CrimeNEWS

കര്‍ണിസേന പ്രസിഡന്റിന്റെ കൊലപാതകം; ‘ലേഡി ഡോണും’ ഭര്‍ത്താവും അറസ്റ്റില്‍

ജയ്പുര്‍: രാഷ്ട്രീയ രാജ്പുത് കര്‍ണി സേനയുടെ പ്രസിഡന്റ് സുഖ്‌ദേവ് സിങ് ഗോഗമേദിയുടെ കൊലയാളികള്‍ക്ക് ആയുധങ്ങളും പണവും നല്‍കി സഹായിച്ച യവതിയും ഭര്‍ത്താവും അറസ്റ്റില്‍. കൊലപാതകവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള രോഹിത് സിങ് റാത്തോഡ്, നിതിന്‍ ഫൗജി എന്നിവര്‍ക്ക് പിസ്റ്റളും ഒരു ലക്ഷം രൂപയും നല്‍കിയ പൂജാ സെയ്‌നി എന്ന പൂജാ ബത്ര, ഇവരുടെ ഭര്‍ത്താവ് മഹേന്ദ്രകുമാര്‍ മേഘ്വാള്‍ എന്ന സമീര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ, കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം എട്ടായി.

പൂജാ സെയ്‌നി

‘ലേഡി ഡോണ്‍’ എന്നറിയപ്പെടുന്ന പൂജയും ഭര്‍ത്താവ് മഹേന്ദ്ര കുമാറും പലതവണ ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘത്തിന് ആയുധങ്ങള്‍ വിതരണം ചെയ്തിട്ടുണ്ട്. ഇവരുടെ താമസ സ്ഥലത്തുനിന്ന് എകെ 47 റൈഫിള്‍ പിടിച്ചെടുത്തിട്ടുണ്ട്. 2022 ഡിസംബറില്‍ അധോലോക നായകന്‍ രാജു തെഹാത്തിനെ വെടിവച്ചു കൊല്ലാന്‍ ഉപയോഗിച്ച റൈഫിളാണിതെന്നാണ് പോലീസ് നിഗമനം.

Signature-ad

ഗുണ്ടാത്തലവന്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘാംഗമായ രോഹിത് ഗൊദാര, ഗോഗമേദി സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടിരുന്നു. രാജസ്ഥാനിലെ നാഗോര്‍ ജില്ലയിലെ മകരാന സ്വദേശി രോഹിത് റാത്തോഡ്, ഹരിയാന മഹേന്ദ്രഗഡ് സ്വദേശിയും സൈനികനുമായ നിതിന്‍ ഫൗജി എന്നിവരാണ് സുഖ്‌ദേവ് സിങ് ഗോഗമേദിയെ വെടിവച്ചു കൊന്നത്.

സുഖ്‌ദേവിന്റെ അയല്‍വാസിയായ നവീന്‍ ഷെഖാവത്തിന്റെ സഹായത്തോടെയാണ് ഇരുവരും വീട്ടിലെത്തിയത്. 15 മിനിറ്റോളം നീണ്ട സംഭാഷണത്തിനു ശേഷം ഇരുവരും ഗോഗമേദിക്കെതിരെ വെടിയുതിര്‍ക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച നവീനെതിരെയും വെടിയുതിര്‍ത്തു. ഗോഗമേദിയുടെ നെഞ്ചിലും തലയിലും പുറത്തുമായി ഒന്‍പതു തവണ വെടിയേറ്റു. നവീനും വെടിയേറ്റു കൊല്ലപ്പെട്ടിരുന്നു. വിവാഹം ക്ഷണിക്കാനെന്ന വ്യാജേന എത്തിയ സംഘം കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സുഖ്‌ദേവ് സിങ് ഗോഗമേദിയെ വീട്ടില്‍ വെടിവച്ചുകൊന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: