താനെ: തന്റെ പേരിലുണ്ടായിരുന്ന രണ്ടേക്കര്‍ ഭൂമി വിറ്റുപോയ വിവരം ഉടമ അറിഞ്ഞത് മറ്റു ചിലര്‍ പറഞ്ഞ്. രജിസ്ട്രേഷന്‍ ഓഫീസില്‍ അന്വേഷിച്ചപ്പോള്‍ രേഖകളെല്ലാം കിറുകൃത്യം. വില്‍പന കരാര്‍ ഉള്‍പ്പെടെ എല്ലാം വേണ്ടത് പോലെ തന്നെയുണ്ട്. ഇടപാട് നടന്നതിന് സാക്ഷികളുമുണ്ട്. താന്‍ സ്ഥലം മറ്റൊരാള്‍ക്ക് വിറ്റതായാണ് രേഖകളെന്ന് മനസിലാക്കി ഉടമ ഞെട്ടി. പിന്നാലെ താന്‍ അറിഞ്ഞല്ല വില്‍പന നടന്നതെന്ന് ആരോപിച്ച് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
കേസ് പരിശോധിച്ച പൊലീസ് ആദ്യം എല്ലാം കൃത്യമാണെന്നും ശരിയായ കച്ചവടം തന്നെയാണ് നടന്നതെന്നും കരുതിയെങ്കിലും പിന്നീട് രേഖകള്‍ സൂക്ഷ്മമായി പരിശോധിച്ചപ്പോഴായിരുന്നു ട്വിസ്റ്റ് ആധാര്‍ കാര്‍ഡിലാണെന്ന് മനസിലായത്. ആധാര്‍ കാര്‍ഡില്‍ യഥാര്‍ത്ഥ സ്ഥലം ഉടമയുടെ പേര് തന്നെയാണെങ്കിലും വിലാസവും ഫോട്ടോയും മറ്റൊരാളുടേത്. ആധാര്‍ നമ്പറും സ്ഥലത്തിന്റെ യഥാര്‍ത്ഥ ഉടമയുടേതല്ല. സംഭവം ഏതാണ്ട് പിടികിട്ടിയ പൊലീസ്, സ്ഥലത്തിന്റെ ‘ഇപ്പോഴത്തെ രേഖകള്‍’ പ്രകാരം ഉടമസ്ഥാവകാശം ഉന്നയിച്ച ആളിനെ ഉള്‍പ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഇവര്‍ക്ക് പുറമെ മറ്റ് മൂന്ന് പേര്‍ക്കെതിരെ കൂടി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്.
മുംബൈയിലെ ബദ്‍ലപൂരിലാണ് രണ്ട് ഏക്കര്‍ ഭൂമി ഉടമ പോലുമറിയാതെ വിറ്റു പോയത്. റിയല്‍ എസ്റ്റേറ്റ് ഏജന്റായ രാജേഷ് ചുഗിന്റെ (58) ഭൂമിയാണ് ഗണേഷ് ബാബു എന്നയാളുടെ പേരിലേക്ക് മാറിയത്. പിടിയിലായവരില്‍ ഒരു ആധാര്‍ സെന്ററിലെ ഓപ്പറേറ്ററും ഉണ്ട്. 1988ലാണ് രാജേഷ് സ്ഥലം വാങ്ങിയത്. പരിസരത്തുണ്ടായിരുന്ന ചിലരാണ് ഇത് അന്നുമുതല്‍ നോക്കി നടത്തിയിരുന്നത്. രണ്ട് മാസം മുമ്പ് പരിസരത്തെ ചിലര്‍ വിളിച്ച് സ്ഥലം വിറ്റോ എന്ന് അന്വേഷിച്ചു. ഇതോടെയാണ് പോയി രേഖകള്‍ പരതിയതും ഇപ്പോഴത്തെ ഉടമസ്ഥന്‍ ഗണേഷ് ബാബു ആണെന്ന് മനസിലാക്കിയതും. ഓഗസ്റ്റില്‍ ആധാരം രജിസ്റ്റര്‍ ചെയ്തതായി കണ്ടെത്തി. ഒപ്പം നല്‍കിയ ആധാറില്‍ പേര് കൃത്യമായിരുന്നെങ്കിലും നമ്പറും ഫോട്ടോയുമെല്ലാം മറ്റൊരാളുടേത്. വ്യാജ രേഖയുണ്ടാക്കി സ്വത്ത് തട്ടിയെന്ന് കാണിച്ചാണ് കേസ് കൊടുത്തത്.
ഒറ്റനോട്ടത്തില്‍ ഒറിജനലിനെ വെല്ലുന്ന ആധാര്‍ കാര്‍ഡാണ് തട്ടിപ്പ് സംഘം തയ്യാറാക്കിയത്. എന്നാല്‍ ആധാര്‍ നമ്പര്‍ ദീപക് ശങ്കര്‍ ഷിന്‍ഡേ എന്നയാളിന്റേതായിരുന്നു. ആധാറില്‍ പേര് മാറ്റുന്നത് എളുപ്പമല്ലെന്ന് തിരിച്ചറിഞ്ഞാണ് ബദ്‍ലപൂരിലെ സായ് എന്റര്‍പ്രൈസസ് എന്ന ആധാര്‍ സെന്ററിലെ ഓപ്പറേറ്റര്‍ ഭവേഷ് ഭാഗതിനെക്കൂടി കൂട്ടുപിടിച്ചത്. ഉദ്യോഗസ്ഥര്‍ക്ക് എളുപ്പത്തില്‍ കണ്ടെത്താനാവാത്ത തരത്തിലായിരുന്നു ഇവരുടെ പ്രവര്‍ത്തനമെന്ന് പൊലീസ് പറഞ്ഞു. കൃത്രിമം നടത്താനായി ഉപയോഗിച്ച ആധാര്‍ കാര്‍ഡിന്റെ യഥാര്‍ത്ഥ ഉടമയും അത് ഉപയോഗിച്ച് ഭൂമിയുടെ പുതിയ ഉടമയായി മാറിയയാളും ആധാര്‍ സെന്റര്‍ ഓപ്പറേറ്ററുമാണ് പിടിയിലായത്. ഇടപാടിന് സാക്ഷികളായി ഒപ്പിട്ട രണ്ട് പേരെ പൊലീസ് അന്വേഷിക്കുകയാണ്.