തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ തിരക്കിട്ട് പ്രഖ്യാപിച്ചതിനെ വിമര്‍ശിച്ച് മുതിര്‍ന്ന നേതാവ് കെഇ ഇസ്മായില്‍.
ഇത്ര തിരക്ക് കൂട്ടി പാര്‍ട്ടി സെക്രട്ടിയെ പ്രഖ്യാപിച്ചത് എന്തിനെന്ന് ചോദിച്ച അദ്ദേഹം പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ ചേര്‍ന്നാണ് സെക്രട്ടറിയെ പ്രഖ്യാപിക്കേണ്ടതെന്നും പറഞ്ഞു. അന്തരിച്ച കാനം രാജേന്ദ്രന്റെ കത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ സംസ്ഥാന സെക്രട്ടറിയെ തീരുമാനിച്ചത് ശരിയായില്ലെന്നും പിന്തുടര്ച്ചാവകാശം കമ്യൂണിസ്റ്റ് വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേതൃത്വം ഏറ്റെടുക്കാൻ നേതാക്കള്‍ പാര്‍ട്ടിയില്‍ ഒരുപാട് ഉണ്ടായിരുന്നെങ്കിലും കാനം രാജേന്ദ്രന്റെ വിശ്വസ്തരില്‍ വിശ്വസ്തനായ ബിനോയ് വിശ്വത്തെ തന്നെ സെക്രട്ടറിയാക്കാൻ ഒടുവില്‍ സി പി ഐ തീരുമാനിക്കുകയായിരുന്നു. മരിക്കും മുമ്ബ് കാനം രാജേന്ദ്രൻ കേന്ദ്ര നേതൃത്വത്തിനു മുന്നില്‍ വച്ച നിര്‍ദേശമാണ് ബിനോയ് വിശ്വത്തെ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി പദത്തിലേക്ക് എത്തിച്ചത്.