അയോധ്യ: അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനത്തിന് ഒരുങ്ങുകയാണ്. 2024 ജനുവരി 22 ന് ഉച്ചയ്ക്ക് 12:45 ഓടെ രാമക്ഷേത്ര ശ്രീകോവിലിൽ രാംലല്ല വിഗ്രഹം സ്ഥാപിക്കും. ചടങ്ങില്‍ പങ്കെടുക്കാനുള്ള ശ്രീറാം ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്‍റെ ക്ഷണം പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചതോടെയാണ് വിഗ്രഹ പ്രതിഷ്ഠ തിയ്യതിയില്‍ സ്ഥിരീകരണമായത്. രാം ലല്ല പ്രാൺ പ്രതിഷ്ഠ ചടങ്ങിനുള്ള വൈദിക ചടങ്ങുകൾ ജനുവരി 16 ന് ആരംഭിക്കും. ഉദ്ഘാടനത്തിന് എത്തുമെന്ന് പ്രതീക്ഷിക്കുന്ന ആയിരക്കണക്കിന് ഭക്തരെ ഉൾക്കൊള്ളാൻ അയോധ്യയിൽ നിരവധി ടെന്റ് സിറ്റികൾ സ്ഥാപിക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്.
അയോധ്യ രാമജന്മഭൂമി മാർഗിലെ എൻട്രി പോയിന്റിന്റെ നിർമ്മാണവും അതിവേഗം പുരോഗമിക്കുന്നുണ്ട്. ക്ഷേത്ര ദർശനത്തിനെത്തുന്ന വിശ്വാസികൾ തങ്ങളുടെ കൈവശമുള്ള സാധനങ്ങൾ സൂക്ഷിക്കാൻ ട്രസ്റ്റ് നൽകുന്ന സൗജന്യ ലോക്കറുകൾ ഉപയോഗിക്കണം. മൊബൈൽ ഫോണുകൾ, വാച്ചുകൾ, ഇലക്‌ട്രോണിക് സാധനങ്ങൾ, റിമോട്ട് കീകൾ, ഇയർഫോണുകൾ എന്നിവ ക്ഷേത്ര പരിസരത്ത് അനുവദിക്കില്ല. ക്ഷേത്രത്തിലേക്കുള്ള പ്രവേശനത്തിൽ വിവിധ സ്ഥലങ്ങളിൽ പരിശോധന നടക്കും. തടസ്സങ്ങൾ ഒഴിവാക്കാൻ വിശ്വാസികൾ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. ദർശനത്തിനെത്തുന്നവർ തിരിച്ചറിയൽ രേഖ കൈവശം കരുതണം.
രാവിലെ 7 മുതൽ 11:30 വരെയും ഉച്ചകഴിഞ്ഞ് 2 മുതൽ വൈകിട്ട് 7 വരെയുമാണ് ദർശന സമയം. ക്ഷേത്രത്തിലെത്തുന്ന വിശ്വാസികൾക്ക് ആരതി കൗണ്ടറിൽ നിന്നും പൂജയ്ക്കുള്ള ബുക്കിംഗ് ചെയ്യാം. കൂടാതെ ഡൊണേഷൻ കൗണ്ടർ, ഹോമിയോപ്പതി ചികിൽസാ കേന്ദ്രം എന്നിവയും ക്ഷേത്രത്തിനുള്ളിൽ സജ്ജമാക്കിയിട്ടുണ്ട്. ഹോമിയോപ്പതി ചികിൽസാ കേന്ദ്രത്തിൽ ഉച്ചയ്ക്ക് 2 മണി മുതൽ 7 മണി വരെ ഡോക്ടറുടെ സേവനം ലഭ്യമാകും.
വികലാംഗർക്ക് ക്ഷേത്രപരിസരത്ത് സൗജന്യ വീൽചെയർ സൗകര്യവും ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്. ജനുവരി 20 മുതൽ മൂന്ന് ദിവസത്തേക്ക് സന്ദർശകർക്ക് ദർശനം ഉണ്ടായിരിക്കില്ല. ജനുവരി 22ന് പ്രതിഷ്ഠാ ചടങ്ങിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനാൽ ആ ദിവസം വിശ്വാസികൾക്ക് ക്ഷേത്രത്തിലേക്ക് പ്രവേശനം നൽകില്ല. ക്ഷണിക്കപ്പെട്ട അതിഥികൾക്ക് ജനുവരി 22 ന് പ്രത്യേക ദർശനം ഉണ്ടായിരിക്കും. ജനുവരി 25 നാണ് ക്ഷേത്രം പൊതുജനങ്ങൾക്കായി വീണ്ടും തുറക്കും.