KeralaNEWS

പ്രജീഷിനെ കൊലപ്പെടുത്തിയ നരഭോജിയായ കടുവയെ വെടിവെച്ച് കൊല്ലണം, നാട്ടുകാരുടെ പ്രതിഷേധം രൂക്ഷം: ‘ഉറപ്പ് പോര, ഉത്തരവ് വേണം’

  കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട  വയനാട് വാകേരി കൂടല്ലൂർ മൂടക്കൊല്ലി സ്വദേശി മരോട്ടിതറപ്പിൽ പ്രജീഷിൻ്റെ (36) പോസ്റ്റ് മോർട്ടം നടപടികൾ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ പൂർത്തിയായി. ഡിഎഫ്ഒ ഷജ്ന കരീം, സിപിഎം ജില്ലാ സെക്രട്ടറി പി ഗഗാറിൻ, ബിജെപി ജില്ലാ പ്രസിഡന്റ് കെപി മധു തുടങ്ങിയവർ സ്ഥലത്തെത്തിയിരുന്നു. ഇതിനിടെ, മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ഡിഎഫ്ഒ നടത്തിയ പരാമർശത്തെ ചൊല്ലി മോർച്ചറിക്ക് മുമ്പിൽ ജനങ്ങൾ പ്രതിഷേധിച്ചു.

പ്രജീഷിനെ കൊലപ്പെടുത്തിയ കടുവയും പിന്നീട് നാട്ടുകാർ കണ്ടതും ഒന്ന് തന്നെയാണോ എന്ന് പരിശോധിക്കണമെന്ന് ഡിഎഫ്ഒ പറഞ്ഞതോടെയാണ് ജനങ്ങൾ  പ്രതിഷേധിച്ചത്. മനുഷ്യരുടെ ജീവൻതന്നെ അപകടത്തിലാകുന്ന ഘട്ടങ്ങളിൽ ജില്ലാ ഭരണകൂടവും വനം വകുപ്പും കാര്യക്ഷമമായി പെരുമാറണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി ഗഗാറിൻ പറഞ്ഞു. അതേസമയം ആവശ്യങ്ങൾ അംഗീകരിക്കാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കളും നാട്ടുകാരും പറഞ്ഞു. ഇതുസംബന്ധിച്ച ഉത്തരവ് തങ്ങൾക്ക് കൈമാറണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Signature-ad

നരഭോജിയായ കടുവയെ വെടിവെച്ച് കൊല്ലാനുള്ള ഉത്തരവിറങ്ങിയതിന് ശേഷമേ മരണപ്പെട്ട പ്രജീഷിന്റെ മൃതദേഹം ഏറ്റുവാങ്ങുള്ളൂ എന്ന് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു. ജന വികാരത്തിനൊപ്പാണ് താന്‍. ഉത്തരവിറക്കാന്‍ നിയമപരമായി തടസങ്ങളിലെന്നും,  താന്‍ വനംമന്ത്രിയോട് ഇക്കാര്യങ്ങൾ സംസാരിച്ചതായും ഉത്തരവിറക്കുമെന്ന് വനം മന്ത്രി ഉറപ്പു നല്‍കിയതായും എം.എൽ.എ പറഞ്ഞു. ഉത്തരവിറങ്ങിയാല്‍ കടുവയെ വെടിവെക്കാനായി ഡോക്ടര്‍മാര്‍ സജ്ജമാണ്. വാകേരിയില്‍ കൂടുതല്‍ വനപാലകരെ നിയോഗിക്കാന്‍ സി.സി.എഫിനോട് ആവശ്യപ്പെട്ടതായും ഐസി ബാലകൃഷ്ണന്‍ എം.എല്‍.എ വ്യക്തമാക്കി.

ഒടുവിൽ കടുവയെ മയക്കുവെടി വച്ചു പിടികൂടാന്‍ സർക്കാർ ഉത്തരവ്. കടുവയെ വെടിവച്ചു കൊല്ലണമെന്ന ആവശ്യം അംഗീകരിക്കാത്തതില്‍ വന്‍ പ്രതിഷേധത്തിനൊരുങ്ങി ജനങ്ങള്‍. മയക്കുവെടി വച്ചുപിടികൂടുന്നതിനു പകരം, വെടിവച്ചുകൊല്ലാനുള്ള ഉത്തരവ് ഇറക്കുന്നതുവരെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും സര്‍വകക്ഷി നേതാക്കളും ഉപവാസം തുടങ്ങി. വെടിവച്ചു കൊല്ലാനുള്ള ഉത്തരവ് ഇനിയും വൈകിയാല്‍ ബത്തേരിയില്‍ ദേശീയപാത ഉപരോധിക്കാനും നീക്കമുണ്ട്.

ഇന്നലെ കാപ്പിത്തോട്ടത്തിനോടു ചേർന്നുള്ള റോഡിൽ ജീപ്പ് നിർത്തിയിട്ടാണ് ക്ഷീരകർഷകനായ പ്രജീഷ് പതിവുപോലെ  പുല്ലു ചെത്താനിറങ്ങിയത്. കടുവയുടെ ശല്യമുള്ള പ്രദേശമാണെങ്കിലും ഇതുവരെ ആളുകളെ ആക്രമിക്കാത്തതിനാൽ അത്തരം ഭയം ആർക്കും ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് പ്രജീഷ്‌ പോയത്. അങ്ങനെ കാപ്പിത്തോട്ടവും കഴിഞ്ഞുള്ള പറമ്പിൽനിന്ന് പുല്ലരിയുമ്പോഴാണ് കടുവ പിടികൂടുന്നത്. അവിടെനിന്ന് ആക്രമിച്ച് കൊന്നശേഷം ചെറിയ തോടും കടന്ന് മൃതദേഹം വലിച്ച് കടുവ ദൂരേക്കു കൊണ്ടുപോയി. പാലളക്കാനുള്ള സമയമായിട്ടും ഇതുവരെ മകൻ എത്തിയില്ലെന്ന് അമ്മ പറഞ്ഞതനുസരിച്ച് ചെന്നുനോക്കിയപ്പോഴാണ് മനസ്സിനെ നടുക്കിയ കാഴ്ച കണ്ടതെന്ന് നാട്ടുകാരൻ ആന്റണി പറഞ്ഞു.

‘പ്രജീഷിനെ ഫോണിൽ പലതവണ വിളിച്ചിട്ടും കിട്ടിയില്ല. ഞങ്ങൾ എത്തിയപ്പോൾ അരിഞ്ഞുകൂട്ടിയിട്ട പുല്ലിനുമുകളിൽ ഫോൺ കിടക്കുന്നുണ്ടായിരുന്നു.
ചോരപ്പാടുകണ്ട് മുന്നോട്ടുപോയി നോക്കിയപ്പോഴാണ് കടുവയെ കണ്ടത്. നല്ല ഉയരമുള്ള കടുവയായിരുന്നു. ബഹളം വെച്ചപ്പോൾതന്നെ മൃതദേഹം ഉപേക്ഷിച്ച് ഓടിപ്പോയി…’
ആന്റണി പറഞ്ഞു.

Back to top button
error: