
തിരുവനന്തപുരം: ഗവര്‍ണറെ വഴിയില്‍ തടഞ്ഞ് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ പ്രതിഷേധിച്ച സംഭവത്തില്‍ പ്രതിഷേധക്കാര്‍ക്കെതിരേ പോലീസ് ചുമത്തിയത് ദുര്‍ബല വകുപ്പുകളെന്ന് വ്യക്തമാക്കി എഫ്.ഐ.ആര്. ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിന് മാത്രം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് എഫ്.ഐ.ആര്. നവകേള സദസ്സിനെതിരേ പ്രതിഷേധിക്കുന്നവര്‍ക്കെതിരേ വധശ്രമത്തിനടക്കം കേസെടുത്ത പോലീസ് ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധം വരുമ്പോള്‍ രാഷ്ട്രീയം കളിക്കുന്നു എന്നാണ് ആരോപണം.
കേസുമായി ബന്ധപ്പെട്ട് ഏഴുപേരുടെ അറസ്റ്റ് ആണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് രേഖപ്പെടുത്തിയത്. ഇതുകൂടാതെ പിടിയിലായ അഞ്ചോളം പേരെ സ്റ്റേഷന് ജാമ്യം നല്കി വിട്ടയച്ചു. അറസ്റ്റിലായിരിക്കുന്ന ഏഴുപേരും പാളയം ഭാഗത്തുവെച്ച് ഗവര്‍ണറുടെ വാഹനം തടഞ്ഞു എന്നാണ് കുറ്റം. തീര്‍ത്തും ദുര്‍ബലമായ വകുപ്പുകളാണ് ഇവര്‍ക്കെതിരേ എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
പ്രകടനം നിരോധിച്ചിട്ടുള്ള റോഡില്‍കൂടി കുറേ അധികം ആളുകള്‍ ഒന്നിച്ചെത്തി ഗവര്‍ണറുടെ വാഹനം തടയുകയും കരിങ്കൊടി വീശിക്കാണിക്കുകയും ചെയ്തു. ഒപ്പം പോലീസുകാരുടെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയിരിക്കുന്നു എന്നാണ് എഫ്.ഐ.ആറില്‍ പറഞ്ഞിട്ടുള്ളത്.
എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ഗവര്‍ണറുടെ വാഹനം തടഞ്ഞ് കരിങ്കൊടി കാണിക്കുകയും കാറിനുമുന്നില്‍ ചാടിവീഴുകയും ചെയ്തത് വലിയ സുരക്ഷാവീഴ്ചയെന്നാണ് വിലയിരുത്തുന്നത്. സെഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള ഗവര്‍ണര്‍ക്ക് സുഗമമായി സഞ്ചരിക്കാനുള്ള വഴിയൊരുക്കാനാകാത്തതും റൂട്ട് പുറത്തായതും ഗൗരവമായിത്തന്നെയാണ് കാണുന്നത്. സംഭവത്തിനുശേഷം ഗവര്‍ണര്‍ രൂക്ഷമായി പ്രതികരിച്ചിരുന്നു. കേന്ദ്രം സംസ്ഥാന ആഭ്യന്തര വകുപ്പില്‍നിന്ന് റിപ്പോര്‍ട്ട് തേടിയേക്കും.
മുഖ്യമന്ത്രിക്ക് സമാനമായ സുരക്ഷയാണ് സംസ്ഥാന ഗവര്‍ണര്‍ക്കുമുള്ളത്. എന്നാല്‍, മുഖ്യമന്ത്രിക്ക് ലഭിക്കുന്നത്ര ഗൗരവത്തിലുള്ള സുരക്ഷ ഗവര്‍ണര്‍ക്ക് ലഭിക്കുന്നില്ലെന്നുതന്നെയാണ് വിലയിരുത്തല്‍.
ഞായറാഴ്ച വൈകീട്ട് വഴുതക്കാടിന് സമീപം ഗവര്‍ണര്‍ക്കുനേരെ എസ്.എഫ്.ഐ. പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധമുണ്ടായി. ഗവര്‍ണറുടെ വാഹനത്തിനു സമീപമെത്തിയ ഇവരെ പോലീസ് പിടിച്ചുമാറ്റുകയായിരുന്നു. ഈ സംഭവം ഉണ്ടായിട്ടും അധിക സുരക്ഷയൊരുക്കിയില്ല. ഒന്നര മണിക്കൂറിനുശേഷം ഇതേ സ്ഥലത്തുതന്നെ എസ്.എഫ്.ഐ.ക്കാരുടെ കരിങ്കൊടി പ്രതിഷേധവുമുണ്ടായി. തുടര്‍ന്ന്, ഗവര്‍ണറുടെ റൂട്ട് വയര്‍ലെസ് സെറ്റിലൂടെ അറിയിക്കണ്ടെന്നും ഫോണ്‍ വഴി അറിയിച്ചാല്‍ മതിയെന്നും തീരുമാനിച്ചു. എന്നിട്ടും തിങ്കളാഴ്ചത്തെ ഗവര്‍ണറുടെ റൂട്ട് ചോരുകയും എസ്.എഫ്.ഐ.ക്കാര് പ്രതിഷേധവുമായി എത്തുകയും ചെയ്തു.
ഗവര്‍ണര്‍ സഞ്ചരിക്കാന്‍ തിരഞ്ഞെടുത്ത റൂട്ടില്‍ത്തന്നെ പ്രതിഷേധമുണ്ടായത് വിവരം ചോര്ന്നിട്ടാണെന്ന ആക്ഷേപമുയരുന്നുണ്ട്. റൂട്ട് ചോര്‍ന്നത് സംബന്ധിച്ച് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നുണ്ട്.






