കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി
എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ. പ്രതിഷേധത്തില്‍ നിന്ന് ഒരിഞ്ച് പോലും പിന്നോട്ടില്ലെന്ന് ഫേസ്ബുക്കിലൂടെയാണ് ആര്‍ഷോ വ്യക്തമാക്കിയത്. നാളെ നേരം പുലരും മുമ്പ് നൂറോളം ബാനറുകള്‍ ഗവര്‍ണര്‍ക്കെതിരെ ക്യാമ്പസില്‍ ഉയര്‍ത്തുമെന്നും ക്യാമ്പസുകളെ കാവിവത്ക്കരിക്കാന്‍ അനുവദിക്കില്ലെന്നും ആര്‍ഷോ മാധ്യമങ്ങളോടും പ്രതികരിച്ചിരുന്നു.
ഇതിനിടെ ക്യാമ്പസില്‍ വീണ്ടും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ബാനര്‍ ഉയര്‍ത്തി. ആര്‍ഷോയുടെ നേതൃത്വത്തിലെത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് മുദ്രാവാക്യം വിളികളുമായി പൊലീസ് ബാരിക്കേഡിന് മുകളില്‍ കയറി വീണ്ടും കറുത്ത ബാനര്‍ ഉയര്‍ത്തിയത്. ശേഷം ക്യാമ്പസിനുള്ളില്‍ പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ക്കെതിരെ മുദ്രാവാക്യം വിളിച്ച് കോലം കത്തിച്ചു.
അതേസമയം, ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും രംഗത്തെത്തി.
സംസ്ഥാനത്തെ ഭരണഘടനാ സംവിധാനം തകരുന്നുവെന്ന ഗവര്‍ണറുടെ ഭീഷണി കേരളത്തില്‍ വിലപ്പോകില്ലെന്ന് ഗോവിന്ദന്‍ പറഞ്ഞു. ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഗവര്‍ണര്‍ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഭരണഘടനാ വിരുദ്ധമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അംഗീകരിക്കാതെ മുന്നോട്ട് പോകുന്ന ഗവര്‍ണറുടെ നടപടിയാണ് ഭരണഘടനാ വിരുദ്ധമെന്ന് ഗോവിന്ദന്‍ പറഞ്ഞു.