IndiaNEWS

ആരിഫ് ഖാനെപ്പോലുള്ള ഗവര്‍ണറെയല്ല രാജ്യത്തിന് വേണ്ടത്: സുപ്രീംകോടതി മുൻ ജസ്റ്റിസ് ആര്‍.എഫ്.നരിമാൻ

ന്യൂഡൽഹി: നിയമസഭ പാസ്സാക്കുന്ന ബില്ലുകളില്‍ ഗവര്‍ണര്‍മാര്‍ തീരുമാനമെടുക്കാതെ അനന്തമായി നീട്ടിക്കൊണ്ടുപോകുന്ന പ്രവണതയില്‍ ആശങ്ക പ്രകടിപ്പിച്ച്‌ സുപ്രീംകോടതി മുൻ ജസ്റ്റിസ് ആര്‍.എഫ്.നരിമാൻ.
 സ്വതന്ത്രരായി പ്രവര്‍ത്തിക്കുന്നവരെയാണ് ഗവര്‍ണര്‍ സ്ഥാനത്ത് നിയമിക്കേണ്ടതെന്നും അല്ലാത്തപക്ഷം ഭരണസംവിധാനം തന്നെ സ്തംഭനാവസ്ഥയിലാകുമെന്നും കേരള ഗവര്‍ണറെ പ്രത്യേകം പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
23 മാസമാണ് കേരള ഗവര്‍ണര്‍ നിയമസഭ പാസ്സാക്കിയ ബില്ലുകളില്‍ തീരുമാനമെടുക്കാതെ വൈകിപ്പിച്ചതെന്ന് ജസ്റ്റിസ് നരിമാൻ ചൂണ്ടിക്കാട്ടി. എട്ട് ബില്ലുകളാണുണ്ടായിരുന്നത്. വിഷയം സുപ്രീംകോടതിയിലെത്തിയപ്പോള്‍ അദ്ദേഹം ചെയ്തതാവട്ടെ, ഒരു ബില്ലില്‍ ഒപ്പിടുകയും ഏഴ് ബില്ലുകള്‍ രാഷ്ട്രപതിയുടെ പരിഗണനക്ക് വിടുകയും ചെയ്തു. ഇത് വളരെയേറെ അസ്വസ്ഥതയുണ്ടാക്കുന്ന ഒരു യാഥാര്‍ഥ്യമാണ്. ഇത്തരത്തില്‍ എല്ലാം രാഷ്ട്രപതിയുടെ പരിഗണനക്ക് വിടുകയാണെങ്കില്‍ സംസ്ഥാനത്തെ ഭരണസംവിധാനം തന്നെ സ്തംഭനാവസ്ഥയിലാകും.
ഗവര്‍ണര്‍ ഒരു ബില്ല് തിരിച്ചയക്കുന്നത് പോലെയല്ല ഇത്. കേന്ദ്രത്തിന്‍റെ വാതിലിന് മുന്നില്‍ ഈ ബില്ല് എത്തുകയും കേന്ദ്രം നോ പറയുകയും ചെയ്താല്‍ അതോടെ ആ ബില്ലിന്‍റെ അവസാനമാണ് -അദ്ദേഹം പറഞ്ഞു.
ബില്ലുകള്‍ മൊത്തത്തില്‍ രാഷ്ട്രപതിക്ക് അയക്കുന്ന ഒരു ഗവര്‍ണറാണ് സംസ്ഥാനത്തുള്ളതെങ്കില്‍ നിയമനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തന്നെ സ്തംഭനാവസ്ഥയിലായേക്കാം. ഗവര്‍ണര്‍മാരായി നിയമിക്കപ്പെടുന്നവര്‍ സ്വതന്ത്രരായിരിക്കണം. അല്ലെങ്കില്‍ ഈ സംവിധാനം മുഴുവനായി തന്നെ തകരും. ഏതെങ്കിലുമൊരു രാഷ്ട്രീയപാര്‍ട്ടിയുടെ ഭാഗമായ വ്യക്തിയാണ് ഗവര്‍ണറെങ്കില്‍ ഗവര്‍ണറുടെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി മുന്നോട്ടുപോകില്ല. ഗവര്‍ണറുടെ പദവിയിലെത്തേണ്ടത് സ്വതന്ത്രരായി പ്രവര്‍ത്തിക്കുന്നവര്‍ മാത്രമാണെന്ന് സുപ്രീംകോടതി വിധിക്കുന്ന ദിവസത്തിനായി ഞാൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Back to top button
error: