CrimeNEWS

സ്ത്രീകളെ വസ്തുവൽക്കരിക്കുന്നതിനും ലോകത്ത് ഒരിടത്തും ഒരു കുറവുമില്ല; കഴിഞ്ഞ വർഷം സ്ത്രീകൾക്കെതിരെ ഏറ്റവുമധികം ആസിഡ് അക്രമണം നടന്നത് ബം​ഗളൂരു ന​ഗരത്തിൽ!

സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചു വരികയാണ്. സ്ത്രീകളെ വസ്തുവൽക്കരിക്കുന്നതിനും ലോകത്ത് ഒരിടത്തും ഒരു കുറവുമില്ല. കേരളത്തിൽ നിന്നുമുള്ള ​ഗാർഹികപീഡനങ്ങളുടെയും സ്ത്രീകളുടെ ആത്മഹത്യകളുടെയും കണക്കെടുത്ത് നോക്കിയാൽ തന്നെ സമൂഹം യാതൊരു തരത്തിലും പുരോ​ഗമിച്ചിട്ടില്ല എന്ന് മനസിലാവും. രാജ്യത്ത് എല്ലായിടത്തും പലതരത്തിൽ സ്ത്രീകൾ അക്രമിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. അതുപോലെ, ആസിഡ് ആക്രമങ്ങളുടെ കണക്കിൽ ഒന്നാമതുള്ള ന​ഗരം ബം​ഗളൂരുവാണ്.

2022 -ൽ ഏറ്റവുമധികം ആസിഡ് അക്രമണങ്ങൾ നടന്നത് ബം​ഗളൂരു ന​ഗരത്തിലാണ് എന്നാണ് നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പറയുന്നത്. എൻസിആർബി ഡാറ്റയിൽ പട്ടികപ്പെടുത്തിയിട്ടുള്ള 19 മെട്രോപൊളിറ്റൻ നഗരങ്ങളിൽ കഴിഞ്ഞ വർഷം ഏറ്റവുമധികം ആസിഡ് അക്രമം നടന്നത് ബം​ഗളൂരുവിലാണെന്ന് പറയുന്നു. എട്ട് ആസിഡ് അക്രമണക്കേസുകളാണ് ബം​ഗളൂരുവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. രണ്ടാമത് ദില്ലിയും മൂന്നാമത് അഹമ്മദാബാദുമാണ്. ദില്ലിയിൽ ഏഴും അഹമ്മദാബാദിൽ അഞ്ചും കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ദില്ലിയിൽ കഴിഞ്ഞ വർഷം ഏഴ് ആസിഡ് അക്രമങ്ങൾക്കുള്ള ശ്രമങ്ങൾ നടന്നിരുന്നു. ബം​ഗളൂരുവിൽ മൂന്ന് ആസിഡ് അക്രമങ്ങൾക്കുള്ള ശ്രമങ്ങളും നടന്നു. ഹൈദ്രാബാദിലും അഹമ്മദാബാദിലും രണ്ട് ശ്രമങ്ങളാണ് നടന്നത്.

Signature-ad

ബം​ഗളൂരുവിലെ ശ്രദ്ധേയമായ ആസിഡ് അക്രമങ്ങളിൽ ഒന്ന് നടന്നത് ഏപ്രിൽ 28 -നാണ്. ജോലിക്ക് പോകവെ വഴിയിൽ വച്ച് 24 -കാരിയായ എം.കോം ബിരുദധാരി ആക്രമിക്കപ്പെട്ടതാണ് അത്. അക്രമി അവളെ വർഷങ്ങളായി പിന്തുടരുന്നുണ്ടായിരുന്നു. തന്റെ വിവാഹാഭ്യർത്ഥന യുവതി നിരസിച്ചതിനെ തുടർന്നാണ് അക്രമി അവർക്ക് നേരെ ആസിഡ് എറിഞ്ഞത്. മെയ് മാസത്തിൽ ഇയാൾ അറസ്റ്റ് ചെയ്യപ്പെട്ടു. തിരുവണ്ണാമലൈ ആശ്രമത്തിൽ നിന്ന് സ്വാമി വേഷം ധരിച്ച് കഴിയുകയായിരുന്നു ഇയാൾ. 2023 ജൂണിൽ, ഈ കേസിലെ അതിജീവിതയ്ക്ക് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഓഫീസ് കരാർ അടിസ്ഥാനത്തിൽ ജോലി വാഗ്ദാനം ചെയ്തിരുന്നു. സമാനമായി 2022 ജൂണിൽ ഒരാൾ തന്റെ സഹപ്രവർത്തകയ്ക്ക് നേരെ ആസിഡ് അക്രമം നടത്തിയിരുന്നു. ഇതും വിവാഹാഭ്യർത്ഥന നിരസിച്ചു എന്ന കാരണം പറഞ്ഞു കൊണ്ടുള്ള അതിക്രമം ആയിരുന്നു.

Back to top button
error: