KeralaNEWS

‘സംഘി ചാന്‍സലര്‍ വാപസ് ജാവോ’; ഗവര്‍ണര്‍ക്കെതിരെ ബാനറുകളുമായി എസ്.എഫ്.ഐ

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാലയില്‍ എത്തുന്ന ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം കടുപ്പിക്കാന്‍ എസ്.എഫ്.ഐ. ഗവര്‍ണര്‍ക്കെതിരെ സര്‍വകലാശാലാ കാംപസില്‍ ബാനറുകള്‍ ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്. ‘സംഘി ചാന്‍സലര്‍ തിരിച്ചുപോകണം’ എന്നുള്‍പ്പെടെയുള്ള സന്ദേശമടങ്ങിയ ബാനറുകളാണ് കാംപസ് കവാടത്തില്‍ എസ്.എഫ്.ഐ സ്ഥാപിച്ചത്.

ഇന്ന് രാത്രിയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ എത്തുന്നത്. പ്രതിഷേധം കണക്കിലെടുത്ത് ശക്തമായ സുരക്ഷയാണ് പൊലീസ് കാംപയില്‍ ഒരുക്കുന്നത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കാനായാണ് എത്തുന്നത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്ന ഗവര്‍ണര്‍ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് കാലിക്കറ്റ് യൂനിവേഴ്സിറ്റി ഗസ്റ്റ് ഹൗസിലേക്ക് പോകും.

Signature-ad

തിങ്കളാഴ്ച 3.30ന് കാലിക്കറ്റ് യൂനിവേഴ്സിറ്റി സനാതനധര്‍മ്മപീഠം സംഘടിപ്പിക്കുന്ന ‘ശ്രീനാരായണഗുരു നവോത്ഥാനത്തിന്റെ പ്രവാചകന്‍’ സെമിനാറില്‍ ഗവര്‍ണര്‍ പങ്കെടുക്കും. ഗവര്‍ണറെ സര്‍വകലാശാലകളില്‍ കാലുകുത്തിക്കില്ലെന്ന എസ്.എഫ്.ഐ ആഹ്വാനത്തിന്റെ പശ്ചാത്തലത്തില്‍ വലിയ സുരക്ഷയാണ് പൊലീസ് ഗവര്‍ണര്‍ക്ക് ഒരുക്കിയിരിക്കുന്നത്.

അതിനിടെ, സര്‍വകലാശാലകളോടുള്ള ഗവര്‍ണറുടെ നയങ്ങള്‍ക്കെതിരെ പ്രതിഷേധം കടുപ്പിക്കാന്‍ ഉറച്ച് മുന്നോട്ടുപോകുകയാണ് ഇടതുസംഘടനകള്‍. അധ്യാപകരുടെയും സര്‍വകലാശാല ജീവനക്കാരുടെയും നേതൃത്വത്തില്‍ ഇന്ന് രാജ്ഭവനിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും. രാവിലെ 11 മണിക്ക് മ്യൂസിയത്തുനിന്നാണ് മാര്‍ച്ച് ആരംഭിക്കുന്നത്.

 

Back to top button
error: