൊല്ലത്ത് കിട്ടുമെന്നായിരുന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രതികരണം. ഒപ്പം ജീവൻ രക്ഷാ സേനയെന്ന ഹാഷ് ടാഗും. ചിന്നക്കടയിൽ നവകേരള സദസ് വരും വഴി കരിങ്കൊടി കാണിച്ച യുവമോർച്ച പ്രവർത്തകരെ ഹെൽമെറ്റ് ധരിച്ചെത്തിയാണ് ഡിവൈഎഫ്ഐ മർദ്ദിച്ച് തടയാനെത്തിയത്. കൊടി കെട്ടിയ വടി കൊണ്ട് പ്രവർത്തകർ കൂട്ടത്തോടെ തിരിച്ചടിച്ചതോടെ പിന്തിരിഞ്ഞു. പൊലീസ് സാന്നിധ്യത്തിലായിരുന്നു രണ്ട് സ്ഥലങ്ങളിലും സംഘടനകളുടെ തെരുവിലെ തമ്മിൽത്തല്ല്.

 

Back to top button
error: