തിരുവനന്തപുരം: വണ്ടിപ്പെരിയാര്‍ പോക്സോ കേസില്‍ പ്രോസിക്യൂഷന്റേയും പോലീസിന്റേയും വീഴ്ച ചൂണ്ടിക്കാട്ടി ഡി.ജി.പിയുടെ വീട്ടിലേക്ക് പ്രതിഷേധവുമായി മഹിളാ മോര്‍ച്ചാ പ്രവര്‍ത്തകര്‍. ഡി.ജി.പിയുടെ വീട്ടുവളപ്പില്‍ ചാടിക്കയറിയാണ് മഹിളാമോര്‍ച്ചാ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി.
വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്റ്റേറ്റില്‍ ആറുവയസ്സുകാരിയെ പീഡിപ്പിച്ചശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയെന്ന കേസിലെ പ്രതി ചുരക്കുളം എം.എം.ജെ. എസ്റ്റേറ്റ് ലയത്തില്‍ അര്ജുന് സുന്ദറിനെ(24) തെളിവുകളുടെ അഭാവത്തില്‍, കട്ടപ്പന അതിവേഗ കോടതി വെറുതേവിട്ടിരുന്നു. പ്രതി, കൊലപാതകം, ബലാത്സംഗം എന്നിവ നടത്തിയെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ജഡ്ജി വി. മഞ്ജുവിന്റെ വിധിയിലുണ്ട്. അന്വേഷണ ഉദ്യോഗസ്ഥന്റെയും പോലീസിന്റെയും വീഴ്ചകളും എണ്ണിപ്പറഞ്ഞിരുന്നു.
അതേസമയം, വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ കോടതി വിധി പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കോടതി വിധിയില്‍ അപ്പീല്‍ നല്കാന് തീരുമാനിച്ചതായി പിണറായി വിജയന് അറിയിച്ചു. സംസ്ഥാനത്തിന് അഭിമാനകരമായ കാര്യമല്ല സംഭവിച്ചതെന്നും എന്താണ് സംഭവിച്ചതെന്ന് ഗൗരവകരമായി പരിശോധിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കേസില്‍ തെളിവുകള്‍ ശേഖരിക്കുന്നതില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അന്വേഷ ഉദ്യോഗസ്ഥനായ ടി.ഡി സുനില്‍കുമാര്‍ പറഞ്ഞു. അര്ജുന് പ്രതിയെന്ന് തന്നെയാണ് നൂറ് ശതമാനം നിഗമനവും. വിധിയിലെ മറ്റ് കാര്യങ്ങള്‍ പരിശോധിച്ച് വരുന്നു. വിധിക്കെതിരെ അപ്പീല്‍ നല്‍കും. വിരലടയാള വിദഗ്ധരും ഫോറന്‍സിക് സംഘവും തെളിവുകള്‍ ശേഖരിച്ചിരുന്നതായും സുനില്‍കുമാര്‍ വ്യക്തമാക്കി.
കേസില്‍ കോടതി വിധി അംഗീകരിക്കാനാവില്ലെന്ന് കൊല്ലപ്പെട്ട കുട്ടിയുടെ പിതാവ് പറഞ്ഞു. പ്രതിഭാഗം വാദിച്ചത് മാത്രമാണ് കോടതി കേട്ടതെന്നും കോടതി വിധിയില്‍ ഉടന്‍ അപ്പീല്‍ നല്‍കുമെന്നും പിതാവ് വ്യക്തമാക്കി. എസ്സി-എസ്ടി ആക്ട് ചുമത്തുന്നതില്‍ പൊലീസിന് വീഴ്ച സംഭവിച്ചെന്നും കൊല്ലപ്പെട്ട കുട്ടിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.