KeralaNEWS

ഗണ്‍മാന്റേത് സസ്‌പെന്‍ഷന്‍ കിട്ടേണ്ട കുറ്റം; മുഖ്യമന്ത്രി ‘കാണാത്തതിനാല്‍’ നിസ്സഹായരായി ഉന്നതര്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി മാത്രം നിയോഗിച്ചിട്ടുള്ള ഗണ്‍മാന്‍ വഴിയിലിറങ്ങി നീളമുള്ള ദണ്ഡുകൊണ്ട് പ്രതിഷേധക്കാരെ മര്‍ദിച്ചത് ഉടനടി സസ്‌പെന്‍ഷന്‍ ലഭിക്കാവുന്ന കുറ്റം. എന്നാല്‍, ഗണ്‍മാന്‍ അനില്‍കുമാര്‍ ആരെയും മര്‍ദിക്കുന്നതു താന്‍ കണ്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിക്കുമ്പോള്‍, നടപടിയെടുക്കേണ്ട ഉന്നത പൊലീസ് ഉദ്യോഗസ്ഥരും കണ്ണടച്ച് ഇരുട്ടാക്കുകയാണ്.

കഴിഞ്ഞ ശനിയാഴ്ച ആലപ്പുഴയില്‍ നവകേരള ബസിനു നേരെ മുദ്രാവാക്യം വിളിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണു റോഡില്‍ ചാടിയിറങ്ങി ദണ്ഡുകൊണ്ട് അനില്‍ കുമാര്‍ ക്രൂരമായി മര്‍ദിച്ചത്. ഇതു താന്‍ കണ്ടില്ലെന്ന് ആദ്യദിവസം മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ അടുത്ത ദിവസം ആ ചിത്രവും വിഡിയോ ദൃശ്യങ്ങളും മുഖ്യമന്ത്രിക്കു കാണാനായി മാധ്യമങ്ങള്‍ വീണ്ടും നല്‍കി. എന്നിട്ടും അതു കണ്ടില്ലെന്നു പറഞ്ഞു ഗണ്‍മാനെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്.

Signature-ad

മുഖ്യമന്ത്രിയുടെ പഴ്‌സനല്‍ സെക്യൂരിറ്റി ഓഫിസറാണ് (പിഎസ്ഒ) അനില്‍ കുമാര്‍. അവര്‍ക്ക് ലാത്തിയില്ല. പിസ്റ്റള്‍ മാത്രമാണ് കയ്യിലെ ആയുധം. എപ്പോഴും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടാകണം. ക്രമസമാധാനച്ചുമതല നോക്കുന്നത് ഇവരുടെ ജോലിയല്ല. ഇവിടെ മുഖ്യമന്ത്രിയുടെ വാഹനം പോയിക്കഴിഞ്ഞാണു പിന്നിലെ വാഹനത്തില്‍ ഒളിപ്പിച്ചിരുന്ന ദണ്ഡ് എടുത്ത് അനില്‍ പ്രതിഷേധക്കാരെ മര്‍ദിച്ചത്; അതും യൂണിഫോം പോലുമില്ലാതെ.

മുഖ്യമന്ത്രിയുടെ സുരക്ഷ കൈവിട്ട് തെരുവില്‍ ചാടിയിറങ്ങി അധികാരമില്ലാത്ത പണി ചെയ്തതിന് അനിലിനെ കയ്യോടെ സസ്‌പെന്‍ഡ് ചെയ്യേണ്ടതാണെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍, സംരക്ഷണവും ന്യായീകരണവുമായി മുഖ്യമന്ത്രി രംഗത്തുള്ളതിനാല്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തിലെ ഗുരുതര വീഴ്ചയുടെ പേരില്‍ അനിലിനെതിരെ നടപടിയെടുക്കാന്‍ കഴിയാത്ത സ്ഥിതിയിലായി പൊലീസ്. ഇടുക്കിയില്‍ മാധ്യമ ഫൊട്ടോഗ്രഫറെ കഴുത്തിനു പിടിച്ചുതള്ളിയതും ഇതേ പിഎസ്ഒ ആയിരുന്നു.

ആലപ്പുഴയില്‍ മര്‍ദനമേറ്റ കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ പരാതിയില്‍ പൊലീസ് കേസെടുക്കാത്തതിനെതിരെ ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്‍കി. പരുക്കേറ്റ കെഎസ്യു ജില്ലാ പ്രസിഡന്റ് എ.ഡി.തോമസ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജ്യുവല്‍ കുര്യാക്കോസ് എന്നിവരാണ് പരാതി നല്‍കിയത്.

Back to top button
error: