ചില രോഗങ്ങളുണ്ടാകുമ്പോൾ ശരീരം അതിന്റെ സൂചനകള്‍ കാണിക്കാറുണ്ട്. അത്തരത്തില്‍ മൂത്രത്തിൻ്റെ നിറം കടും മഞ്ഞ നിറമായി മാറുന്നതും ചില രോഗങ്ങളുമായും ബന്ധപ്പെട്ടിരിക്കാം. ചിലപ്പോള്‍ നിര്‍ജ്ജലീകരണം കൊണ്ടും അങ്ങനെ സംഭവിക്കാം. എന്നാല്‍ ചിലപ്പോള്‍ കിഡ്നി സ്റ്റോൺ അഥവാ വൃക്കയില്‍ കല്ല് മൂലവും മൂത്രത്തിന്റെ നിറം മഞ്ഞയാകാം.
കാത്സ്യം, യൂറിക് ആസിഡ് തുടങ്ങിയ ധാതുക്കളുടെയും ഉപ്പിന്റെയും ശേഖരവുമാണ് വൃക്കയിലെ കല്ലുകളായി രൂപപ്പെടുന്നത്. വൃക്കയിലെ ഈ കല്ലുകള്‍ ദീര്‍ഘകാലം കണ്ടെത്താന്‍ കഴിയാതെ വന്നാല്‍ അവ മൂത്രനാളിയിലേക്ക് പ്രവേശിച്ച് മൂത്രത്തിന്റെ പുറത്തേക്കുള്ള ഒഴുക്കിനെ തടയും. ഇത് വൃക്കകള്‍ വീര്‍ത്ത് മറ്റ് സങ്കീര്‍ണതകളും സൃഷ്ടിക്കുന്നു. കുറഞ്ഞ അളവിൽ ദ്രാവകം കഴിക്കുന്നത് മൂലമുള്ള നിർജ്ജലീകരണം കല്ല് രൂപപ്പെടുന്നതിന്റെ പ്രധാന ഘടകമാണ്. അമിത വണ്ണവും ഒരു പ്രധാന അപകട ഘടകമാണ്.
മൂത്രത്തിൽ രക്തം കാണുന്നതാണ് കിഡ്നി സ്റ്റോണിന്റെ ഒരു പ്രധാന ലക്ഷണം. അതുപോലെ അടിക്കടിയുള്ള മൂത്രമൊഴിക്കൽ, മൂത്രത്തിന്റെ നിറം മാറുക, പ്രത്യേകിച്ച് കടുത്ത മഞ്ഞയാവുക, മൂത്രമൊഴിക്കുന്നതിൽ ബുദ്ധിമുട്ട്, വേദന, പുകച്ചില്‍ അനുഭവപ്പെടുക എന്നിവയും കിഡ്നി സ്റ്റോണിന്റെ ലക്ഷണമാകാം. മൂത്രത്തിന് ദുര്‍ഗന്ധം, വാരിയെല്ലുകള്‍ക്ക് താഴെ വൃക്കകള്‍ സ്ഥിതി ചെയ്യുന്ന ഇടത്ത് തോന്നുന്ന അതിശക്തമായതും കുത്തിക്കൊള്ളുന്നതുമായ വേദന വൃക്കയിലെ കല്ലിന്റെ മറ്റൊരു പ്രധാന ലക്ഷണമാണ്. അടിവയറ്റില്‍ തോന്നുന്ന വേദനയും മൂത്രത്തിലെ കല്ലിന്റെ ലക്ഷണമാകാം.
കാലുകളിൽ വീക്കം, നിൽക്കാനോ ഇരിക്കാനോ ബുദ്ധിമുട്ട് അനുഭവപ്പെടുക എന്നിവയും ലക്ഷണങ്ങളാണ്. കടുത്ത പനിയും വിറയിലും ഛർദ്ദിയും പല രോഗങ്ങളുടെ ഭാഗമായും ഉണ്ടാകാമെങ്കിലും അതും ഈ രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുപോലെ ക്ഷീണം, ഉറക്കമില്ലായ്മ എന്നിവയും ഉണ്ടാകാം.
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.