KeralaNEWS

സംസ്ഥാനത്ത് കോളജ് അധ്യാപക നിയമനം: ഇതര സംസ്ഥാനങ്ങളിലെ യുജിസി അംഗീകൃത സെറ്റ് പരീക്ഷയും സ്ലെറ്റ് പരീക്ഷയും യോഗ്യതയാക്കികൊണ്ടുള്ള വിവാദ ഉത്തരവ് കേരള സര്‍ക്കാര്‍ പിന്‍വലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കോളേജ് അധ്യാപക നിയമനത്തിന് ഇതര സംസ്ഥാനങ്ങളിലെ യുജിസി അംഗീകൃത സെറ്റ് പരീക്ഷയും എസ്എൽഇടി (സ്ലെറ്റ്) പരീക്ഷയും യോഗ്യതയാക്കികൊണ്ടുള്ള വിവാദ ഉത്തരവ് കേരള സര്‍ക്കാര്‍ പിന്‍വലിച്ചു. കോളേജ് അധ്യാപക നിയമനത്തിനുള്ള യോഗ്യതയില്‍ വെള്ളം ചേര്‍ത്തുവെന്ന വിമര്‍ശനത്തെതുടര്‍ന്നാണ് നടപടി. യുജിസി അംഗീകൃത SET/SLET പരീക്ഷകള്‍ നിലവില്‍ സംസ്ഥാനത്ത് നടത്താത്ത സാഹചര്യത്തിലും സംസ്ഥാനത്ത് നടത്തുന്ന SETപരീക്ഷയും യുജിസി അംഗീകൃത SET പരീക്ഷയും തമ്മില്‍ തെറ്റിദ്ധരിയ്ക്കപ്പെടാന്‍ ഇടയുള്ളതിനാലും മുന്‍ ഉത്തരവ് പിന്‍വലിക്കുകയാണെന്നാണ് പുതിയ ഉത്തരവില്‍ പറയുന്നത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷനല്‍ സെക്രട്ടറി സിനി ജെ ഷുക്കൂര്‍ ആണ് ഇതുസംബന്ധിച്ച പുതിയ ഉത്തരവിറക്കിയത്.

സംസ്ഥാനത്തെ കോളേജ് അധ്യാപക നിയമനത്തിന് നാഷനല്‍ എലിജിലിറ്റി ടെസ്റ്റ് (നെറ്റ്) മാത്രമല്ല അടിസ്ഥാന യോഗ്യതയെന്നും യുജിസി അംഗീകൃത സെറ്റ് പരീക്ഷയും എസ്എൽഇടി (സ്ലെറ്റ്) പരീക്ഷയും പാസാകുന്നതും അടിസ്ഥാന യോഗ്യതയായി കണക്കാക്കണമെന്ന സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് നേരത്തെ ഇറക്കിയ ഉത്തരവാണ് വിവാദമായത്. 2018ലെ യുജിസി റെഗുലേഷന്‍ ഭേദഗതി പ്രകാരമാണ് നെറ്റിനൊപ്പം യുജിസി അംഗീകൃത സെറ്റ്, സ്ലെറ്റ് എന്നിവ അധ്യാപക നിയമനത്തിനുള്ള യോഗ്യതകളായി നിജപ്പെടുത്തിയത്. ഇതനുസരിച്ച് സംസ്ഥാനത്തെ സ്‍പെഷ്യല്‍ റൂള്‍ ഭേദഗതി ചെയ്യാനുള്ള നടപടിയുടെ ഭാഗമായുള്ള ഉത്തരവാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത്.

Back to top button
error: