തിരുവനന്തപുരം:ആർഎസ്‌എസ് നഗർ സേവാപ്രമുഖിന്റെ സഹോദരനെ കുത്തിക്കൊന്ന കേസിൽ 9 ആർഎസ്‌എസുകാർ കുറ്റക്കാർ.
ആറ്റുകാൽ മണക്കാട് മേടമുക്ക് സതീഷ് നിവാസിൽ അയ്യപ്പനാശാരിയെ (52) കൊലപ്പെടുത്തിയ കേസിലാണ് അനിൽകുമാർ (കടച്ചിൽ അനി), സുനിൽകുമാർ (ഉപ്പ് സുനി), അനിൽകുമാർ (അനിൽ), മനോജ്, ഉണ്ണി, സതീഷ്‌കുമാർ (ഗോവർധൻ), സന്തോഷ് (പ്രദീഷ്), സന്തോഷ് ചന്ദ്രൻ, സന്തോഷ് (ബീഡി സന്തോഷ്) എന്നിവർ കുറ്റക്കാരെന്ന് തിരുവനന്തപുരം അഞ്ചാം അഡീഷണൽ സെഷൻസ് ജഡ്ജ് പ്രസൂൺ മോഹൻ വിധിച്ചത്.
ആർഎസ്‌എസ് നഗർ സേവാപ്രമുഖായിരുന്ന രാജഗോപാൽ ആചാരിയുടെ സഹോരനായിരുന്നു കൊല്ലപ്പെട്ട അയ്യപ്പനാചാരി. 2004 ആഗസ്റ്റ് 28 തിരുവോണ ദിവസമാണ് സംഭവം. പൂക്കടയിൽ നിന്ന് പൂവെടുത്തതിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലെത്തിയത്. മണക്കാട് സ്പാൻ ആശുപത്രിക്ക് സമീപത്തെ പൂക്കടയിൽ നിന്ന് അയ്യപ്പനാചാരിയുടെ മകൻ സതീഷും സുഹൃത്തും പൂവെടുത്തിരുന്നു. ഒന്നാം പ്രതി കടച്ചൽ അനിയുടെ നേതൃത്വത്തിലെത്തിയ 19 അംഗ സംഘം ഇത് ചോദ്യം ചെയ്ത് ആക്രമിച്ചു. പിന്നീട് രാജഗോപാൽ ആചാരിയുടെ വീടാക്രമിച്ചു. രാജഗോപാൽ ആചാരി, സഹോദരപുത്രന്മാരായ സതീഷ്, രാജേഷ് എന്നിവരെയും വെട്ടി. തടയാനെത്തിയ അയ്യപ്പനാചാരിയെ കുത്തി കൊല്ലുകയായിരുന്നു.
ദൃക്സാക്ഷികളായ രാജഗോപാൽ ആചാരിയും ഭാര്യ സരസ്വതിയും വിചാരണയ്‌ക്ക് മുമ്പ് മരണപ്പെട്ടു. ഇവരുടെ മകൾ പ്രിയയുടെ മൊഴിയാണ് നിർണായക തെളിവായത്.16 പ്രതികളാണ് വിചാരണ നേരിട്ടത്. 18ന് ശിക്ഷ വിധിക്കും. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ എം സലാഹുദീൻ, അഖിലാ ലാൽ, ദേവികാ മധു എന്നിവർ ഹാജരായി.